അണ്ടർ 17 ലോകകപ്പ് : ഒരുക്കത്തില്‍ ഫിഫ പ്രതിനിധി സംഘത്തിന് തൃപ്തിയെന്ന് സൂചന

ഫിഫ സംഘം പരിശോധന നടത്തുന്നു

കൊച്ചി : അണ്ടർ 17 ലോകകപ്പ് മല്‍സരങ്ങള്‍ക്കായുള്ള ഒരുക്കത്തില്‍ ഫിഫ പ്രതിനിധി സംഘത്തിന് തൃപ്തിയെന്ന് സൂചന. ഗ്രൗണ്ടിലെ പുൽപ്രതലങ്ങളാണ് ഇവർ പരിശോധിച്ചത്. ഫിഫ ടർഫ് കൺസൽട്ടൻറ് ഡീൻ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്​റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളും പരിശോധിച്ചത്. പുൽ പ്രതലങ്ങളുടെ കാര്യത്തിൽ സംഘം തൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന.

രാവിലെ 10 മണിയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലു മണിയോടെയാണ് അവസാനിച്ചത്. കൊച്ചി മത്സരങ്ങൾക്ക് യോഗ്യമാണെന്ന് സംഘം ഫിഫക്ക് റിപ്പോർട്ട് നൽകിയാൽ മാത്രമേ മത്സരങ്ങൾ കൊച്ചിയിൽ നടക്കൂ. അതിനാല്‍ ഫിഫ സംഘത്തിന്റെ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്.

പ്രധാന വേദികളിലൊന്നായ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഗ്രൌണ്ടില്‍ രണ്ടു മണിക്കൂറോളമാണ് സംഘം പരിശോധന നടത്തിയത്. പുല്ലു പിടിപ്പിച്ചതിന്റെ ആഴം അടക്കമുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി സംഘം പരിശോധിച്ചു.

ഉച്ചയ്ക്ക് ശേഷമാണ് പരിശീലന മൈതാനങ്ങളിലെ ടര്‍ഫ് പരിശോധിച്ചത്. പുല്ല് വെച്ചുപിടിപ്പിച്ച പരിശീലന മൈതാനങ്ങളിൽ, ഇനി എന്തുചെയ്യണമെന്ന കാര്യത്തിലും ഇവർ കരാറുകാർക്ക് നിർദേശം നൽകി.

ഫിഫ സംഘത്തിന്റെ റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് നോഡല്‍ ഓഫീസര്‍ എപിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു. നേരത്തെ കൊച്ചിയിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍,  ഒരുക്കങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നെഹ്റു സ്റ്റേഡിയത്തിലെ കസേരകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം പുരേോഗമിക്കുകയാണ്. അഗ്നിശമന സംവിധാനങ്ങളുടെ നിര്‍മ്മാണവും 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.

മെയ് 15 ഓടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഒരുക്കങ്ങള്‍ വേഗത്തിലാക്കാനായി ജില്ലാ കളക്ടര്‍ മുഹമ്മദ് സഫറുള്ള, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, നോഡല്‍ ഓഫീസര്‍ എപിഎം മുഹമ്മദ് ഹനീഷ് എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ സമിതിയുടെ രൂപീകരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top