മമ്മൂട്ടി ‘സി’ ഗ്രേഡ് നടന്‍, വീണ്ടും അധിക്ഷേപവുമായി കെആര്‍കെ

ഫയല്‍ ചിത്രം

മുംബൈ : മോഹന്‍ലാലിനെ ‘ഛോട്ടാ ഭീം’ എന്ന് പരിഹസിച്ചതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുമ്പെ പുതിയ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദി സിനിമാ താരം കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ രംഗത്ത്. മമ്മൂട്ടിയെ ‘സി ഗ്രേഡ് നടന്‍’ എന്ന് ആക്ഷേപിച്ചാണ് കെആര്‍കെയുടെ പുതിയ ട്വീറ്റ്.

“മോഹന്‍ലാല്‍, താങ്കളെ പരിഹസിക്കുന്നതിന്  മമ്മൂട്ടി എനിക്ക് പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ. ആ സി ഗ്രേഡ് നടനെ എനിക്ക് അറിയുക കൂടിയില്ല”-എന്നാണ് കെആര്‍കെയുടെ  ട്വീറ്റ്.


എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയില്‍ ഭീമനായി മോഹന്‍ലാല്‍  അഭിനയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ലാലിനെ പരിഹസിച്ച് കെഅര്കെ രംഗത്തെത്തിയത്. മോഹന്‍ലാല്‍ ‘ഛോട്ടാഭീം’ ആണെന്നായിരുന്നു കെആര്‍കെ കമന്റ്. ഛോട്ടാഭീമിനെ പ്പോലെയുള്ള മോഹന്‍ലാലിനെ ഭീമനാക്കി, നിര്‍മ്മാതാവ് എന്തിന് പണം കളയുന്നുവെന്നും കെആര്‍കെ ചോദിച്ചിരുന്നു.

ഭീമനായി ബാഹുബലി നായകന്‍ പ്രഭാസിനെ അഭിനയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കെആര്‍കെ, സിനിമയില്‍ കൃഷ്ണനായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

കെആര്‍കെയുടെ ട്വീറ്റ് വിവാദമായതിന് പിന്നാലെ മോഹന്‍ലാല്‍, മമ്മൂട്ടി ആരാധകരടക്കം മലയാളികള്‍ കെആര്‍കെയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കെആര്‍കെയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ചീത്തവിളികളും നിറഞ്ഞു.

ഒടുവില്‍ ക്ഷമ പറഞ്ഞാണ് കെആര്‍കെ വിവാദം അവസാനിപ്പിച്ചത്. ഈ വിവാദം അവസാനിച്ച് ദിവസങ്ങള്‍ക്കകമാണ് മമ്മൂട്ടിയ്ക്കെതിരെ അധിക്ഷേപ വാക്കുകളുമായി കെആര്‍കെ രംഗത്തെത്തിയത്.

കെആര്‍കെയുടെ പുതിയ ട്വീറ്റിനെതിരെയും മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരടക്കം രംഗത്തെത്തിയിട്ടുണ്ട്. പബ്ലിസിറ്റി ലക്ഷ്യമിട്ടാണ് കെആര്‍കെ മോഹന്‍ലാലിനെയും, മമ്മൂട്ടിയെയും അധിക്ഷേപിക്കുന്നതെന്നും, തെരുവ് നായകള്‍ കുരയ്ക്കുമ്പോള്‍, ആരും തിരിച്ച് കുരയ്ക്കാറില്ലെന്നും അത് അവഗണിച്ചാല്‍ മതിയെന്നും മമ്മൂട്ടി ആരാധകര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top