‘പിഞ്ചുകുഞ്ഞുങ്ങളെ ഉള്‍പ്പെടെ അയാള്‍ വില്‍പ്പന ചരക്കാക്കി; ഞാന്‍ കൊല്ലപ്പെട്ടാല്‍ എനിക്കൊപ്പം അയാളുടെ രഹസ്യങ്ങളും ഇല്ലാതാകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകും’; പിതാവില്‍ നിന്നുമേറ്റ ആസിഡ് ആക്രമണത്തെക്കുറിച്ച് കുശ്ബൂ ദേവി പറയുന്നു

ലഖ്‌നൗ: ഏതൈാരു പെണ്‍കുട്ടിയ്ക്കും പിതാവെന്നാല്‍ രക്ഷകനായിരിക്കും. എന്നാല്‍ ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളും വിരല്‍ചൂണ്ടുന്നത് പെണ്‍കുട്ടികള്‍ പിതാവിന്റെ കൈകളില്‍ സുരക്ഷിതരല്ല എന്നുതന്നെയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പിതാവില്‍ നിന്നും ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. ജന്മം നല്‍കിയ അച്ഛനില്‍ നിന്നും ഉണ്ടായ ക്രൂരമായ പീഡന കഥ വിവരിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഖുശ്ബു ദേവി.

ഒരു മകളും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കഥകലായിരുന്നു പിതാവ് മാനിക് ചന്ദ്രയെക്കുറിച്ച് ഖുശ്ബു ദേവി കേട്ടിരുന്നത്. പിഞ്ചു പെണ്‍കുട്ടികളെ ഉള്‍പ്പെടെ പിതാവ് വില്‍പ്പന ചരക്കാക്കിയിരുന്നതായി ഖുശ്ബു പറയുന്നു. മാതാപിതാക്കളില്‍ നിന്നും വന്‍ തുക നല്‍കിയായിരുന്നു പെണ്‍കുട്ടികളെ അയാള്‍ വാങ്ങിയിരുന്നത്. കുറേ വര്‍ഷങ്ങളായി ഇതു തന്നെയായിരുന്നു അയാളുടെ പണി. തുറന്നുപറച്ചിലുകളെല്ലാം താന്‍ കേട്ടിരുന്നിട്ടുണ്ട്. ഇവയൊക്കെ ആരോടെങ്കിലും പറയാനോ എന്തെങ്കിലും ചെയ്യാനോ തനിക്കാകുമായിരുന്നില്ല. അയാളുടെ രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന് തോന്നിയതുകൊണ്ടാകാം തന്നെ കൊല്ലാന്‍ ശ്രമിച്ചത്. താന്‍ കൊല്ലപ്പെട്ടാല്‍ രഹസ്യങ്ങള്‍ സുരക്ഷിതമാകും. അയാള്‍ വളരെ ദുഷ്ടനാണെന്നും ഖുശ്ബു പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഖുശ്ബുവിന് നേരെ ആസിഡ് ആക്രമണം നടക്കുന്നത്. കതകില്‍ ശക്തമായി അടിക്കുന്നതിന്റെ ശബ്ദം കേട്ടായിരുന്നു ഖുശ്ബു എഴുന്നേറ്റത്. വാതില്‍ തുറന്ന ഉടന്‍ ഖുശ്ബുവിന്റെ നേരെ മാനിക് ആസിഡ് ഒഴിച്ചു. ഈ സമയം വാതിലിന് സമീപമായി ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് വിനോദ് കുമാറി(26)ന്റേയും മകള്‍ തൃഷയുടേയും ദേഹത്ത് ആസിഡ് വീണു. മൂവരും ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തി. ഖുശ്ബുവിന്റെ മുഖത്തും വലതു കൈക്കും സാരമായി പൊള്ളലേറ്റു. വിനോദ് കുമാറിന്റെ മുഖത്താണ് ആസിഡ് വീണത്.

