അര്‍ണബ് ഗോസ്വാമിയുടെ ‘റിപ്പബ്ലിക്’ ടെസ്റ്റ് ബ്രോഡ്കാസ്റ്റ് തുടങ്ങി, മത്സരത്തിനൊരുങ്ങി മറ്റു ചാനലുകള്‍

റിപ്പബ്ലിക്കിന്റെ വരവറിയിച്ചുള്ള ബില്‍ബോര്‍ഡിനു തൊട്ടടുത്ത് ഇന്ത്യാ ടുഡേ വെച്ച ബോര്‍ഡ്

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ന്യൂസ് ചാനലായ റിപ്പബ്ലിക് ടെസ്റ്റ് ബ്രോഡ്കാസ്റ്റ് തുടങ്ങി. ടൈംസ് നൗ പോലെ തന്നെ ദൃശ്യങ്ങളെക്കാള്‍ ടെക്‌സ്റ്റിനാണ് റിപ്പബ്ലിക്കിലും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ‘വി ആര്‍ യുവര്‍ വോയ്‌സ്’എന്നാണ് ചാനലിന്റെ ടാഗ്‌ലൈന്‍. റിപ്പബ്ലിക് ഉടന്‍ ലോഞ്ച് ചെയ്യും എന്നാണ് സൂചന. സ്‌ക്രീനില്‍ നാലു മൂലകളിലും ചാനലിന്റെ ലോഗോ ഉണ്ട്. ചുവന്ന അക്ഷരത്തിലാണ് R എന്ന ലോഗോ. എല്ലാ പ്രധാന ഡിടിഎച്ച് നെറ്റ്‌വര്‍ക്കുകളിലും കഴിഞ്ഞയാഴ്ചയാണ് ചാനല്‍ ലൈവായത്. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനമാണ് റിപ്പബ്ലിക് ലക്ഷ്യമിടുന്നത് എന്നാണ് അര്‍ണബിന്റെ അവകാശവാദം.

നവംബര്‍ 2016ലാണ് അര്‍ണബ് ടൈംസ് നൗ വിട്ടത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തിയതടക്കമുള്ള വിഷയങ്ങളില്‍ അതിവൈകാരികമായും ക്രൂരമായും പ്രതികരിച്ച അര്‍ണബിന്റെ ടിവി ഷോ ആയ ‘നേഷന്‍ വാണ്ട്‌സ് റ്റു നോ’ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ടൈംസ് നൗവിന്റെയും ഇക്കണോമിക് ടൈംസ്ന്റെയും എഡിറ്റര്‍ ഇന്‍ ചീഫ്, പ്രസിഡന്റ് സ്ഥാനങ്ങളൊഴിഞ്ഞ ശേഷം ഒരു മാസം കഴിഞ്ഞാണ് അര്‍ണബ് റിപ്പബ്ലിക് ചാനല്‍ തുടങ്ങാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചത്.

പല തരത്തില്‍ ചാനലിനുള്ള പ്രൊമോഷന്‍ നടത്തുന്നുണ്ടെങ്കിലും കനത്ത വെല്ലുവിളിയാണ് നിലനില്‍ക്കുന്ന ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് റിപ്പബ്ലിക് നേരിടുന്നത്. ഇന്ത്യാ ടുഡേ മുതിര്‍ന്ന അവതാരക അഞ്ജന ഓം കശ്യപിനെ പ്രൈംടൈമിലേക്ക് അര്‍ണബിനുള്ള ഉത്തരമായി നിര്‍ത്തിയിട്ടുണ്ട്. ആജ് തകില്‍ ഹല്ലാബോല്‍ എന്ന ഷോയുടെ അവതാരകയാണ് അഞ്ജന.

‘വിത്ത് യു സൂണ്‍’ എന്ന ടാഗ്‌ലൈനോടെ പ്രത്യക്ഷപ്പെട്ട റിപ്പബ്ലിക്കിന്റെ ബില്‍ബോര്‍ഡിനു സമീപം ‘അഞ്ജന, റീച്ച്ഡ് ആന്‍ഡ് വെയ്റ്റിങ്’ എന്ന ടാഗ്‌ലൈനുമായി ഒരു വലിയ ബില്‍ബോര്‍ഡ് സ്ഥാപിച്ചതോടെ ഇന്ത്യാ ടുഡേ റിപ്പബ്ലിക്കുമായി യുദ്ധപ്രഖ്യാപനം തന്നെ നടത്തിക്കഴിഞ്ഞു. അതേസമയം അര്‍ണബിന്റെ പഴയ ചാനല്‍ ടൈംസ് നൗ പുതിയ ടിവി ഷോകളുമായി അര്‍ണബിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.

അര്‍ണബിന്റെ മാധ്യമപ്രവര്‍ത്തന ശൈലിയുമായി തങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ടൈംസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ എഴുതിയിരുന്നു. അര്‍ണബിന്റെ രാഷ്ട്രീയത്തെ ടൈംസ് ഗ്രൂപ്പിന്റെ രാഷ്ട്രീയമായി കണക്കാക്കരുതെന്നും അതിനോട് ശക്തമായ വിയോജിപ്പാണ് എന്നും വ്യക്തമാക്കുന്നതായിരുന്നു എഡിറ്റോറിയല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top