ശ്രീ ശ്രീ രവിശങ്കറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു

ഫയല്‍ചിത്രം

ദില്ലി: ശ്രീ ശ്രീ രവിശങ്കറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌കാരികോത്സവത്തിന്റെ ഫലമായി യമുന തീരം നശിപ്പിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും, ദേശീയ ഹരിത ട്രൈബ്യൂണലിനുമെതിരെ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

മെയ് 9ന് മുന്‍പായി ഇതിന് മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതു പ്രവര്‍ത്തകനായ മനോജ് മിശ്ര സമര്‍പ്പിച്ച ഹര്‍ജിയിന്മേലായിരുന്നു നടപടി.

ശ്രീ ശ്രീ രവി ശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ലോക സാംസ്‌കാരിക സമ്മേളനം നടത്തിയതിനെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ട യമുനാതടം പഴയനിലയിലാകാനും ഇവിടുത്തെ ജൈവവ്യവസ്ഥ തിരികെ കൊണ്ടുവരാനും പത്തു വര്‍ഷമെടുക്കുമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

എന്നാല്‍ യമുന നദീതടം നശിപ്പിച്ചതിന് ഉത്തരവാദികള്‍ ദില്ലി സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ വാദം. സാംസ്‌കാരിക സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് അവരാണെന്നും, അതിനാല്‍ തന്നെ ഏതെങ്കിലും തരത്തില്‍ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ സര്‍ക്കാരും ട്രൈബ്യൂണലുമാണെന്നാണ് രവിശങ്കര്‍ പറഞ്ഞത്.

പരിസ്ഥിതി നാശത്തിന്റെ പേരില്‍ പിഴ ചുമത്തണമെങ്കില്‍ അത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും, ട്രൈബ്യൂണലില്‍നിന്നുമാണ് ഈടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യമുന നദീതടം പരിശുദ്ധവും, പ്രകൃതി ദുര്‍ബലവുമാണെങ്കില്‍ സാംസ്‌കാരിക സമ്മേളനം അനുവദിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top