പെണ്‍കുട്ടികള്‍ക്ക് നേരയുള്ള പിതാവിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഖുശ്ബു സാസ്‌നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ മാനിക് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഖുശ്ബുവിനെ സമീപിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ അവള്‍ ഉറച്ചുനിന്നു. ഇതിന് പിന്നാലെയായിരുന്നു ആസിഡ് ആക്രമണം നടന്നത്.

പത്ത് വര്‍ഷമായി അച്ഛനില്‍ നിന്നും അമ്മ പിരിഞ്ഞു കഴിയുകയാണ്.  അയാളില്‍ നിന്നും അമ്മ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങി. താന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛന്‍ അമ്മയെ ക്രൂരമായി ഉപദ്രവിച്ചു. ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. മാനസികമായും ശാരീരികമായും അമ്മ കുറേ അനുഭവിച്ചു. ദിവസവും അമ്മയുടെ കാതിന് സമീപം കൊണ്ടുപോയി അയാള്‍ ചെണ്ട കൊട്ടുമായിരുന്നു. അതിന്റെ ശബ്ദം കേട്ട് അമ്മയ്ക്ക് കേള്‍വി ശേഷി നഷ്ടമായി. പീഡനങ്ങളുടെ പ്രതിരൂപമായ അച്ഛനെ അമ്മ അത്രത്തോളം സഹിച്ചു എന്നു പറയുമ്പോള്‍ തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.

അമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെ മാനിക് മറ്റ് മൂന്ന് പെണ്‍കുട്ടികളേയും വിവാഹം കഴിച്ചിരുന്നതായും യുവതി പറയുന്നു. ഇവരെ ഉപയോഗിച്ച ശേഷം വന്‍ തുകയ്ക്ക് ആവശ്യക്കാര്‍ക്ക് മറച്ചു വില്‍ക്കും. ഇത്തരത്തില്‍ ഇരയായവരില്‍ അധികവും അച്ഛന്റെ അകന്ന ബന്ധുക്കളായിരുന്നു. യഥാര്‍ത്ഥ മുഖമറിയാതെയാണ് പലരും മാനികിന്റെ വലയില്‍ അകപ്പെടുന്നതെന്നും ഖുശ്ബു പറഞ്ഞു. അന്നൊക്കെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പിന്നീട് താന്‍ എല്ലാം മനസിലാക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വളരെ ചെറുപ്പത്തില്‍ മാനിക് തന്നെ നിര്‍ബന്ധിച്ച് ഇഷ്ടിക കളത്തില്‍ ജോലിക്കയച്ചിരുന്നു. അവിടെ നിന്നും അച്ഛന്റെ പീഡന കഥകള്‍ ഏറെ കേട്ടു. പെണ്‍കുട്ടികള്‍ മാറി മാറി അയാളുടെ മുറിയിലേക്ക് കടന്നു പോകുന്നത് കണ്ടിട്ടുണ്ട്. അവരില്‍ ഓരാള്‍ ഒരിക്കല്‍ തന്നോട് അവിടെ എന്താണ് നടക്കുന്നതെന്ന് പറഞ്ഞു. പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിനിരയാകുന്നുവെന്നും അതിന് ശേഷം വില്‍ക്കപ്പെടുകയുമായിരുന്നു. അവിടെ ജോലി ചെയ്തിരുന്നവരില്‍ പലരും പിതാവില്‍ നിന്നും രക്ഷപ്പെടാന്‍ തന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ വീട്ടില്‍ നിന്നും താന്‍ ഒളിച്ചോടി. വളരെ വൈകാതെ അയാള്‍ തന്നെ പിടികൂടി. നിരവധി തവണ വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അയാള്‍ ഉടന്‍ ജയിലിലാകുമെന്നാണ് പ്രതീക്ഷ. ഒരു പെണ്‍കുട്ടിയും ഇനി അയാളുടെ കൈയില്‍ അകപ്പെടരുതെന്നും ഖുശ്ബു പറഞ്ഞുവെയ്ക്കുന്നു.

DONT MISS
Top