ആമിറിനോട് മുട്ടാനില്ല; യന്തിരന്‍ രണ്ടാം ഭാഗം ദീപാവലിക്ക് എത്തില്ല

ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതും സാങ്കേതികമായി ഏറെ മികച്ച സിനിമകളിലൊന്നുമായിരുന്നു ഏഴുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ എന്തിരന്‍ എന്ന സിനിമ. ഇതിന്റെ രണ്ടാം ഭാഗമായ 2.0 രണ്ടുവര്‍ഷത്തോളമായി അണിയറയില്‍ ഒരുങ്ങുന്നുണ്ടുതാനും. എന്നാല്‍ 2.0 നേരത്തെ നിശ്ചയിച്ചതുപോലെ ഇക്കൊല്ലം ദീപാവലിക്ക് റിലീസ് ചെയ്യില്ല.

ഒക്ടോബറില്‍ത്തന്നെയാണ് ആമിര്‍ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ പുറത്തിറങ്ങുന്നത്. ഒക്ടോബറില്‍ത്തന്നെ 2.0 ഇറങ്ങിയാല്‍ അത് രണ്ട് ചിത്രങ്ങളേയും മോശം രീതിയില്‍ ബാധിക്കും. അതിനാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രമിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ സാരഥി രാജു മഹാലിംഗം ട്വീറ്റിലൂടെയാണിക്കാര്യം പുറത്തുവിടുന്നത്.

2.0യില്‍ രജനീകാന്തിന്റെ വില്ലനായെത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ്. ആമി ജാക്‌സനാണ് നായിക. നിറവ് ഷായും ആന്റണിയും ക്രമത്തില്‍ ക്യാമറ, എഡിറ്റിംഗ് എന്നിവ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതം പതിവുപോലെ എആര്‍ റഹ്മാനും കൈകാര്യം ചെയ്യുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ മുതല്‍ മുടക്കിലിറങ്ങുന്ന ചിത്രമാണിതെന്നാണ് അവകാശവാദം.

350 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്കായി പറയപ്പെടുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കുന്നതായിരിക്കും 2.0 ലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പേള്‍ ഹാര്‍ബര്‍, ട്രാന്‍സ്‌ഫോമേഴ്‌സ്, ഡൈ ഹാര്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്ന കെന്നി ബാറ്റ്‌സാണ് 2.0 യുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

DONT MISS
Top