സൈന നെഹ്‌വാളിന്റെ ജീവിതം സിനിമയാകുന്നു: ശ്രദ്ധ കപൂര്‍ സൈനയായി എത്തും

ശ്രദ്ധ കപൂര്‍, സൈന നെഹവാള്‍

മുംബൈ: ജീവചരിത്രങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറിയിരിക്കുകയാണ് ബോളിവുഡ് ഇപ്പോള്‍. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമകള്‍ തിയേറ്ററുകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ദംഗല്‍, പാന്‍ സിംഗ് തോമര്‍, സരബ്ജിത്ത് സിംഗ്, ഭാഗ് മില്‍ക്ക ഭാഗ്, ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നീ സിനിമകള്‍ പ്രേക്ഷകപ്രീതിയോടൊപ്പം മികച്ച കളക്ഷനും കരസ്ഥമാക്കിയിരുന്നു.

ഈ വര്‍ഷവും ജീവചരിത്ര സിനിമകള്‍ക്കും കുറവില്ലെന്നാണ് ബോളിവുഡ് ലോകത്ത് നിന്നുള്ള വിവരങ്ങള്‍. ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റെണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതം സിനിമയാകുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ബോളിവുഡ് താരം ശ്രദ്ധ കപൂറായിരിക്കും സൈനയുടെ ജീവിതം ബിഗ്‌സ്‌ക്രീനില്‍ അവതരിപ്പിക്കുക. അമോല്‍ ഗുപ്തയാണ് സൈനയുടെ ജീവതത്തെ ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്യുന്നത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ബാഡ്മിന്റെണ്‍ കളിക്കാത്ത പെണ്‍കുട്ടികളില്ലെന്നും, സൈനയുടെ ജീവതം അവതിരിപ്പിക്കാന്‍ കിട്ടിയ അവസരത്തെ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും ശ്രദ്ധ കപൂര്‍ അഭിപ്രായപ്പെട്ടു. സൈന എന്നത് ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം മാത്രമല്ല അവര്‍ ഇന്ത്യയുടെ യൂത്ത് ഐക്കണ്‍ ആണെന്നും ശ്രദ്ധ കൂട്ടിച്ചേര്‍ത്തു.

സിനിമയെപ്പറ്റി താന്‍ അറിഞ്ഞിരുന്നുവെന്നും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രദ്ധയെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും സൈന നെഹവാള്‍ പ്രതികരിച്ചു. ശ്രദ്ധ വളരെ പ്രതിഭയുള്ളതും കഠിനാധ്വാനം ചെയ്യുന്നതുമായ അഭിനേത്രിയാണെന്നും, തന്റെ റോളിനോട് ശ്രദ്ധ നീതി പുലര്‍ത്തുമെന്നുള്ള ഉറച്ച വിശ്വാസമുണ്ടെന്നും സൈന പറഞ്ഞു.

ദീപിക പദുക്കോണ്‍ ചിത്രത്തില്‍ സൈനയെ അവതരപ്പിക്കുമെന്ന് വാര്‍ത്തകള്‍ മുന്‍പ് പുറത്ത് വന്നിരുന്നെങ്കിലും പിന്നീട് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുടെ ജീവിതകഥയായ ഹസീനയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രദ്ധ ഇപ്പോള്‍. ഹസീനയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതോടെ അമോല്‍ ഗുപ്ത ചിത്രത്തിന്റെ
ഷൂട്ടിംഗ് ആരംഭിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top