മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കുന്നു

ഇടുക്കി: മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ കേസെടുത്തത്. കയ്യേറ്റങ്ങളുടെ വിശദവിവരങ്ങള്‍ അന്വേഷിച്ച് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ആണ് വനം പരിസ്ഥിതി സെക്രട്ടറിക്കും വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്കും കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും ഇടുക്കി ജില്ലാ കലക്ടര്‍ക്കും മൂന്നാര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ക്കും നോട്ടീസ് നല്‍കിയത്.

മൂന്നാറിന്റെ പാരിസ്ഥിതിക സന്തുലനം അപകടാവസ്ഥയിലാണ്. നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്വാറികളും ഖനനവും മൂന്നാറിന്റെ പര്‍വതങ്ങളെയും സമ്പന്നമായ ജൈവികതയെയും അപകടത്തിലാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വായുമലിനീകരണവും അനിയന്ത്രിതമായ അളവിലാണ്. പരിസ്ഥിതി നിയമം കാറ്റില്‍ പറത്തിയാണ് ഈ കെട്ടിടങ്ങളൊക്കെ നിര്‍മിച്ചിരിക്കുന്നത്, ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യ വ്യക്തികളും രാഷ്ട്രീയ നേതാക്കളും ഗവണ്മെന്റ് ഉദ്യോഗസ്ഥരും മൂന്നാറില്‍ ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ കയ്യേറ്റമൊഴിപ്പിക്കുന്ന നീക്കങ്ങള്‍ നടത്തിത്തുടങ്ങിയെങ്കിലും, താല്‍ക്കാലികമായി കയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ട്രൈബ്യൂണലിന്റെ വിധിയില്‍ പറയുന്നു.

പാപ്പാത്തിച്ചോലയില്‍ ‘സ്പിരിറ്റ് ഓഫ് ജീസസ്’ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തുകൊണ്ടായിരുന്നു കയ്യേറ്റമൊഴിപ്പിക്കല്‍ ആരംഭിച്ചത്. പിന്നീടുണ്ടായ വിവാദങ്ങള്‍ കാരണം കയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top