‘പശുക്കള്‍ മനുഷ്യരെ അടിമകളാക്കുന്ന പ്രമേയമുള്ള സിനിമകള്‍ ഉണ്ടാവട്ടെ’ രാജ്യത്തെ പശുസ്‌നേഹത്തെ പരിഹസിച്ച് മാര്‍ക്കണ്ഡേയ കട്ജു

മാര്‍ക്കണ്ഡേയ കട്ജു

പശുക്കള്‍ മനുഷ്യരെ അടിമയാക്കുന്ന രാജ്യമായി ഇന്ത്യ വൈകാതെ മാറുമെന്ന പരിഹസവുമായി സുപ്രീംകോടതി മുന്‍  ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കട്ജു അഭിപ്രായം വ്യക്തമാക്കിയത്. രാജ്യത്തെ ഭരണകൂടവും നേതൃത്വവും പശുക്കളോട് കാണിക്കുന്ന അമിത പ്രാധാന്യത്തെയാണ് കട്ജു പരിഹസിച്ചത്. ഇന്ത്യയിലെ പശു സ്‌നേഹത്തെപറ്റി സിനിമ ചെയ്യുകയാണെങ്കില്‍ വന്‍ ലാഭമായിരിക്കും അത് നേടി തരുകയെന്നും കട്ജു പരിഹസിക്കുന്നു.

”പ്ലാനറ്റ് ഓഫ് എയ്പ്‌സ് എന്ന പേരില്‍ ഹോളിവുഡില്‍ പ്രശസ്തമായ സിനിമയുണ്ട്, ഗൊറില്ലകള്‍ മനുഷ്യരെ ആക്രമിക്കുന്നതും കീഴടക്കുന്നതുമാണ് ആ സിനിമയുടെ പ്രമേയം. അത്തരമൊരു സിനിമ ബോളിവുഡ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ‘ദി പ്ലാനറ്റ് ഓഫ് കൗസ്’ എന്ന പേരിടാവുന്ന സിനിമയില്‍ പശുക്കള്‍ മനുഷ്യരെ ആക്രമിക്കുകയും, കീഴടക്കുകയും ചെയ്യട്ടെ. ഒരു സംശയവും വേണ്ട ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി നേടിയതിനെക്കാള്‍ പത്തിരട്ടി ലാഭമായിരിക്കും ആ സിനിമയുണ്ടാക്കുക”. മാര്‍ക്കണ്ഡേയ കട്ജു പോസ്റ്റില്‍ പറയുന്നു.

പശുക്കളെ കൊല്ലുന്നവര്‍ക്കും, കടത്തുന്നവര്‍ക്കുമെതിരെ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.  ഭരണകൂടവും, നേതൃത്വവും അതിന് പിന്തുണ നല്‍കുന്നുണ്ടെന്നതാണ് അതിശയിപ്പിക്കുന്നത്. ആ സാഹചര്യത്തെയാണ് കട്ജു പരിഹസിക്കുന്നത്.

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നായിരുന്നു . ഉത്തരാഖണ്ഡ് മുഖ്യമന്ത്രി  ഹരീഷ് റാവത്ത് പ്രസ്താവനയിറക്കിയത്. പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന പ്രഖ്യാപനവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗും രംഗത്തെത്തിയിരുന്നു.

പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന അഭിപ്രായവുമായി ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. ഗോവധം നിരോധിക്കണമെന്നാ വശ്യപ്പെടുന്ന ബില്‍ അത് ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ അടക്കമുള്ള ശിക്ഷകള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ആരംഭിച്ച അറവുശാല അടച്ചുപൂട്ടലും ബീഫ് നിരോധനവും ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും പിന്തുടര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലായി  ഗുജറാത്തില്‍ ഗോവധത്തിനെതിരായ ശിക്ഷാനിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഗോവധത്തിന് ഇനിമുതല്‍ ജീവപര്യന്തം ശിക്ഷയാണ് നിയമഭേദഗതിയിലൂടെ നടപ്പില്‍ വരുത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top