ജസ്റ്റിന്‍ ബീബറിന്റെ പോപ്പ് മാസ്മരികത മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; പോപ്പ് രാജകുമാരന്റെ മാജിക്കിന് കാതോര്‍ത്ത് മുംബൈ

പോപ്പ് സംഗീതത്തിന്റെ രാജകുമാരന്‍ ജസ്റ്റിന്‍ ബീബറിന്റെ സംഗീതത്തിന് കാതോര്‍ത്ത് മുംബൈ നഗരം. ജസ്റ്റിന്റെ പ്രകടനം നടക്കുന്ന സ്റ്റേഡിയം ആരാധകര്‍ക്കു വേണ്ടി തുറന്നു കൊടുത്തു. അമ്പതിനായിരത്തോളം ആരാധകര്‍ ബീബറിന്റെ മ്യൂസിക് മാജിക്കിനു സാക്ഷ്യം വഹിക്കാന്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രി 8 മണിക്കാണ് ഷോ.

ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണ് ജസ്റ്റിന്‍ ബീബര്‍ മുംബൈയിലെ കലിന വിമാനത്താവളത്തിലെത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ പോപ് സംഗീത ചക്രവര്‍ത്തിയെ സ്വീകരിക്കാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് സംഘമായ ഷേരയാണ് എത്തിയത്.വേള്‍ഡ് ടൂറിന്റെ ഭാഗമായി ദുബൈയിലെ സംഗീത പരിപാടിയ്ക്ക് ശേഷമാണ് ബീബര്‍ മുംബൈയിലെത്തിയത്. അഞ്ചു ദിവസം ബീബര്‍ ഇന്ത്യയിലുണ്ടാവും.

ഇന്നലെ താരമെത്തുമെന്ന് കരുതി കാത്തിരുന്ന ആസ്വാദകരെ നിരാശരാക്കിയാണ് താരം ഇന്ന് പുലര്‍ച്ചയോടെ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരെ ബീബറും സംഘവും സംഘാടകരൊരുക്കിയ ആഡംബരഹോട്ടലിലേക്കാണ് പോയത്. പരിപാടിയുടെ സുരക്ഷയുടെ ഭാഗമായി ആയിരത്തഞ്ഞൂറോളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുള്ളത്. അഞ്ചുദിവസത്തെ ഇന്ത്യാപര്യടനത്തില്‍ ഡല്‍ഹി,ജയ്പൂര്‍ ,ആഗ്ര തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിക്കും.

ദുബായില്‍ നിന്ന് അഞ്ചു ദിവസത്തെ പര്യടനത്തിനായി മുംബൈയിലെത്തിയ ബീബര്‍ക്കും സംഘത്തിനുമായി രണ്ട് ആഡംബര ഹോട്ടലുകള്‍ പൂര്‍ണമായി ബുക്ക് ചെയ്തിരിക്കുകയാണ്.ഇതുള്‍പ്പടെ കേട്ടാൽ ഞെട്ടുന്ന ആവശ്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നിരത്തിയാണ് ബീബര്‍ ഇന്ത്യയിലെത്തിയത്. മുംബൈ തയ്യാറല്ലെ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ദുബൈ വിമാനത്താവളത്തില്‍ നിന്നും താരം യാത്ര ആരംഭിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top