സൗമ്യ വധക്കേസില്‍ പിഴവ് പറ്റിയത് കോടതികള്‍ക്കോ, സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ?

‘മനുഷ്യ ജീവന് തെല്ലും വിലകല്‍പ്പിക്കാതെയുള്ള പ്രതിയുടെ പ്രവര്‍ത്തി സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നു. പ്രതിയെ കൊലക്കയറില്‍ നിന്ന് ഒഴിവാക്കിയാല്‍ നീതിപീഠം സംശയത്തിന്റെ നിഴലിലാവും. വധശിക്ഷ ഇളവ് ചെയ്തത് നല്‍കുന്നത് നീതി പീഠത്തെ കളിയാക്കുന്നതിനു തുല്യമാകും. ഇത്തരം ഒരു കേസില്‍ കൊലപാതകത്തിനുള്ള ഏറ്റവും കൂടിയ ശിക്ഷ ആയ വധശിക്ഷ നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആ വ്യവസ്ഥ ജീവനില്ലാത്ത അക്ഷരങ്ങള്‍ മാത്രമാകും. പ്രതിയുടെ അവകാശം മാത്രമല്ല, ഇരയുടെയും സമൂഹത്തിന്റെയും അവകാശം സംരക്ഷിക്കേണ്ട ബാധ്യതയും നീതിപീഠത്തിനുണ്ട്’.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവെച്ച് കൊണ്ട് കേരള ഹൈകോടതിയിലെ ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍ നായരും, ജസ്റ്റിസ് ബി കമാല്‍ പാഷയും അടങ്ങുന്ന ബെഞ്ച് 2013 ഡിസംബര്‍ 17 ന് പുറപ്പെടുവിച്ച 359 പേജ് ദൈര്‍ഘ്യം ഉള്ള വിധിയിലെ പരാമര്‍ശങ്ങള്‍ ആണ് ഇവ. ഹൈകോടതി ശരി വച്ച വധശിക്ഷ 2016 സെപ്റ്റംബര്‍ 15 ന് ജസ്റ്റിസ് മാരായ രഞ്ജന്‍ ഗോഗോയി, പിസി പന്ത്, യുയു ലളിത് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. ഈ വിധി പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും, സൗമ്യയുടെ അമ്മയും നല്‍കിയ ഹര്‍ജികള്‍, 2016 നവംബര്‍ 11 ന് തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം സുപ്രിം കോടതി തള്ളി. ഗോവിന്ദച്ചാമിക്ക് വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള അവസാനവട്ട ശ്രമങ്ങള്‍ 2017 ഏപ്രില്‍ 27 ന് സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ പരിഗണിച്ച തിരുത്തല്‍ ഹര്‍ജി തള്ളിയതോടെ വിഫലമായി.

സുപ്രീം കോടതിയിലെ ഒരു മുന്‍ ജഡ്ജിയും, അറ്റോര്‍ണി ജനറലും വാദിച്ചിട്ടും ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് എന്തുകൊണ്ട് സാധിച്ചില്ല? എവിടെയാണ് പാളിച്ച പറ്റിയത് ? ആര്‍ക്കാണ് വീഴ്ച സംഭവിച്ചത് ? ഇത്തരം ഒരു കേസില്‍ കൊലപാതകത്തിനുള്ള ഏറ്റവും കൂടിയ ശിക്ഷയായ വധശിക്ഷ നല്‍കാത്തത് വഴി ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ആ വ്യവസ്ഥ ജീവന്‍ ഇല്ലാത്ത അക്ഷരങ്ങള്‍ മാത്രം ആയി മാറിയോ?

