നിയംഗിരി ആദിവാസി സമരനേതാവിനെ മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്തു

കുനി സികാക നടുവില്‍

ഒഡീഷ: ഒഡീഷയിലെ നിയംഗിരിയില്‍ ബോക്‌സൈറ്റ് ഖനന കുത്തക കമ്പനി
വേദാന്തയ്‌ക്കെതിരെ സമരം ചെയ്യുന്ന ഇരുപതുകാരിയായ ആദിവാസി യുവതി കുനി സികാകയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. നിയംഗിരി സുരക്ഷാ സമിതിയുടെ കണ്‍വീനറുടെ മരുമകള്‍ കൂടിയാണ് കുനി സികാക. 2003 മുതല്‍ വേദാന്തയുടെ ഖനനത്തിനെതിരെ, വനാവകാശങ്ങള്‍ക്കായി ശക്തമായ പോരാട്ടത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന ആദിവാസി പോരാട്ട സമിതിയാണ് നിയംഗിരി സുരക്ഷാ സമിതി. ഡോങ്ഗ്രിയ ഗോത്രവര്‍ഗക്കാരിയാണ് കുനി.

നിയംഗിരി സുരക്ഷാ സമിതിയെ ആഭ്യന്തര മന്ത്രാലയം മാവോയിസ്റ്റ് സംഘടനകളുടെ പട്ടികയില്‍ പെടുത്തിയതില്‍ പ്രതിഷേധമറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സംഘടനകളും കത്തെഴുതിയ സാഹചര്യത്തിലാണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ പാതിരാത്രിയാണ് മുനിഗുഡ പൊലീസും അര്‍ധസൈനികവിഭാഗവും ചേര്‍ന്ന് നിയംഗിരി സുരക്ഷാ സമിതി നേതാവിന്റെ ഗ്രാമമായ ഗോരാട്ടയില്‍ നിന്നും കുനി സികാകയെ അറസ്റ്റ് ചെയ്തത്. പുരുഷ പൊലീസുകാരാണ് കുനി സികാകയെ അറസ്റ്റ് ചെയ്യാനെത്തിയത്. സികാക സൈന്യം തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവാണെന്നും കുനി സികാകയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ആരെയും മാവോയിസ്റ്റ് ആയി കണക്കാക്കുമെന്നും പൊലീസ് പറഞ്ഞു.

2004ലാണ് ഒഡീഷ മൈനിങ് കോര്‍പറേഷന്‍ വേദാന്തക്ക് ഒഡീഷ ലാഞ്ചിഗറിലെ കുന്നുകളില്‍ ഖനനം നടത്താനുള്ള അനുമതി നല്‍കിയത്. എന്നാല്‍, ആദിവാസികളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് സുപ്രിം കോടതി ഖനനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ലാഞ്ചിഗറില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വേണ്ടി, നിയംഗിരി സുരക്ഷാ സമിതിയെ മാവോയിസ്റ്റ് സംഘടനയാണെന്ന് ആരോപണമുയര്‍ത്തുകയാണ് എന്ന് നിയംഗിരി സുരക്ഷാ സമിതി പറഞ്ഞു.

നിയംഗിരിയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടുന്ന ഓരോ ആദിവാസിയും ജയിലില്‍, ഒഡീഷ പൊലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും കടുത്ത പീഡനമുറകള്‍ക്കാണ് ഇരയാകുന്നത്. വേദാന്തയ്ക്ക് സഹായകമാകുന്ന രീതിയില്‍ ആദിവാസികളുടെ ശക്തമായ മുന്നേറ്റം ഇല്ലാതാക്കാന്‍ ഭരണകൂടത്തിന് മുന്നിലുള്ള ഒരേയൊരു പോംവഴി അവരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടക്കുക എന്നതാണ്.

വേദാന്തയും ഒഡീഷ ഗവണ്മെന്റും തമ്മിലുള്ള ബന്ധം സെെന്യത്തെ ഉപയോഗിച്ച് ദോങ്ഗ്രിയ കോന്ധ് നേതാക്കളുടെ കുടുംബങ്ങളില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ് ഈ അറസ്റ്റിലൂടെ. എന്‍എസ്എസ് നേതാവ് ദോദി പൂസികയുടെ മകനും വേദാന്തയ്‌ക്കെതിരെയുള്ള സമര നേതാവുമായ ജാഗിലി പൂസികയെ വിവാഹം ചെയ്ത ശേഷമാണ് കുനി സികാക ഗോരാട്ടിലെത്തുന്നത്. ദസുരു എന്ന യുവനേതാവും സൈബോ എന്ന കൗമാരക്കാരനും മാവോയിസ്‌റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. 2010ല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ലാദ സികാകിന്റെ ബന്ധു കൂടിയാണ് കുനി. താന്‍ മാവോയിസ്റ്റാണെന്ന് സമ്മതിക്കും വരെ ജയിലില്‍ ക്രൂരപീഡനം നേരിട്ടുവെന്ന ലാദ സികാകിന്റെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു.

ഛത്തീസ്ഗഢിലെ റായ്പൂര്‍ ജയിലില്‍ ചെറിയ ആദിവാസി പെണ്‍കുട്ടികളെ ഷോക്ക് അടിപ്പിക്കുന്ന വാര്‍ത്ത റായ്പൂര്‍ ജയില്‍ ഉദ്യോഗസ്ഥ വര്‍ഷ ദോങ്‌ഗ്രെ വെളിപ്പെടുത്തിയത് ഇന്നലെയാണ്. ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും ആദിവാസികളെ കൊലപ്പെടുത്തുന്നതിനും ഉള്ള മറുപടിയാണ് ആക്രമണമെന്ന് മാവോയിസ്റ്റ് പാര്‍ട്ടി മറുപടി നല്‍കിയിരുന്നു.

കുനി സികാകയെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. കുത്തകകള്‍ക്കെതിരെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ എതിര്‍ക്കപ്പെടുകയാണ്.

കുനിയുടെ റിലീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റ്

DONT MISS
Top