ഭായ്ജാന് ശേഷം സല്‍മാന്‍ ഖാന്റെ കബീര്‍ ഖാന്‍ ചിത്രം “ട്യൂബ്‌ലൈറ്റിന്റെ” ആദ്യ ടീസര്‍ പുറത്ത്‌

ടീസറില്‍ നിന്നുള്ള രംഗങ്ങള്‍

ബജ്‌രംഗി ഭായിജാന് ശേഷം സല്‍മാന്‍ ഖാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ്‌ലൈറ്റിന്റെ ആദ്യ ടീസര്‍ പുറത്ത്. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ പശ്ചാതലത്തില്‍ പറയുന്ന പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സല്‍മാന്റെ തന്നെ ഉടമസ്ഥതയിലുള്ള സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷാറൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ഓം പുരി അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് ട്യൂബ് ലൈറ്റ്. ചിത്രത്തില്‍ സല്‍മാന്റെ സഹോദരനായ സൊഹൈല്‍ ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചൈനീസ് താരം സു സു ആണ്  സല്‍മാന്‍ ഖാന്റെ നായികയായി എത്തുന്നത്. ട്യൂബ്‌ലൈറ്റ് എന്ന കന്നഡ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ചിത്രം.

കബീര്‍ ഖാനൊപ്പം, പര്‍വ്വീസ് ഷെയ്ക്ക്, സന്ദീപ് ശ്രീവാസ്തവ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കബീര്‍ ഖാന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ പ്രീതം തന്നെയാണ് ട്യൂബ്‌ലൈറ്റിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ലഡാക്ക്, ഷിംല എന്നീ പ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

സല്‍മാന്‍-കബീര്‍ ഖാന്‍ കൂട്ടുകെട്ടില്‍ പിറന്ന ബജരംഗി ഭായ്ജാന്‍ ഏറെ പ്രേക്ഷക, നിരൂപക പ്രശംസയും നേടുകയും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കൈവരിക്കുകയും ചെയ്തിരുന്നു. ആകസ്മികമായി ഇന്ത്യയില്‍ എത്തിപ്പെടുന്ന പാകിസ്താനി പെണ്‍കുട്ടിയുടെയും, അവളെ തിരികെ വീട്ടില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന പവന്‍ കുമാര്‍ ഛതുര്‍വേദിയുടെ ഹൃദയസ്പര്‍ശിയായ കഥയായിരുന്നു ബജരംഗി ഭായ്ജാനില്‍ വരച്ച് കാട്ടിയത്.

ട്യൂബ്‌ലൈറ്റിന്റെ ടീസര്‍

DONT MISS
Top