‘ഭക്തി’ എവിടെയാണ് വേണ്ടത്? മനസിലോ, അതോ ശരീരത്തിലോ?; നവമാധ്യമങ്ങളില്‍ തരംഗമായി ഒരു ഹ്രസ്വ ചിത്രം

നവമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് ‘ഭക്തി’ എന്ന ഹ്രസ്വ ചിത്രം. അമ്പലത്തിന്റേയും വീടിന്റേയും പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ഈ ഹ്രസ്വചിത്രം ഏറെ ചിന്തിപ്പിക്കുന്നതാണ്. പുറമെ ദൈവവിശ്വാസവും എന്നാല്‍ അകത്ത് മറ്റ് ചിന്തകളുമായി ജീവിക്കുന്ന പുതുതലമുറകളുടെ പ്രതിനിധിയാകുകയാണ് ഈ ഹ്രസ്വ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പെണ്‍കുട്ടി. സ്റ്റഡി ലീവിന് നാട്ടിലെത്തിയ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം അമ്പലത്തില്‍ പോകുന്നതാണ് ഇതിലെ പശ്ചാത്തലം. ഭക്തിസാന്ദ്രമായ നിരവധി സന്ദര്‍ഭങ്ങള്‍ തുടക്കത്തില്‍ ഇതിലൂടെ കടന്നു പോകുന്നു. അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിനകത്തെത്തുന്ന പെണ്‍കുട്ടിയോട് പൂജാരി, കുറേ നാളായല്ലോ കണ്ടിട്ട് എന്ന് ചോദിക്കുന്നു. ഇതിനുള്ള മറുപടി അമ്മയാണ് നല്‍കുന്നത്.

അമ്പലത്തിന് വെളിയിലിറങ്ങുന്ന മകള്‍ സമീപമുള്ള പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടയിലെത്തി ജാസ്മിന്‍ അഗര്‍ബത്തീസ് ചോദിക്കുന്നു. പെണ്‍കുട്ടി ചോദിച്ച അഗര്‍ബത്തീസ് അവിടെ ഇല്ല എന്നാണ് കടക്കാരില്‍ ഒരാള്‍ ആദ്യം പറയുന്നത്. തനിക്ക് അത് തന്നെ വേണമെന്ന് പറയുമ്പോള്‍ മറ്റൊരാള്‍ അത് പെണ്‍കുട്ടി ആവശ്യപ്പെട്ടത് പൊതിഞ്ഞു കൊടുക്കുന്നു.

വീട്ടിലെത്തുന്ന അമ്മയോടും മകളോടും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അച്ഛന്‍ കുശലാന്വേഷണം നടത്തുന്നു. തുടര്‍ന്ന് പഠിക്കാനുണ്ടെന്ന് പറഞ്ഞ് മുറിയിലെത്തുന്ന പെണ്‍കുട്ടി വാതിലടയ്ക്കുന്നു. ബാഗില്‍ നിന്നും ജാസ്മിന്‍ ചന്ദനത്തിരി എടുത്ത ശേഷം കത്തിക്കുന്ന പെണ്‍കുട്ടി, മുറിയില്‍ വെച്ചിരിക്കുന്ന ശിവന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ചുവെയ്ക്കുന്നു. ഇതിനിടെ ചിത്രം തിരിച്ചുവെയ്ക്കുമ്പോള്‍ പിന്നില്‍ ചെറിയൊരു ബാഗ് കാണാം. ഇതില്‍ നിന്നും കഞ്ചാവെടുക്കുന്ന പെണ്‍കുട്ടി ഒരു ചുരുളാക്കി മാറ്റിയ ശേഷം ആഞ്ഞ് വലിക്കുന്നിടത്ത് ഹ്രസ്വചിത്രം അവസാനിക്കുന്നു.

അമ്പലവാസിയായ അച്ഛന്റേയും അമ്മയുടേയും അനുസരണയുള്ള മകളാണ് താനെന്ന് പെണ്‍കുട്ടിയുടെ ശരീരഭാഷയില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ അവയെ എല്ലാം തിരുത്തുന്നതാണ് അവസാനത്തെ ആ ഒറ്റ സീന്‍. ഭക്തി മനസിലാണോ, അതോ ശരീരത്തിലാണോ വേണ്ടതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ ഹ്രസ്വ ചിത്രം. ദീപക് ശശികുമാറാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ചിത്രസംയോജനവും ഒരുക്കിയിരിക്കുന്നത്. ഭക്തി എന്നു തന്നെയാണ് ഈ ഹ്രസ്വ ചിത്രത്തിന് ഉചിതമായ പേര്. അടുത്തിടെ ഏറ്റവും അധികം ട്രോള്‍ വന്ന ചിത്രം കൂടിയാണിത്. പ്രശസ്ത സിനിമ-സീരിയല്‍ താരം നീന കുറുപ്പാണ് കൗമാരക്കാരിയുടെ അമ്മയായി വേഷമിട്ടിരിക്കുന്നത്. യൂട്യൂബില്‍ ഹ്രസ്വചിത്രം കണ്ടവരുടെ എണ്ണം മൂന്ന്‌ലക്ഷം കവിഞ്ഞു.

DONT MISS
Top