കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 449.2 കോടി ലാഭം ലഭിച്ച ഐഡിയയ്ക്ക് ഈ സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ നഷ്ടം 325.6 കോടി

പ്രതീകാത്മക ചിത്രം

ഐഡിയ സെല്ലുലാര്‍ വീണ്ടും നഷ്ടത്തിലേക്ക് കുതിക്കുന്നു. താരിഫ് മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കാത്തതിനേത്തുടര്‍ന്നാണ് ഐഡിയയ്ക്ക് ഇത്തരമൊരു അവസ്ഥ സംജാതമായത്. കഴിഞ്ഞ വര്‍ഷം 449.2 കോടി രൂപ ലാഭം ലഭിച്ച സ്ഥാനത്ത് ഇത്തവണ 325.6 കോടി നഷ്ടത്തിലാണ് കമ്പനി.

ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദ കണക്കിലാണ് കമ്പനി ഇത്തരമൊരു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദ കണക്കെടുപ്പിലും കമ്പനി വന്‍ നഷ്ടത്തിലായിരുന്നു. 383.87 കോടി രൂപയായിരുന്നു അന്ന് നഷ്ടം.

ഐഡിയ ആദ്യമായി നഷ്ടം രേഖപ്പെടുത്തിയതും അതേതവണയായിരുന്നു. കഴിഞ്ഞതിന്റെ മുമ്പിലത്തെ വര്‍ഷം അതേ സമയത്ത് 659.35 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്. ജിയോയുടെ കടന്നുവരവാണ് ടെലക്കോം മേഖലയിലെ മറ്റ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുന്നത്. വോഡഫോണിന്റെയും എയര്‍ടെല്ലും ഏകദേശം ഇതേ അവസ്ഥയില്‍ത്തന്നെയാണ്.

ഫ്രീ ഓഫറുകള്‍ നല്‍കി വിപണി പിടിച്ച ജിയോ താരിഫ് പ്ലാനുകളിലേക്ക് മാറിയിട്ടും ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോകാതെ പിടിച്ചുനിന്നു. ഏകദേശം സമാനമായ ഓഫറുകളുമായി മറ്റ് കമ്പനികള്‍ പിടിച്ചുനിന്നുവെങ്കിലും ഇപ്പോഴും മികച്ച ഓഫര്‍ ജിയോയുടേത് തന്നെ എന്നാണ് പൊതുവായ അഭിപ്രായം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top