‘പറഞ്ഞത് ചെയ്തുകാട്ടി വിദ്യാഭ്യാസമന്ത്രിയും സംഘവും’; മാസമൊന്ന് ബാക്കിനില്‍ക്കെ പാഠപുസ്തക അച്ചടി 99%ത്തില്‍, 65% പുസ്തകങ്ങളും സ്‌കൂളുകളിലെത്തി; മെയ് 20ന് മുന്‍പ് മുഴുവന്‍ പുസ്തകങ്ങളുമെത്തും

ഫയല്‍ ചിത്രം

തിരുവനന്തപുരം: ‘പാഠപുസ്തകമില്ലാതെ എങ്ങനെ പഠിക്കും സര്‍ക്കാരേ’, കഴിഞ്ഞ കുറേ വര്‍ഷമായി കേരളത്തിലെ അധ്യയനവര്‍ഷാരംഭത്തില്‍ മുറപോലെ കേള്‍ക്കുന്ന മുദ്രാവാക്യമാണിത്. ക്രിസ്തുമസ് പരീക്ഷയെഴുതുമ്പോള്‍ ആ വര്‍ഷത്തെ പുസ്തകം കിട്ടിയ അനുഭവവും കേരളത്തിലെ കുട്ടികള്‍, പലപ്പോളും അനുഭവിച്ചു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറ്റയുടന്‍ തന്നെ കഴിഞ്ഞ വര്‍ഷവും ഈ വിഷയം ഉയര്‍ന്നുവന്നു. കെബിപിഎസിനെ പഴിചാരിയും മുന്‍സര്‍ക്കാരിനെ പഴിചാരിയുമെല്ലാം അന്ന് സര്‍ക്കാര്‍ തടിതപ്പിയിരുന്നു. അന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതാണ്, അടുത്തവര്‍ഷം ‘എല്ലാം ശരിയാക്കാമെന്ന്’. പറഞ്ഞത് വെറുതേയായില്ല, രവീന്ദ്രനാഥും കൂട്ടരും അത് കേരളത്തെ കാണിച്ച് ബോധ്യപ്പെടുത്തുകയാണ്.

മധ്യവേനലവധിക്കാലം കഴിയാന്‍ മാസമൊന്ന് ബാക്കിനില്‍ക്കെ തന്നെ, സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ 65 ശതമാനവും സ്‌കൂളുകളിലെത്തിയെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ പുസ്തകമാണിത്. മെയ് 20നുള്ളില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മുഴുവന്‍ പുസ്തകങ്ങളും സ്‌കൂളുകളിലെത്തുമെന്ന് കെബിപിഎസ് അറിയിച്ചിട്ടുണ്ട്. ഇതോടെ വിദ്യാഭ്യാസവകുപ്പിനും കെബിപിഎസിനും ഇതോടെ അപൂര്‍വനേട്ടമാണ് സ്വന്തമാകുന്നത്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ട 2.48 കോടി പുസ്തകങ്ങളില്‍, 1.55 കോടിയും സ്‌കൂളുകളിലെത്തിച്ചതായാണ് കെബിപിഎസ് പറയുന്നത്. ഇതില്‍ത്തന്നെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ പുസ്തകങ്ങളും ഇതിനകം സംസ്ഥാനത്തെ സ്‌കൂളുകളിലെത്തിക്കഴിഞ്ഞു. നിലവില്‍ എല്‍പി-യുപി സ്‌കൂളുകളിലെ പുസ്തകവിതരണമാണ് നടക്കുന്നത്.

പാഠപുസ്തകങ്ങളുടെ അച്ചടി 99 ശതമാനവും പൂര്‍ത്തിയായതായും അഘികൃതര്‍ അറിയിച്ചു. തമിഴ്, കന്നഡ മീഡിയത്തിലുള്ള പുസ്തകങ്ങള്‍ മാത്രമാണ് ഇനി അച്ചടി പൂര്‍ത്തിയാകാനുള്ളത്. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഈ പുസ്തക അച്ചടിയും പൂര്‍ത്തിയാകും. വിതരണത്തിലെ കാലതാമസവും ആശയക്കുഴപ്പവും ഒഴിവാക്കാന്‍ ഇക്കുറി വിപുലമായ സംവിധാനമാണ് കെബിപിഎസ് ഒരുക്കിയത്. ഓരോ ജില്ലയ്ക്കും വിതരണത്തിനായി പ്രത്യേക ചുമതല നല്‍കി അവരുടെ ഫോണ്‍നമ്പറും കെബിപിഎസിന്റെ വെബ്‌സൈറ്റില്‍ നല്‍കി. ഹെല്‍പ്ലൈനില്‍ മറ്റ് മൂന്നു നമ്പറും നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവകുപ്പും കഴിഞ്ഞവര്‍ഷം തന്നെ ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണമെടുത്ത് കെബിപിഎസിനെ അറിയിച്ചിരുന്നു. കെബിപിഎസില്‍നിന്ന് ജില്ലാ ഡിപ്പോയിലേക്കാണ് പുസ്തകങ്ങള്‍ എത്തിക്കുന്നത്. അവിടെ തരംതിരിച്ച് ക്‌ളസ്റ്റര്‍ സൊസൈറ്റിയിലേക്കും അവിടെനിന്ന് സ്‌കൂളുകളിലേക്കും പുസ്തകങ്ങള്‍ എത്തിക്കുന്നു.

കഴിഞ്ഞദിവസം ഇക്കാര്യം നിയമസഭയിലും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. അധ്യയനവര്‍ഷം ആരംഭിക്കുംമുമ്പ് പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചതായി മന്ത്രി സി രവീന്ദ്രനാഥ്, എം ഉമ്മറിന്റെ ഉപക്ഷേപത്തിന് മറുപടിയായാണ് അറിയിച്ചത്. എന്തായാലും കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് പാഠംപഠിച്ച്, പുസ്തകവിതരണത്തില്‍ ‘എല്ലാം ശരിയാക്കാന്‍’ കച്ചകെട്ടിയിറങ്ങിയതിന് ഫലമുണ്ടായിയെന്ന് ഉറപ്പ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top