2011 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പാസ്സഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. രാത്രി എട്ടരയോടെ സൗമ്യയെ തീവണ്ടിയില്‍ വച്ച് ഗോവിന്ദ ചാമി അതിക്രമിച്ച് കീഴ്‌പെടുത്താന്‍ ശ്രമിച്ചു. കമ്പാര്‍ട്ട്‌മെന്റില്‍ ബലമായി തലയിടിപ്പിച്ച് ബോധം നഷ്ടപെട്ട അവസ്ഥയില്‍ സൗമ്യയെ തീവണ്ടിയില്‍ നിന്ന് ഗോവിന്ദ ചാമി തള്ളിയിട്ടു എന്നാണ് പ്രോസിക്യുഷന്റെ കേസില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കംപാര്‍ട്ട്‌മെന്റിന്റെ മറുവശത്തേക്ക് തൂങ്ങി ചാടിയ ഗോവിന്ദച്ചാമി സൗമ്യക്ക് അടുത്ത് എത്തി ഇരുട്ടിന്റെ മറവിലേക്ക് കൊണ്ട് പോയി. മുഖം തകര്‍ന്ന സൗമ്യ ക്രൂരമായി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു. ട്രെയിനില്‍ നിന്നുള്ള വീഴ്ചയില്‍ സൗമ്യയുടെ മുഖത്തിന്റെ ഇടതു വശം പാലത്തില്‍ ഇടിച്ച് മുഖത്തെ എല്ലുകള്‍ പൊട്ടി തകര്‍ന്നിട്ടുണ്ട്. 13 പല്ലുകള്‍ പോയി. ഒരു പല്ല് വയറ്റില്‍ പോയി. ശ്വാസ നാളത്തില്‍ രക്തം കയറിയിരുന്നു. ട്രെയിനില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നിരുന്നതായും അത് മരണകാരണമായെന്നും പ്രോസിക്യുഷന്‍ കേസില്‍ വ്യക്തമാക്കിയിരുന്നു. സൗമ്യയുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് ഗോവിന്ദ ചാമി സ്ഥലം വിട്ടത്.

തൃശ്ശൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആണ് കേസ് അന്വേഷിച്ചിരുന്നത്. 90 ദിവസങ്ങള്‍ക്ക് ഉള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃശൂര്‍ അതിവേഗ കോടതിയില്‍ അഞ്ചര മാസം തുടര്‍ച്ച ആയി വിസ്താരം. 2011 നവംബര്‍ 11 ന് പ്രതി ജീവിച്ചിരിക്കുന്നത് സ്ത്രീ സമൂഹത്തിന് ഭീക്ഷണിയാണെന്ന് നിരീക്ഷിച്ച് കൊണ്ട് അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്ര ബാബു ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. 82 സാക്ഷികളെ ആണ് പ്രോസിക്യുഷന്‍ വിസ്തരിച്ചത്. അഞ്ചു വകുപ്പുകളായിട്ടാണ് ഗോവിന്ദച്ചാമിക്ക് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 302 പ്രകാരം കൊലകുറ്റത്തിനാണ് തൂക്കുകയറും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ല എങ്കില്‍ രണ്ടു വര്‍ഷം തടവ് അനുഭവിക്കണം. മാനഭംഗം ചെയ്തതിന് 376 ആം വകുപ്പ് പ്രകാരം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ല എങ്കില്‍ രണ്ടു വര്‍ഷം തടവ് അനുഭവിക്കണം. പരുക്കേല്‍പ്പിച്ചുള്ള കവര്‍ച്ചക്ക് 394, 397 വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിന തടവും 1000 രൂപയും പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവ്.തീവണ്ടിയുടെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കടന്നതിന് 447 ആം വകുപ്പ് പ്രകാരം മൂന്ന് മാസത്തെ കഠിന തടവ്.

