താലിബാന്‍ ഭീകരാക്രമണം; അഫ്ഗാന്‍ പ്രതിരോധമന്ത്രിയും സൈനിക മേധാവിയും രാജിവെച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ താലിബാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രിയും സൈനിക മേധാവിയും രാജിവെച്ചു. പ്രതിരോധമന്ത്രി അബ്ദുല്ല ഹബീബി, സൈനിക മേധാവി ഖദാം ഷാ ഷഹീം എന്നിവരാണ് രാജിവെച്ചത്. ഇരുവരുടേയും രാജി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി സ്വീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ 140 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതിരോധമന്ത്രി അബ്ദുല്ല ഹബീബി (വലത്), സൈനിക മേധാവി ഖദാം ഷാ ഷഹീം (ഇടത്)

വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലെ മസാര്‍ ഇ ഷരീഫുള്ള സൈനിക താവളത്തിലാണ് കഴിഞ്ഞ ദിവസം താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയത്.
സൈനിക വേഷത്തില്‍ ചെക്ക്‌പോസ്റ്റ് കടന്ന പത്തോളം താലിബാന്‍ ഭീകരരാണ് ആക്രമണം നടത്തിയത്. പള്ളിയില്‍ നിന്ന് പുറത്തേക്ക് വന്നവര്‍ക്കും ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്കും നേര്‍ക്കാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. മോസ്‌കിനും സൈനിക താവളത്തിനും ഇടയിലുള്ള ഭാഗത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. മസാര്‍ ഇ ഷരീഫിലേത് അഫ്ഗാന്‍ ദേശീയ സൈന്യത്തിന്റെ 209ാം ബറ്റാലിയന്റെ താവളമാണ്.

അടുത്തിടെ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിരവധി മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമാണ് സൈനിക ക്യാമ്പിന് നേരെയുള്ള ആക്രമണമെന്ന് താലിബാന്‍ വക്താവ് സാബിയുള്ള മുജാഹിദ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top