പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിയമലംഘകരെ മടക്കിയയക്കുന്നതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി സൗദി

പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി കാത്തുനില്‍ക്കുന്നവര്‍

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിയമ ലംഘകരായ ഇന്ത്യക്കാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുന്നതിന് ഇന്ത്യന് എംബസിയുടെ ശ്രമങ്ങളെ സൗദി ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍സാലിമും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയെ അഭിനന്ദിച്ചത്.

പിഴും ശിക്ഷയും ഇല്ലാതെ നിയമ ലംഘകരെ മാതൃരാജ്യങ്ങളിലേക്കു മടക്കി അയക്കുന്നതിനുളള പൊതുമാപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് അംബാസഡര്‍ അഹമ്മദ് ജാവേദും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍സാലിമുമായി ചര്‍ച്ച നടത്തിയത്. ഇരുരാഷ്ട്രങ്ങള്‍ക്കും താല്‍പര്യമുള്ള വിവിധ വിഷയങ്ങളും സൗദിയിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിശകലനം ചെയ്തു.

നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിയമ ലംഘകരായ മുഴുവന്‍ ഇന്ത്യക്കാരെയും മാതൃരാജ്യത്തേക്ക് മടക്കി അയക്കാനുളള കര്‍മ്മ പദ്ധതി ഇന്ത്യന്‍ എംബസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ എംബസിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരത്തോടെ 21 ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുമാപ്പ് പ്രഖ്യാപിച്ച് ഇരുപത്തി നാലു ദിവസത്തിനിടെ 16,167 ഔട്ട്പാസ് അപേക്ഷകളാണ് ഇന്ത്യന്‍ എംബസി സ്വീകരിച്ചത്. ഇതില്‍ 14,965 ഔട്ട്പാസുകള്‍ വിതരണം ചെയ്തതായും എംബസി അറിയിച്ചു.

DONT MISS
Top