“സീതാറാം യെച്ചൂരി മല്‍സരിച്ചാല്‍ പിന്തുണയ്ക്കാം”; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യെച്ചൂരിയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

യെച്ചൂരി, രാഹുല്‍ഗാന്ധിയ്ക്കൊപ്പം

ദില്ലി : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ്. സിപിഐഎം നേതൃത്വത്തെയാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പിന്തുണതേടി യെച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യെച്ചൂരിയുടെ രാജ്യസഭാ കാലാവധി ആഗസ്റ്റില്‍ അവസാനിക്കുകയാണ്.

പശ്ചിമബംഗാളിലെ ആറ് രാജ്യസഭ സീറ്റുകളിൽ ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളിൽ അഞ്ചെണ്ണം തൃണമൂൽ കോൺഗ്രസിെൻറ കൈവശവും ഒരെണ്ണം സിപിഐഎമ്മിനുമാണ്. 294 അംഗ ബംഗാള്‍ നിയമസഭയില്‍  211 അംഗങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് 44 ഉം, സിപിഐഎമ്മിന് 26 ഉം അംഗങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്.

അതേസമയം യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഐഎം അന്തിമതീരുമാനമെടുത്തിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിപിഐഎം കേന്ദ്രനേതൃത്വം അറിയിച്ചു. ബംഗാൾ ഘടകത്തിന് യെച്ചൂരി മൽസരിക്കുന്നതിനോട് എതിർപ്പില്ലെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിക്കുന്നത് അനൌചിത്യമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ, സിപിഐഎം നയമനുസരിച്ച് ഒരാള്‍ക്ക് രാജ്യസഭാ എംപി പദവിയിലേക്ക് രണ്ട് ടേമില്‍ കൂടുതല്‍ അനുവദിക്കാറില്ല.  യെച്ചൂരിയുടെ രണ്ട് ടേമാണ് ആഗസ്റ്റില്‍ അവസാനിക്കുന്നത്. അതിനാല്‍ നിലവില്‍ പിന്തുടരുന്ന രീതി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയ്ക്ക് വേണ്ടി മാറ്റേണ്ടതുണ്ടോ എന്നും ഒരു വിഭാഗം ഉന്നയിക്കുന്നു. എന്തായാലും രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേയ്ക്ക് സിപിഐഎം കേന്ദ്രനേതൃത്വം ഇതുവരെ കടന്നിട്ടില്ലെന്നാണ് സൂചന.

DONT MISS
Top