ബാഹുബലിയെ വാനോളം പുകഴ്ത്തി രാം ഗോപാല്‍ വര്‍മ; കൂടെ ബോളിവുഡ് രാജാക്കന്മാര്‍ക്കെതിരെ ഒളിയമ്പും

ബാഹുബലിയുടെ പോസ്റ്റര്‍; രാം ഗോപാല്‍ വര്‍മ

ചിലപ്പോള്‍ കെആര്‍കെയെപ്പോലെതന്നെയാണ് ആര്‍ജിവിയും. ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ വ്യക്തിഹത്യയാണോ ഇത് എന്നുവരെ സംശയമുണ്ടാകും. മമ്മൂട്ടി ജൂനിയര്‍ ആര്‍ടിസ്റ്റാണെന്നും അഭിനയം ദുല്‍ക്കറിനെ കണ്ടുവേണം പഠിക്കാനെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞപ്പോള്‍ മലയാളികള്‍ ഒന്നടങ്കം അതിനെതിരായി സംസാരിച്ചിരുന്നു.

ഇപ്പോള്‍ ബാഹുബലിയെ വാനോളം പുകഴ്ത്തിയാണ് ആര്‍ജിവി പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ പുകഴ്ത്തുന്നതോടൊപ്പം ബോളിവുഡിലെ കേമന്മാര്‍ക്ക് ഒരു കുത്തുകൊടുക്കാനും അദ്ദേഹം മറന്നില്ല. രാജമൗലി എല്ലാ ഖാന്മാരെക്കാളും ചോപ്രമാരെക്കാളും റോഷന്മാരെക്കാളും മുകളിലാണെന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ക്കാര്‍ക്കും സാധിക്കാത്തത് രാജമൗലിക്ക് സാധിച്ചുവെന്നാണ് ആര്‍ജിവി വിരല്‍ ചൂണ്ടുന്നത്.

ചിത്രത്തെ സംബന്ധിച്ച് മൂന്ന് ട്വീറ്റാണ് അദ്ദേഹം കുറിച്ചത്. ബാഹുബലി 2 കാണുന്നവരെല്ലാം കരണ്‍ ജോഹറിന്റെ കാല് തൊട്ട് വന്ദിക്കണമെന്നാണ് മറ്റൊരു ട്വീറ്റ്. രാജമൗലിയുടെ സിനിമ വിതരണത്തിന് എടുത്തതിനാലാണത്. എസ്എസ് രാജമൗലിയുടെ ബാഹുബലി ബോളിവുഡിലെ താരരാജാക്കന്മാരെയും വലിയ സംവിധായകരെയും വിറപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

ബാഹുബലി സെക്കന്റിലൂടെ സാധിച്ചെന്ന് പ്രേക്ഷകര്‍ ഒപേസ്വരത്തില്‍ പ്രഖ്യാപിക്കുന്നു. റിലീസിന് മുന്‍പ് തന്നെ 500 കോടിയിലധികം രൂപയാണ് ബാഹുബലി നേടിയത്. അഞ്ഞൂറ് കോടി മുതല്‍ മുടക്കിയിറക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം പതിപ്പ് രാജ്യത്താകെ എണ്ണായിരത്തിലധികം തിയ്യറ്ററുകളിലും കേരളത്തില്‍ 350 തിയ്യറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ ബാഹുബലി 2 ന് ടിക്കറ്റില്ല എന്നതാണ് സ്ഥിതി. കട്ടപ്പ എന്ത് ബാഹുബലിയെ കൊന്നുവെന്ന് അറിയാന്‍ വാട്ട്‌സപ്പോ ഫെയ്‌സ്ബുക്കോ നോക്കിനില്‍ക്കാതെ, അടുത്തുള്ള തീയറ്ററിലേക്ക് കുതിക്കാനുള്ള തിരക്കിലാണ് മലയാളികളുള്‍പ്പെടെയുള്ള സിനിമാസ്വാദകര്‍.

DONT MISS
Top