ഫ്രാന്‍സ് പ്രസിഡണ്ടായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റു; രാജ്യത്ത് കനത്ത സുരക്ഷ

ഇമ്മാനുവല്‍ മാക്രോണ്‍, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഫ്രാന്‍സ്വെ ഒളാന്ദിനൊപ്പം

പാരീസ് : ഫ്രാന്‍സിന്റെ പുതിയ പ്രസിഡണ്ടായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റു. പ്രസിഡണ്ടിന്റെ കൊട്ടരാമായ എല്ലീസെ പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.  അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പാരീസിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും ഏര്‍പ്പെടുത്തിയത്.


തീവ്ര വലതുപക്ഷക്കാരിയായ മാരിന്‍ ലീ പെന്നിനെ തോല്‍പ്പിച്ചാണ്, ഫ്രാന്‍സ്വെ ഒളാന്ദെ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡണ്ട് പദവിയിലെത്തിയത്. 39 കാരനായ മാക്രോണ്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടാണ്.


സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഫ്രാന്‍സ്വെ ഒളാന്ദില്‍ നിന്നുമാണ് മാക്രോണ്‍ അധികാരമേറ്റെടുത്തത്. ആണവായുധങ്ങളുടെ കോഡും ഒളാന്ദ് മാക്രോണിന് കൈമാറി. സൈനിക സ്മാരകമായ ആര്‍ക് ഡെ ട്രയംഫിലെത്തി പുതിയ പ്രസിഡണ്ട് പുഷ്പചക്രം അര്‍പ്പിക്കും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റും സംബന്ധിച്ചു.  പുതിയ പ്രധാനമന്ത്രിയെ മാക്രോണ്‍ തിങ്കളാഴ്ച തന്നെ  പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഐഎസ് അടക്കമുള്ള തീവ്രവാദഭീഷണികളുടെ പശ്ചാത്തലത്തില്‍ പാരീസിലും മറ്റ് പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നൂറുകണക്കിന് സൈനികരെയാണ് പാരീസില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഭീകരാക്രമണത്തെ തുടര്‍ന്ന് 2015 മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പാരീസിന്റെ പ്രധാന റോഡുകളില്‍ ഗതാഗതത്തിന് കനത്ത നിയന്ത്രണമാണ് ഉള്ളത്.

രാജ്യം നേടിടുന്ന വന്‍ തൊഴിലില്ലായ്മ, ഭീകരാക്രമണം അടക്കമുള്ള സുരക്ഷാഭീഷണികള്‍, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക തുടങ്ങിവയാണ്അധികാരമേറ്റെടുക്കുന്ന ഇമ്മാനുവല്‍ മാക്രോണിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.  അഞ്ച് വര്‍ഷത്തിനുളളില്‍ 1000 കോടി യൂറോ പൊതു മൂലധന നിക്ഷേപം, 6000 കോടി യൂറോ മിച്ച ബജറ്റ്, അടിസ്ഥാന സൗകര്യ വികസനം, നിരവധി പരിസ്ഥിതി സൗഹൃദ പദ്ധതികള്‍, തിരഞ്ഞെടുപ്പില്‍ 50% വനിതാ സംവരണം, താക്കോല്‍ സ്ഥാനങ്ങളില്‍ യുവാക്കള്‍ക്ക് മുന്‍ഗണന തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കുക എന്നത് മാക്രോണിന്റെ അടിയന്തര ഉത്തരവാദിത്തങ്ങളില്‍പ്പെടുന്നു.

DONT MISS
Top