നീറ്റ് പരീക്ഷയ്‌ക്കെത്തിയവരെ അടിവസ്ത്രമഴിപ്പിച്ച് ദേഹ പരിശോധന: സ്‌കൂള്‍ അധികൃതരെ പ്രതികളാക്കി പൊലീസ് കേസെടുത്തു

കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയവരെ അടിവസ്ത്രം വരെ അഴിച്ചുമാറ്റിച്ച് നടത്തിയ ദേഹ പരിശോധനയില്‍ സ്‌കൂള്‍ അധികൃതരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിനിക്ക് അഭിമാനക്ഷതമേല്‍പ്പിച്ചു എന്ന കുറ്റം പ്രതികളുടെമേല്‍ ചുമത്തിയാണ് കേസ്. പരിയാരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന് സിബിഎസ്ഇ ആവശ്യപ്പെട്ടതോടെ അടിവസ്ത്രമഴിപ്പിക്കലിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിന്റെ മേലായി.

വനിതാ അധ്യാപകരുടെ അമിതാവേശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ ടിസ്‌ക് സ്‌കൂളിലെ നാല് അധ്യാപികമാരാണ് വിദ്യാര്‍ത്ഥിനികളെ ദേഹപരിശോധന നടത്തിയത്. ഇവരെ സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഷീജ, ഷാഹിന, ഷഫീന, ബിന്ദു എന്നിവരെയാണ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സംഭവം അപരിഷ്‌കൃതവും ക്രൂരവുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസ് എടുത്തിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ് പറഞ്ഞിരുന്നു. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഎസ്ഇ റീജിയല്‍ ഡയറക്ടറോടും ജില്ലാ പോലീസ് മേധാവിയോടും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ മാസം ഏഴിനാണ് നീറ്റ് പരീക്ഷ നടന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അധികൃതരില്‍ നിന്ന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ചാണ് പരിശോധന നടത്തിയത്. പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ച ശേഷം അവ വെളിയില്‍ നിന്ന മാതാപിതാക്കളെ ഏല്‍പ്പിച്ചു. ഇതുകൂടാതെ ശരീരം മറച്ച് വസ്ത്രം ധരിച്ചെത്തിയവര്‍ക്കും നിരവധി മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ച് മാറ്റിയ ശേഷമാണ് വിദ്യാര്‍ത്ഥിനികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്.

DONT MISS
Top