കശ്മീരിലെ ഹാംഗുളുകളെ ഇനി രക്ഷിക്കാനാകുമോ?

ഹാംഗുളുകള്‍

കശ്മീരില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ് ഹാംഗുളുകള്‍. യൂറോപ്യന്‍ റെഡ് ഡീര്‍ കുടുംബത്തിലെ അതിജീവിക്കുന്ന ഒരേയൊരു ഏഷ്യാറ്റിക് ഉപജീവി വിഭാഗമാണ് ഹാംഗുള്‍ മാനുകള്‍. ജമ്മു കശ്മീരിന്റെ സംസ്ഥാന മൃഗം കൂടിയാണ് ഹാംഗുള്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കശ്മീരിലെ പര്‍വ്വതങ്ങളില്‍ ധാരാളം ഹാംഗുളുകള്‍ ഉണ്ടായിരുന്നു. ഏകദേശം 3,000 ഹാംഗുളുകള്‍ സമാധാനത്തോടെ കഴിഞ്ഞിരുന്നു. ഇപ്പോള്‍ 141 സ്‌ക്വയര്‍ കിലോമീറ്ററുകളിള്‍ കുടുങ്ങി, ദച്ചിഗാം ജീവിസങ്കേതത്തില്‍ കഴിയുകയാണ് അവശേഷിക്കുന്ന ഹാംഗുളുകള്‍.

പാര്‍ക്കില്‍ ആടുവളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങിയതോടെയാണ് ഹാംഗുളുകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സം നേരിട്ടത്. പാര്‍ക്കിന്റെ നൂറ് ഹെക്ടറുകളിലാണ് ഫാം സ്ഥാപിച്ചത്. ആവാസവ്യവസ്ഥ വിഭജിക്കപ്പെടുകയോ ജൈവികമായ ഇടപെടലുകളോ നടക്കുമ്പോഴുള്ള സ്വാഭാവികനാശമാണ് ഹാംഗുളുകള്‍ക്ക് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. മൃഗശാലകളില്‍ പടര്‍ന്ന് പിടിക്കാറുള്ള ഏതെങ്കിലും മാരകമായ പകര്‍ച്ചവ്യാധി കാരണമായിരിക്കാം ജീവിസങ്കേതത്തിലെ ഹാംഗുളുകള്‍ നാശം നേരിടാന്‍ കാരണം. ആടുകള്‍ക്കും ഹാംഗുളുകള്‍ക്കും ഒരേ മേച്ചില്‍പ്പുറങ്ങളിലായിരിക്കും ഭക്ഷണം തേടുക എന്നതും മറ്റൊരു കാരണമാണ്. 1961ലാണ് ചെമ്മരിയാടുകളെ ദാച്ചിഗാമിലേക്ക് കൊണ്ടുവന്നത്. എന്നിട്ടും, 2005ല്‍ മാത്രമാണ് ഹാംഗുളുകളുടെ നാശത്തിന് കാരണമാകുന്ന ചെമ്മരിയാടുകളെ ദാച്ചിഗാമില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട മന്ത്രിസഭാ തീരുമാനം പോലും ഉണ്ടാകുന്നത്.

1990കളില്‍ സുരക്ഷാ സൈന്യം പുല്‍മേടുകളും മലകളും വേലികെട്ടിത്തിരിച്ചതോടെ ഹാംഗുളുകള്‍ക്ക് സ്വാഭാവിക മേച്ചില്‍പ്പുറങ്ങള്‍ നഷ്ടമായി. മാംസത്തിനും തൊലിക്കും വേണ്ടി ഹാംഗുളുകളെ വേട്ടയാടുന്നത് പതിവായതോടെ അങ്ങനെയും കുറേ ഹാംഗുളുകള്‍ ഇല്ലാതായി. എന്നാല്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈന്യം നടപടികള്‍ തുടങ്ങിയതോടെ കശ്മീരികള്‍ തോക്ക് കൈവശം വെക്കുന്നതില്‍ വിലക്ക് വന്നു. ഖനനവും വ്യാവസായിക വളര്‍ച്ചയും ദാച്ചിഗാമിന്റെ മുഖം മാറ്റി. പാര്‍ക്കിനകത്തും സുരക്ഷാസൈന്യത്തിന്റെ സാന്നിധ്യമുള്ളതിനാല്‍, പുല്‍മേടുകളില്‍ വേനലില്‍ ഭക്ഷണം തേടിപ്പോകുന്നതും ബുദ്ധിമുട്ടാണ്.

ഇത്രയും സമ്മര്‍ദ്ദമനുഭവിച്ച് ഗര്‍ഭം ധരിക്കുന്ന ഹാംഗുളുകള്‍ പലപ്പോഴും ജീവനുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാറില്ല. ഹാംഗുളുകളുടെ ലൈംഗികാനുപാതവും തുല്യമല്ല. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ ചുവന്ന പട്ടികയില്‍പ്പെട്ടിട്ടുണ്ട് ഹാംഗുളുകള്‍. ഹാംഗുളുകളെ സംരക്ഷിക്കാന്‍ 27 കോടി രൂപയുടെ സഹായമാവശ്യപ്പെട്ട് വനംവകുപ്പുമന്ത്രി ചൗധരി ലാല്‍സിംഗ് കേന്ദ്രത്തിന് നിവേദനം നല്‍കി. മാലിക് സജാദിന്റെ ‘മുന്നു എ ബോയ് ഫ്രം കശ്മീര്‍’ എന്ന ഗ്രാഫിക് നോവലില്‍ കശ്മീരികളെ ഹാംഗുളുകളായാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്നു എന്ന പ്രധാന കഥാപാത്രവും ഹാംഗുള്‍ തന്നെ.

DONT MISS
Top