വരള്‍ച്ച; കഴിഞ്ഞ 18 മാസങ്ങളില്‍ ജീവന്‍ നഷ്ടമായത് 36 ആനകള്‍ക്ക്

പ്രതീകാത്മകചിത്രം

കോയമ്പത്തൂര്‍: കഴിഞ്ഞ 18 മാസങ്ങളിലായി കോയമ്പത്തൂര്‍, നീലഗിരി വനം ഡിവിഷനുകളില്‍ വരള്‍ച്ച കാരണം ചെരിഞ്ഞത്  36 ആനകള്‍. വരള്‍ച്ച മാത്രമല്ല, പട്ടിണിയും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങളും ആനകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, പ്രത്യേകിച്ച് മുതുമലൈ ടൈഗര്‍ റിസര്‍വ്വില്‍. മരണസംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യത എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മണ്‍സൂണ്‍ വ്യതിയാനവും ജലക്ഷാമവും കര്‍ഷകരെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. വന്യജീവികളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന രീതിയിലാണ് വരള്‍ച്ചയുടെ പോക്ക്. നീലഗിരി റേഞ്ചുകളിലെ ആനകള്‍ ഭക്ഷണവും വെള്ളവും തേടി കര്‍ണാടകയിലെ ബന്ദിപ്പൂരിലേക്കും കേരളത്തിലെ മുത്തങ്ങയിലേക്കും പലായനം ചെയ്യാറുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2016 മാര്‍ച്ച് മുതല്‍ 2017 മാര്‍ച്ച് വരെ മുതുമലൈ ടൈഗര്‍ റിസര്‍വിലും ഗൂഡല്ലൂര്‍, പണ്ടലൂര്‍, ചേരംപടി എന്നിവിടങ്ങളിലുമായി 26 ആനകളാണ് മരിച്ചത്. മറ്റ് എട്ട് ആനകള്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി പട്ടിണിയും നിര്‍ജലീകരണവും കാരണം മരിക്കുകയായിരുന്നു. മോയാറില്‍ 12 വയസ്സുള്ള ഒരു ആനയെയും അതിന്റെ കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെയായിരുന്നു. വരള്‍ച്ച മൂലമുള്ള മരണങ്ങളില്‍ അവസാനത്തേതാണ് ഇത്.

കാട്ടുതീയും ആനകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. ഒരു കാട്ടില്‍ നിന്ന് വെള്ളവും ഭക്ഷണവും തേടി മറ്റൊരു കാട്ടിലേക്ക് പോകുന്നതിനിടയിലാണ് പലപ്പോഴും മനുഷ്യരും ആനകളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. കൃഷിയിടങ്ങളിലേക്കും പച്ചപ്പുതേടി നഗരപ്രദേശങ്ങളിലേക്കും ആനകള്‍ യാത്ര ചെയ്യുന്നതും പതിവായിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top