ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലിരുന്ന് മകളെ മുലയൂട്ടി, അന്താരാഷ്ട്ര വാര്‍ത്തയായത് പരിഹാസ്യമെന്ന് എംപി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിന് മുല കൊടുക്കുന്ന ലാരിസ വാട്ടേഴ്‌സ്

ഓസ്‌ട്രേലിയ: പരസ്യമായി മുലയൂട്ടുക എന്നത് പല സ്ത്രീകളും നേരിടുന്ന വെല്ലുവിളിയാണ്. കുഞ്ഞിന് വിശക്കുന്ന സമയത്ത് തന്നെ പാല്‍ കിട്ടുക എന്നത് മൗലികാവകാശമായിരിക്കെ, കുഞ്ഞുവളരും വരെ പുറം ലോകവുമായി ബന്ധമുപേക്ഷിച്ച് ജീവിക്കുന്ന സ്ത്രീകളും ലോകത്തിലുണ്ട്. സ്ത്രീകള്‍ ഒളിച്ചും പേടിച്ചുമൊക്കെ മുലയൂട്ടുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ഒരു സ്ത്രീ പാര്‍ലമെന്റിലിരുന്ന് മുലയൂട്ടുകയാണ്. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എംപി പാര്‍ലമെന്റിനകത്തിരുന്ന് മുലയൂട്ടുന്നത്. തന്റെ രണ്ടുമാസം പ്രായമുള്ള മകള്‍ ആലിയ ജോയ്ക്ക് ലാരിസ വാട്ടേഴ്‌സ് മുലയൂട്ടിയത് അന്താരാഷ്ട്ര വാര്‍ത്തയുമായി.

ഇടതുപക്ഷ പാര്‍ട്ടിയായ ഗ്രീന്‍സ് പാര്‍ട്ടിക്കാരിയാണ് ലാരിസ. കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റംഗങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മുലയൂട്ടാം എന്ന നിയമം വരുന്നത്. എന്നാല്‍, ഇതുവരെയും ഒരു എംപിയും പാര്‍ലമെന്റില്‍ വെച്ച് മുലയൂട്ടിയിട്ടില്ല, അതിനാല്‍ പാര്‍ലമെന്റിലെ ആദ്യത്തെ മുലയൂട്ടല്‍ ചരിത്രമാകുകയും ചെയ്തു.

“സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നു എന്നത് അന്താരാഷ്ട്ര വാര്‍ത്തയാകുന്നു എന്നതു തന്നെ എന്ത് പരിഹാസ്യമാണ്! കാലങ്ങളായി സ്ത്രീകള്‍ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. എന്റെ കുഞ്ഞിനെ മുലയൂട്ടുക എന്നത് മാത്രമായിരുന്നില്ല  ലക്ഷ്യം. ഇവിടത്തെ സ്ത്രീകളോട് അവര്‍ക്ക് പാര്‍ലമെന്റിലും സ്ഥാനമുണ്ട് എന്ന സന്ദേശം കൊടുക്കാന്‍ കൂടിയാണ്” ലാരിസ പറഞ്ഞു.

പാര്‍ലമെന്റ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വയ്യ എന്ന് ചൂണ്ടിക്കാണിച്ച് മുലയൂട്ടല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2015ല്‍ കെല്ലി ഓഡ്വെര്‍ എന്ന മന്ത്രി മുന്നോട്ടുവന്നിരുന്നു. മുമ്പ് കുടുംബസൗഹൃദ ജോലിസ്ഥലങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്ന് ഒരു ഫെയ്‌സ്ബുക്ക് പോസ്‌റ്റിലൂടെ ലാരിസ ആവശ്യപ്പെട്ടിരുന്നു.

ലോകമെങ്ങുമുള്ള പാര്‍ലമെന്റുകളില്‍ സ്ത്രീകള്‍ മുലയൂട്ടാറുണ്ടെന്ന് ലേബര്‍ സെനറ്റര്‍ കേറ്റി ഗാലഗര്‍ പറഞ്ഞു. സംഭവം അംഗീകാരമര്‍ഹിക്കുന്നതാണെന്നും ഗാലഗര്‍ പറഞ്ഞു. “സ്ത്രീകള്‍ക്ക് കുട്ടികളുണ്ടായിക്കൊണ്ടിരിക്കും. അവര്‍ക്ക് ജോലി ചെയ്യുകയും കുട്ടികളെ നോക്കുകയും ഒരുമിച്ച് ചെയ്യണമെങ്കില്‍, അതിനെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം എന്നതാണ് യാഥാര്‍ത്ഥ്യം.” ഗാലഗര്‍ അഭിപ്രായപ്പെട്ടു.

സെനറ്റില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാനുള്ള സൗകര്യം 2003ലാണ് നിലവില്‍ വന്നത്. ഇപ്പോഴും പല പാര്‍ലമെന്റുകളിലും പരസ്യമായി പാല്‍ കൊടുക്കുക എന്നത് വിവാദ വിഷയം തന്നെയാണ്, തന്നെയുമല്ല ലോകത്ത് മുലയൂട്ടലിനെപ്പറ്റി ചിന്തിക്കാന്‍ പോലും ഇടമില്ലാത്ത രാജ്യങ്ങളും ഉണ്ട്. സ്‌പെയിനില്‍ പൊതുതെരഞ്ഞെടുപ്പ് കാലത്ത് പാര്‍ലമെന്റില്‍ കുഞ്ഞിനെ കൊണ്ടുവന്ന, സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്ന കരോലിന ബെസാന്‍സ വലിയ പ്രതിസന്ധിയില്‍ പെട്ടുപോയിരുന്നു. ശ്രദ്ധ നേടാനുളള ശ്രമമാണ് കരോലിന നടത്തിയത് എന്നു വരെ വിമര്‍ശകര്‍ പറഞ്ഞു.

സ്പാനിഷ് പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടിയ കരോലിന ബെസാന്‍സ

DONT MISS
Top