വിധിക്കെതിരെ ഗോവിന്ദ ചാമി ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ നിസ്സഹായ ആയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിന്റെ കാഠിന്യം കണക്കില്‍ എടുക്കുമ്പോള്‍ വിചാരണ കോടതി ഗോവിന്ദചാമിക്ക് വിധിച്ച വധശിക്ഷ ശരിവയ്ക്കാതിരിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് മാരായ ടിആര്‍ രാമചന്ദ്രന്‍ നായരും, ബി കമാല്‍ പാഷയും അടങ്ങിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടിയെ ദ്രോഹിച്ച് പീഡിപ്പിച്ച് മോഷണം കൂടി നടത്തിയ ശേഷം കൊലപ്പെടുത്തിയതില്‍ നിന്ന് കൊടും കുറ്റവാളിയുടെ മനോഭാവം വ്യക്തമാണ് എന്നും ഹൈകോടതി വിധിയില്‍ നിരീക്ഷിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധിക്കെതിരെ ഗോവിന്ദ ചാമി നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയില്‍ പരിഗണിച്ചത് ജസ്റ്റിസ് മാരായ രഞ്ജന്‍ ഗൊഗോയി, പിസി പന്ത്, യുയു ലളിത് എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച്. വിചാരണ കോടതി വിധിക്കുകയും, ഹൈകോടതി ശരിവയ്ക്കുകയും ചെയ്ത ഗോവിന്ദ ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ബലാത്സംഗക്കുറ്റത്തിന് വിധിച്ച ജീവപര്യന്തം, കൊള്ള നടത്തുന്നതിനിടെ മുറിവേല്‍പ്പിക്കലിനും, വനിതാ കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയതിനും വിധിച്ച ഏഴ് വര്‍ഷവും മൂന്നുമാസവും കഠിനതടവും സുപ്രീംകോടതി ശരിവെച്ചു. കൂടാതെ, കൊലക്കുറ്റത്തിന് പകരം മാരകമായി മുറിവേല്‍പ്പിക്കലിന് ഏഴ് വര്‍ഷം കഠിന തടവും സുപ്രീംകോടതി വിധിച്ചു. എല്ലാ ശിക്ഷകളും ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് ജഡ്ജിമാരായ രഞ്ജന് ഗോഗോയ്, പി.സി പന്ത്, യുയു ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുന:പരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേട്ട് തള്ളി. വിധിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസും മറ്റ് അഞ്ചു ജഡ്ജിമാരും അടങ്ങുന്ന ബെഞ്ച് ചേംബറില്‍ പരിഗണിച്ച് തള്ളി.

എന്ത് കൊണ്ടാണ് ഗോവിന്ദ ചാമിക്ക് എതിരെ പ്രോസിക്യുഷന്‍ ചുമത്തിയ കൊലക്കുറ്റം സുപ്രീം കോടതിക്ക് ബോധ്യപ്പെടാതെ പോയത് ? കൊല്ലകുറ്റം നിലനില്‍ക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ സുപ്രീം കോടതി ആധാരമാക്കിയ വസ്തുതകള്‍ എന്തൊക്കെ ആണ് ? സൗമ്യയുടെ മരണത്തിന് കാരണം ആയ മുറിവിന് കാരണക്കാരന്‍ ഗോവിന്ദചാമി ആണെന്ന് തെളിയിക്കാന്‍ അറ്റോര്‍ണി ജനറലിന് സാധിക്കാത്തത് എന്തുകൊണ്ടാണ് ?

