ജീവനക്കാരുടെ സമരം: കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു; ജോലിക്ക് ഹാജരായില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് എംഡി


തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന മെക്കാനിക്കല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി. സമരത്തിനെതിരെ കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവരെ മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചവിടുമെന്ന് കെഎസ്ആര്‍ടിസി എംഡി എംജി രാജമാണിക്യം അറിയിച്ചു.

സമരത്തിനെതിരായ നടപടികള്‍ വിശദീകരിച്ച് എംഡി സര്‍ക്കുലര്‍ ഇറക്കി. ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ പ്രത്യേക നോട്ടീസോ അറിയിപ്പോ ഇല്ലാതെ ഡിപ്പോകളില്‍ ജോലിക്ക് ഹാജരാകാതെ സമരം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കുറ്റകരമാണന്നും സര്‍ക്കുലറില്‍ പറയുന്നു. അവശ്യ സേവന പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാലാണ് സമരത്തില്‍ പങ്കെടുക്കുന്നത് കുറ്റകരമായി കണക്കാക്കുന്നത്.

സമരത്തില്‍ പങ്കെടുക്കുന്നവരെ മുന്നറിയിപ്പില്ലാതെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സമരം നടത്തുന്ന ജീവനക്കാരുമായി ഗതാഗത മന്ത്രി തോമസ് ചാണ്ടി നേരത്തെ ചര്‍ച്ച നടത്തുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ജീവനക്കാര്‍ സമരം തുടരുകയായിരുന്നു. ഗതാഗതമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.

ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍യിരുന്നു. ഇതിനെ തുടര്‍ന്ന് സമരം പിന്‍വലിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.

രാത്രിഡ്യൂട്ടി സംബന്ധിച്ച് ജീവനക്കാര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. പുതുതായി ഏര്‍പ്പെടുത്തിയ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റ് കൂടി അനുവദിക്കാനും തീരുമാനിച്ചു. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല.

രാത്രികാലങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവര്‍ സമരത്തിലേക്ക് കടന്നത്.

DONT MISS
Top