ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒപ്പോയെ ഒഴിവാക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്‌

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ നിന്നും ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയെ നീക്കണമെന്ന് ആര്‍എസ്എസിന്റെ പോക്ഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. വരും ദിവസങ്ങളില്‍ രാജ്യത്ത് ചൈനീസ് ഉല്‍പന്നങ്ങളുടെ  ബഹിഷ്‌കരണം എന്ന ആശയം  പ്രചരിപ്പിക്കുന്നതിനായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് വ്യക്തമാക്കി.

ഏപ്രില്‍ ഒന്നിനാണ് 1079 കോടി വിലവരുന്ന കരാറില്‍ ഒപ്പ് വച്ച് ഒപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഞ്ച് വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരുന്നത്. ബിസിസിഐക്ക് ഒപ്പോയുമായുള്ള കരാറിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വനി മഹാജന്‍ കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് കത്ത് അയച്ചു.

രാജ്യത്തിന്റെ അഭിമാനത്തിന്റെയും, പൗരന്മാരുടെയും, വ്യവസായങ്ങളുടെയും ക്ഷേമത്തിനേക്കാള്‍ വലുതല്ല പണമെന്നും,ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ ജേഴ്‌സിയില്‍ ഇന്ത്യന്‍ മൊബൈല്‍ വിപണി തൂത്ത് വാരുന്ന ഒപ്പോ എന്ന ചൈനീസ് കമ്പനിയുടെ പേര് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു എന്നും കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരമേറിയ കായികയിനമാണ് ക്രിക്കറ്റ്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ ടീമംഗങ്ങള്‍ ചൈനീസ് കമ്പനിയുടെ പേരുള്ള ജേഴ്‌സി ധരിക്കുന്നത് യുവാക്കള്‍ക്കിടയില്‍ ചൈനീസ് ഉല്‍പന്നങ്ങളോടുള്ള താല്‍പര്യം ഉണര്‍ത്തുമെന്നും, സ്വദേശി ജാഗരണ്‍ മഞ്ചിനെ അപമാനിക്കുന്നതിന് തുല്യമായ നടപടിയാണ് കായിക മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത് എന്നും പരാതിപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.

ചൈനീസ് വ്യവസായങ്ങള്‍ ഇന്ത്യന്‍ വിപണി അടക്കി വാഴുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ വിപണിയെ തകര്‍ക്കാന്‍ മാത്രമല്ല രാജ്യത്തെ തൊഴില്‍ സാധ്യതകളെ നശിപ്പിക്കാനും കാരണമാകുമെന്നും, ഇത് പകര്‍ച്ചവ്യാധി പോലെ പടരുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

DONT MISS
Top