തീവണ്ടിയിലെ കമ്പാര്‍ട്ട്‌മെന്റില്‍ ബലമായി തലയിടിപ്പിച്ച് ബോധം നഷ്ടപെട്ട അവസ്ഥയില്‍ സൗമ്യയെ തീവണ്ടിയില്‍ നിന്ന് ഗോവിന്ദ ചാമി തള്ളിയിട്ടു എന്നും, ഈ വീഴ്ചയില്‍ ഉണ്ടായ മുറിവാണ് മരണ കാരണം എന്ന് ആണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. സൗമ്യയെ തീവണ്ടിയില്‍ നിന്ന് ഗോവിന്ദ ചാമി തള്ളിയിട്ടു എന്ന വാദം സുപ്രീം കോടതി തള്ളിയത് പ്രോസിക്യുഷന്‍ സാക്ഷി പട്ടികയിലെ നാലാമത്തെ സാക്ഷി ടോമി ദേവസിയുടെയും, നാല്‍പതാമത്തെ സാക്ഷി അബ്ദുള്‍ ഷുക്കൂറിന്റെയും മൊഴികള്‍ ചൂണ്ടിക്കാട്ടി ആണ്. ടോമി ദേവസ്സിയും, അബ്ദുള്‍ ഷുക്കൂറും സൗമ്യ ആക്രമിക്കപ്പെട്ട പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാര്‍ ആയിരുന്നു. ഒരു സ്ത്രീ വനിത കമ്പാര്‍ട്ട്‌മെന്റിലെ കിഴക്കേ വാതിലിലൂടെ ചാടി രക്ഷപ്പെടുന്നത് കണ്ടതായി ഒരു മധ്യവയസ്‌കന്‍ ടോമിയോടും അബ്ദുല്‍ ഷുക്കൂറിനോടും പറഞ്ഞു എന്നായിരുന്നു മൊഴി. സ്ത്രീ ചാടി രക്ഷപ്പെട്ടതായി പറഞ്ഞയാള്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിറുത്താന്‍ തുനിഞ്ഞ ടോണിയെ തടഞ്ഞു എന്നും മൊഴി ഉണ്ടായി. സൗമ്യ യാത്ര ചെയ്തിരുന്ന കംപാര്‍ട്ട്‌മെന്റില്‍ പടിഞ്ഞാറു വശത്തെ വാതില്‍ പടിയില്‍ ഗോവിന്ദ ചാമി ഇരിക്കുന്നതും ടോമി കണ്ടുവത്രേ. ടോമിയും അബ്ദുല്‍ ഷുക്കൂറും ഗോവിന്ദച്ചാമിയെ പിന്നീട് തിരിച്ചറിഞ്ഞു.

ടോമി ദേവസിയുടെയും, അബ്ദുള്‍ ഷുക്കൂറിന്റെയും മൊഴികള്‍ ആണ് ഗോവിന്ദ ചാമിക്ക് എതിരായ കൊല്ലകുറ്റം നിലനില്‍ക്കില്ല എന്ന നിഗമനത്തില്‍ എത്താന്‍ സുപ്രീം കോടതി ആശ്രയിച്ചത്. സൗമ്യ ചാടിയതാണെങ്കിലും വീണതാണെങ്കിലും അതിന് ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്ന വാദത്തിലൂന്നിയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും സൗമ്യയുടെ അമ്മയ്ക്ക് വേണ്ടി ഹാജര്‍ ആയ മുതിര്‍ന്ന അഭിഭാഷകന്‍ ഹ്യൂഫേസ അഹമ്മദിയും വാദിച്ചത്. എന്നാല്‍ ഈ രണ്ടു മൊഴികളുടെയും വിശ്വാസ്യതയെ ആണ് തിരുത്തല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹാജരായ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ചോദ്യംചെയ്തത്. താനായിരുന്നു പ്രോസിക്യൂട്ടര്‍ എങ്കില്‍ ഈ രണ്ടു സാക്ഷികളെയും പ്രോസിക്യുഷന്‍ സാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കുമായിരുന്നു എന്നും കട്ജു വാദിച്ചു. എന്നാല്‍ സൗമ്യ ചാടി രക്ഷപ്പെട്ടുവെന്ന് മധ്യവയസ്‌കന്‍ പറഞ്ഞതായ സാക്ഷിമൊഴി ഇന്ത്യന്‍ തെളിവു നിയമത്തിലെ ആറാം വകുപ്പു പ്രകാരം സ്വീകാര്യമാണെന്ന് തിരുത്തല്‍ ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് യുയു ലളിത് ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടി. ചാടി എന്ന മൊഴി ഉള്ളപ്പോള്‍ തള്ളിയിട്ടത് ആണോ എടുത്തു എറിഞ്ഞത് ആണെന്നോ പ്രോസിക്യുഷന്‍ വാദിച്ചതില്‍ ആണ് കോടതി വൈരുധ്യം കണ്ടത്. ഗോവിന്ദചാമി ആണ് തള്ളിയിട്ടത് എന്ന് സംശയാതീതം ആയി തെളിയിക്കാന്‍ സാധിക്കാത്തപ്പോള്‍ വീഴ്ചയില്‍ സംഭവിച്ച മുറിവിന്റെ ഉത്തരവാദിത്വം എങ്ങനെ ഗോവിന്ദ ചാമിക്ക് മേല്‍ ചുമത്താന്‍ ആകുമെന്ന് ആണ് സുപ്രീം കോടതി ചോദിച്ചത്.

