നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയ്ക്ക് തിരിച്ചടി നല്‍കാന്‍ കേരളത്തില്‍ പുതിയ മാവോയിസ്റ്റ് ദളം പ്രവര്‍ത്തനമാരംഭിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം: നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിന് തിരിച്ചടി നല്‍കാന്‍ കേരളത്തില്‍ പുതിയൊരു മാവോയിസ്റ്റ് ദളം രൂപപ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ സംഗമകേന്ദ്രമായ ട്രൈ ജങ്ഷന്‍ കേന്ദ്രീകരിച്ചാണ് പുതിയ ദളം രൂപീകരിച്ചതെന്നാണ് വിവരം. വരാഹിണി ദളം എന്നാണ് പുതിയ ദളത്തിന് പേരിട്ടിരിക്കുന്നത്. എട്ടുപേരാണ് പുതിയ ദളത്തിലുള്ളതെന്ന് പൊലീസ് പറയുന്നു. വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട് മുതുമല വന്യജീവി സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതം എന്നിവ കേന്ദ്രീകരിച്ചാണ് വരാഹിണി ദളത്തിന്റെ പ്രവര്‍ത്തനം. സിപി മൊയ്തീനാണ് വരാഹിണി ദളത്തിന്റെ നേതൃത്വം.

കേരളത്തില്‍ ഇതുവരെ മൂന്ന് ദളങ്ങളായിരുന്നു, വരാഹിണി ദളത്തോടെ അത് നാലായി. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കബനി ദളം, നിലമ്പൂര്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ദളം, അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂര്‍ മേഖലകളിലെ ഭവാനി ദളം എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള ദളങ്ങള്‍.

മൂന്നു സംസ്ഥാനങ്ങള്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിനാല്‍ വേഗത്തില്‍ പൊലീസ് നടപടികളോ തെരച്ചിലോ നടത്താനുള്ള സാധ്യത കുറവാണ് എന്നതിനാല്‍ വരാഹിണി ദളം സിപിഐ മാവോയിസ്റ്റിന്റെ ഒരു സ്വപ്‌ന പദ്ധതി ആയിരുന്നുവെന്നും പൊലീസ് പറയുന്നു. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് തിരിച്ചടി നല്‍കാനാണ് പുതിയ ദളം രൂപീകരിച്ചതെന്നും പൊലീസ് സംശയിക്കുന്നു. നിലമ്പൂര്‍ കൊലപാതകത്തിനുശേഷം വയനാട്ടിലെ ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകളെത്തിയിരുന്നു എന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഒരു കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയ കാര്യം മാത്രമേ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ.

DONT MISS
Top