കണ്ണൂരില്‍ നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി

കണ്ണൂര്‍: മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റിനെത്തിയ വിദ്യാര്‍ത്ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി. കണ്ണൂരിലാണ് സംഭവം. പരിശോധനാസമയത്ത് അടിവസ്ത്രം മാറ്റിച്ച കാര്യം പെണ്‍കുട്ടി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. “മകള്‍ അകത്തുകടന്നയുടന്‍ തിരിച്ചുവരുന്നതുകണ്ടു. കയ്യില്‍ അടിവസ്ത്രമുണ്ട്. അടിവസ്ത്രമെന്നാല്‍ ഞാന്‍ വ്യക്തമായി പറയാം, ബ്രാ തന്നെ. ഇതുവെച്ച് പരീക്ഷയെഴുതുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?” പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നു. ഇക്കാര്യത്തില്‍ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍. പലപെണ്‍കുട്ടികള്‍ക്കും അടിവസ്ത്രമുപേക്ഷിച്ച് പരീക്ഷയ്ക്കിരിക്കേണ്ടി വന്നു.

മറ്റുപല പരീക്ഷാകേന്ദ്രങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രസ് കോഡ് വേണോ എന്ന അപേക്ഷാഫോമിലെ ചോദ്യത്തിന് വേണ്ട എന്നാണ് ഉത്തരം നല്‍കിയിരുന്നത് എന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയപ്പോഴാണ് അങ്ങനെയല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മനസ്സിലാക്കുന്നത്.

ഉടുപ്പിന്റെ കൈ മുറിച്ചുമാറ്റിയ നിലയില്‍

പരീക്ഷാഹാളിനു പുറത്തുവെച്ച് ഉടുപ്പുമുഴുവന്‍ മാറ്റിച്ചു, പരിശോധനക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി വിശദമാക്കി. ഹാഫ് സ്ലീവ് വസ്ത്രം ധരിച്ചേ പരീക്ഷക്കെത്താവൂ എന്ന സിബിഎസ്ഇയുടെ നിര്‍ദേശം കണക്കിലെടുക്കാതെ ഫുള്‍ സ്ലീവ് ഉടുപ്പുകള്‍ ധരിച്ചെത്തിയവരുടെ വസ്ത്രക്കൈകള്‍ കത്രിക കൊണ്ട് മുറിച്ചുകളഞ്ഞ ശേഷമാണ് അകത്തുകയറ്റിയത്. ഇതിനെതിരെ ചില കേന്ദ്രങ്ങളില്‍ പ്രതിഷേധമുണ്ടായി.

ഹിജാബോ തൊപ്പിയോ മറ്റ് ശിരോവസ്ത്രമോ ആഭരണങ്ങളോ, ഷൂസോ പരീക്ഷാഹാളില്‍ അനുവദിക്കില്ല. കണ്ണൂര്‍ ബര്‍ണ്ണശേരി ആര്‍മി പബ്ലിക് സ്‌കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് പ്രത്യേകപരിഗണന നല്‍കിയെന്ന് പരാതിപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയുണ്ടായി. ഹിജാബും മുഴുക്കയ്യന്‍ കുപ്പായവും ഇട്ടെത്തിയ പെണ്‍കുട്ടിയെ അതേപടി അകത്തുകയറ്റി എന്നാണ് ഇവര്‍ പരാതിപ്പെട്ടത്. ഹിജാബികള്‍ക്ക് ഹിജാബ് ധരിച്ചുകൊണ്ടുതന്നെ ഹാളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ മതസംഘടനകള്‍ നേരത്തെ തന്നെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. വെെകിയെത്തിയ പെണ്‍കുട്ടിയെ ഹാളില്‍ പ്രവേശിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചും രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top