രണ്ട് മുറിവുകളാണ് സൗമ്യയുടെ മരണത്തിലേക്ക് നയിച്ചത്. വലതുകൈകൊണ്ട് മുടിക്കുപിടിച്ച് ഉറപ്പുള്ള സ്ഥലത്ത് തല ശക്തമായി ഇടിച്ചതുകാരണമുണ്ടായ മുറിവാണ് ഒന്നാമത്തേത്. തല തീവണ്ടിയുടെ ചുമരിലേക്ക് ശക്തമായി പലതവണ ഇടിച്ചപ്പോഴുണ്ടായ ആദ്യ മുറിവിന് ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്ന് സുപ്രീം കോടതി അംഗീകരിക്കുന്നു. എന്നാല്‍ ഇത് മാത്രം മരണകാരണമാകണമെന്നില്ല എന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. ഷേര്‍ളി വാസുവിന്റെ റിപ്പോര്‍ട്ട്.

തീവണ്ടിയില്‍ നിന്ന് സൗമ്യ വീണതിനെ തുടര്‍ന്ന് ഉണ്ടായ രണ്ടാമത്തെ മുറിവിന് കാരണക്കാരന്‍ ഗോവിന്ദച്ചാമിയാണോ എന്ന് കോടതി ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. തലയ്‌ക്കേറ്റ ആദ്യ മുറിവും തീവണ്ടിയില്‍ നിന്ന് വീണപ്പോഴത്തെ രണ്ടാമത്തെ മുറിവും ഒരേ സംഭവത്തിന്റെ തുടര്‍ച്ചയാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഒരാള്‍ തോക്ക് ചൂണ്ടി നില്‍ക്കുമ്പോള്‍ രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് ചാടിയ ആള്‍ മരിച്ചാല്‍ ആരാണ് ഉത്തരവാദിയെന്ന് റോത്തഗി ചോദിച്ചു. അത് കൊണ്ട് തന്നെ ആദ്യ മുറിവിനും രണ്ടാമത്തെ മുറിവിനും കാരണക്കാരന്‍ ഗോവിന്ദചാമി ആണെന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. അര്‍ദ്ധ ബോധാവസ്ഥയിലായിരുന്ന സൗമ്യ തീവണ്ടിയില്‍ നിന്ന് ചാടിയെന്ന് കരുതാനാവില്ലെന്നായിരുന്നു മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാദം. സൗമ്യ തീവണ്ടിയില്‍ നിന്ന് സ്വയം ചാടിയതാണെങ്കില്‍ പോലും രണ്ടാമത്തെ മുറിവിനും ഉത്തരവാദി ഗോവിന്ദച്ചാമിയാണ്. ജീവന്‍ രക്ഷിക്കാനായി മറ്റെന്താണ് സൗമ്യ ചെയ്യേണ്ടിയിരുന്നതെന്നും കട്ജു ചോദിച്ചു. കൊല്ലപ്പെടുമെന്ന ഭയത്തിലാകാം ചാടിയത്. കട്ജുവിന്റെ ഈ വാദത്തെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും ശക്തമായി പിന്തുണച്ചിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെ തെളിവു നിയമത്തിലെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി കോടതി തള്ളി. ഇതിന് പുറമെ ആണ് ചാട്ടത്തില്‍ സംഭവിക്കുന്ന തരം മുറിവുകള്‍ അല്ല സൗമ്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് എന്ന ഡോക്റ്റര്‍മാര്‍ വിലയിരുത്തലും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ട്രെയിനില്‍ വച്ച് തലയ്‌ക്കേറ്റ പരുക്കന് എടുത്തു ചാടാവുന്ന അവസ്ഥ അനുവദിക്കാത്തതും. ചാടുമ്പോള്‍ കൈകള്‍ കുത്തിയും മറ്റും ഉണ്ടാകുന്ന പരുക്കുകള്‍ ഇല്ലെന്നതും ഡോക്റ്റര്‍മാരുടെ പ്രധാന നിഗമനമാണ്. ചാടിയതാണ് ആണെന്ന് പ്രോസിക്യുഷന്‍ സാക്ഷികളുടെ മൊഴിയുള്ളപ്പോഴാണ് ചാട്ടത്തില്‍ അല്ല തള്ളിയിട്ടത് ആണെന്ന വിലയിരുത്തല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം സംശയാതീതം ആയി തെളിഞ്ഞുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡോ. ഷേര്‍ളി വാസുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്ട്ട്, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഡോ. ആര്‍ ശ്രീകുമാറിന്റെ ഡിഎന്‍എ റിപ്പോര്‍ട്ട് എന്നിവ ബലാത്സംഗം സംശയാതീതമായി തെളിയിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. സാരമായ രണ്ട് മുറിവുകള്‍ക്കൊപ്പം ബലാത്സംഗം ചെയ്യാനായി മലര്‍ത്തിക്കിടത്തിയപ്പോള്‍ രക്തചംക്രമണം വേഗത്തിലായത് തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കാനും കാരണമായി. ഇതാണ് മരണകാരണമായി മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇത്തരത്തില്‍ പരിക്കേറ്റയാളെ മലര്‍ത്തിക്കിടത്തിയാല്‍ മരണത്തിലേക്ക് നയിച്ചേക്കുമെന്ന അറിവ് മെഡിക്കല്‍, പാരാമെഡിക്കല്‍ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമാണുണ്ടാവുകയെന്നും വിധിയില്‍ പറയുന്നു. മാത്രവുമല്ല, പരുക്കേറ്റ സൗമ്യ കുറച്ചുദിവസം ആസ്പത്രിയില്‍ കിടന്നശേഷമാണ് മരിച്ചത്. പ്രതിക്ക് കൊലപാതകത്തിന് ഉദ്ദേശമുണ്ടായിരുന്നില്ല എന്ന് ഇതും വ്യക്തമാക്കുന്നു.

ആരോപിക്കപ്പെടുന്ന കുറ്റത്തിന് വിരുദ്ധമായ സാക്ഷിമൊഴികള്‍ പോലും പ്രോസിക്യുഷന്റേതായി ഉള്‍പ്പെടുത്തിയതും, പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലും സാക്ഷി മൊഴികളും തമ്മില്‍ ഉള്ള വൈരുദ്ധ്യവും അന്വേഷണത്തിലെ പോരായ്മകളിലേക്കാണ് അവസാനമായി എത്തിയത്. ഇതാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് തിരിച്ചടിയായത്. വിചാരണ കോടതിക്കും ഈ ന്യൂനതകള്‍ നേരത്തെ ബോധ്യം ആയിരുന്നു എന്ന് വേണം കരുതാന്‍. കാരണം വിചാരണ കോടതിയുടെ വിധിയിലെ 144 ആം ഖണ്ഡികയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘പിഴവുള്ള അന്വേഷണത്തിന്റെ പേരില്‍ മാത്രം പ്രതിയെ വെറുതെ വിടാന്‍ ആവില്ല.’

DONT MISS
Top