കശ്മീരിനെ വരയ്ക്കുന്ന ചിത്രകാരിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

റോളി മുഖര്‍ജി

അഹമ്മദാബാദ്: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും സൈന്യത്തിന്റെ അതിക്രമങ്ങളും വിഷയമായ പെയ്ന്റിങ്ങുകളുടെ പേരില്‍ ആര്‍ട്ടിസ്റ്റ് റോളി മുഖര്‍ജിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിങ് വഴി പൂട്ടിച്ചു. കശ്മീരിലെ ‘പാതി അമ്മ’മാരും ‘പാതി വിധവ’കളും കുട്ടികളും പെല്ലറ്റ് ആക്രമണം പോലുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും അപ്രത്യക്ഷമാകുന്ന യുവാക്കളുമൊക്കെയാണ് റോളിയുടെ പെയ്ന്റിങ്ങുകളില്‍.

റോളിയുടെ പെയ്ന്റിങ്

ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ റോളി പോസ്റ്റ് ചെയ്ത ഈ പെയ്ന്റിങ്ങുകള്‍ക്ക് താഴെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കമന്റുകള്‍ വഴി റോളിയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് റോളി പറഞ്ഞു. കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളുടെ പ്രതിരോധവും സെെനിക അടിച്ചമര്‍ത്തലും റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്ന പെയ്ന്റിങ്ങുകളാണ് പലതും. തന്റെ പെയ്ന്റിങ്ങുകളുമായി രാജ്യത്തിന്റെ പലയിടങ്ങളിലും സഞ്ചരിച്ച് ചിത്രപ്രദര്‍ശനം നടത്തിവരികയാണ് റോളി. കശ്മീരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുവാനാണ് ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുന്നത്.

അഹമ്മദാബാദിലും കൊല്‍ക്കത്തയിലുമായി നടത്തിയ രണ്ട് ചിത്രപ്രദര്‍ശനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും ആര്‍ട്ട് ഗ്യാലറികളില്‍ ആയിരുന്നില്ല പ്രദര്‍ശനങ്ങള്‍ നടന്നിരുന്നതെന്നും റോളി റിപ്പോര്‍ട്ടറോട് പറഞ്ഞു. ചിത്രപ്രദര്‍ശനം തുടരുമെന്നും റോളി പറഞ്ഞു.

കാത്തിരിപ്പിനെ വിശ്രമമില്ലാത്ത പ്രതീക്ഷയുടെ വിപ്ലവകരമായ പ്രവൃത്തി എന്നും രക്തസാക്ഷിത്വത്തെ നിശ്ശബ്ദമാകാത്ത മരണത്തിന്റെ മരണാനന്തര പൊതുജീവിതം എന്നും നിര്‍വചിക്കുന്ന ചിത്രങ്ങളാണ് റോളിയുടേത്.

റോളിയുടെ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ ഫാസിസ്റ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രൊഫൈല്‍ നിര്‍വീര്യമാക്കിയ ഫെയ്‌സ്ബുക്ക് ഇന്ത്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top