‘നൊബേല്‍ പുരസ്‌കാരം തരാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞു’; മലാല  ഒന്നും ചെയ്യാതെ പുരസ്‌കാരം നേടിയയാളെന്നും രവിശങ്കര്‍

രവിശങ്കറും മലാലയും

മുംബൈ: യമുനാ തീരത്ത് സാസ്‌കാരികോത്സവം സംഘടിപ്പിച്ച് പിടിച്ച പുലിവാലൊന്നും പോരെന്നാണ് ആത്മീയ ഗുരു ശ്രീശ്രീ രവിശങ്കര്‍ പറയുന്നത്. ഇക്കുറി നൊബേല്‍ സമ്മാനത്തിലാണ് രവിശങ്കര്‍ പിടിച്ചിരിക്കുന്നത്. തനിക്ക് നോബല്‍ സമ്മാനം തരാമെന്ന് പറഞ്ഞപ്പോള്‍ താന്‍ വേണ്ടെന്ന് പറഞ്ഞെന്ന് പറഞ്ഞ രവിശങ്കര്‍, മലാല യൂസഫ്‌സായി നൊബേലിന് അര്‍ഹയല്ലെന്നും പറഞ്ഞുവെച്ചു. രവിശങ്കറിന്റെ വാക്കുകള്‍ നവമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

നൊബേല്‍ തെരഞ്ഞെടുപ്പ് സമിതിയുടെയും മലാല യൂസഫ്‌സായിയുടെയും വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് രവിശങ്കര്‍ ഉയര്‍ത്തുന്നത്. താന്‍ ആ പുരസ്‌കാരം വേണ്ടെന്ന് വെച്ചയാളാണെന്നും ശ്രീശ്രീ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂറിലാണ് രവിശങ്കറിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് മലാലയ്‌ക്കെതിരെയുള്ള പരാമര്‍ശവുമായി ഇദ്ദേഹം രംഗത്തെത്തിയത്. താനൊരിക്കല്‍ വേണ്ടെന്ന് വെച്ച അവാര്‍ഡാണത്. നിലവില്‍ നോബേല്‍ സമ്മാനത്തിന് ഒരു വിലയുമില്ല. ഒന്നും ചെയ്യാത്ത ഒരു 16കാരിക്ക് വരെ ആ പുരസ്‌കാരം സമ്മാനിക്കുമ്പോള്‍, അതിനെന്ത് വിലയാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. അതൊരു രാഷ്ട്രീയസമ്മാനമായി മാറിയെന്നും അദ്ദേഹം എഎന്‍ഐയോട് പറയുന്നു.

മലാലയ്ക്ക് നോബേല്‍ നല്‍കിയത് തെറ്റാണല്ലേ എന്ന് ചോദിച്ചപ്പോള്‍, ഉറപ്പായും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാമൂഹ്യസേവനമല്ല, രാഷ്ട്രീയ സ്വാധീനമാണ് ഇത്തരത്തിലുള്ള എല്ലാ അവാര്‍ഡുകള്‍ക്കും പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള ആവശ്യവുമായി തന്നെയും ചിലര്‍ അവാര്‍ഡുമായി സമീപിച്ചിരുന്നെന്നും ശ്രീശ്രീ വെളിപ്പെടുത്തി. എന്നാല്‍ ഇത്തരത്തിലുള്ള രാഷ്ട്രീയപ്രക്രീയയില്‍ ഇടപെടാന്‍ താല്‍പര്യമില്ലാത്തതിനാല്‍, താന്‍ അവാര്‍ഡ് വേണ്ടെന്ന് വെക്കുകയായിരുന്നു.

ആഗോള സാംസ്‌കാരികോത്സവം സംഘടിപ്പിച്ച് യമുനാ തീരം മലിനമാക്കിയെന്ന വിഷയത്തില്‍ സമാനമായ പുലിവാല് പിടിച്ചയാളാണ് രവിശങ്കര്‍. അഞ്ച് കോടി രൂപയാണ് അന്ന് ഹരിത ട്രിബ്യൂണല്‍ അദ്ദേഹത്തിന് പിഴയിട്ടത്. ഈ പണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസവും രവിശങ്കറിന്റെ പേരില്‍ വിവാദവും മാര്‍ത്തകളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദമെത്തിയിരിക്കുന്നത്.


2014ലാണ് പാകിസ്താന്റെ മലാല യൂസഫ്‌സായി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 17ആം വയസില്‍ ഏറ്റവും പ്രായംകുറഞ്ഞ പുരസ്‌കാരജേതാവായി ആയിരുന്നു ഈ നേട്ടം. ലോകമാകെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായി പോരടിക്കുന്ന പെണ്‍കുട്ടിയായിരുന്നു മലാല. 2012ല്‍ പാകിസ്താനില്‍ താലിബാന്‍ മലാലയുടെ തലയ്ക്ക് വെടിവെച്ചിരുന്നു. അതീവ ഗുരുതരമായ സ്ഥിതിയില്‍, ഇംഗ്ലണ്ടിലാണ് മലാലയുടെ ചികിത്സ പൂര്‍ത്തിയായത്. ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിയും ആ വര്‍ഷം സമാധാനത്തിനുള്ള നോബേല്‍ സ്വന്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയുടെയും ലോകസമാധാനത്തിന്‍റെയും ഐക്യരാഷ്ട്രസഭാ അംബാസിഡറാണിപ്പോള്‍ മലാല.

എന്തായാലും നോബേല്‍ പുരസ്‌കാരം പോലും ത്യജിച്ച ഒരു മഹാനെയാണ് സ്വയം ശ്രീ ശ്രീ രവിശങ്കര്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള പരിഗണന ഇന്ത്യന്‍ മാധ്യമങ്ങള്‍ പോലും ഇപ്പോളാണ് കാര്യമായി അറിഞ്ഞതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top