പെണ്‍കുഞ്ഞുങ്ങളെ ചേലാകര്‍മം നടത്തിയതിന് ഇന്ത്യക്കാരനായ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ അറസ്റ്റില്‍

ഫക്രുദിന്‍ അത്തര്‍, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍

മിഷിഗണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങളുടെ ലിംഗച്ഛേദം നടത്തിയതിന് അമേരിക്കയില്‍ ഇന്ത്യക്കാരനായ ഡോക്ടര്‍ അറസ്റ്റിലായി. ഫക്രുദിന്‍ അത്തര്‍ എന്ന അമ്പത്തിനാലുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഫരീദാ അത്തറും അറസ്റ്റിലായിട്ടുണ്ട്. മിഷിഗണിലാണ് സംഭവം നടന്നത്.

ചേലാകര്‍മം നിര്‍വഹിക്കാന്‍ ഇന്ത്യക്കാരിയായ യമുന നാഗര്‍വാള എന്ന ഡോക്ടറെ ഇവര്‍ സഹായിച്ച് വരികയായിരുന്നു. ഇവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഗുജറാത്തുകാരനായ ഫക്രുദിന്‍ അത്തര്‍ ബറോഡ മെഡിക്കല്‍ കോളേജില്‍നിന്നാണ് മെഡിക്കല്‍ ബിരുദം നേടിയത്. ഫക്രുദ്ദിന്‍ ഉടമസ്ഥനായ ആശുപത്രിയിലാണ് യമുന ജോലി ചെയ്തിരുന്നത്. അവര്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നതാണ് ഇന്ന് അറസ്റ്റിലായവര്‍ ചെയ്ത കുറ്റം.

ചേലാകര്‍മം നടത്തുന്നത് അമേരിക്കയില്‍ കൊടും കുറ്റമാണ്. പഠനങ്ങള്‍ വ്യക്തമാക്കുന്നത് അമേരിക്കയില്‍ അഞ്ചുലക്ഷത്തിലേറെ പെണ്‍കുഞ്ഞുങ്ങള്‍ ചേലാ കര്‍മ ഭീഷണിയിലാണെന്നാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചേലാകര്‍മം നടത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ കൂടിവരികയാണ്. കുഞ്ഞുങ്ങളോട് ചെയ്യുന്ന ഇത്തരം കൊടും ക്രൂരതകള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ യുഎസ് ഗവണ്‍മെന്റ് ആലോചിച്ചുവരികയാണ്.

DONT MISS
Top