“എംജിആര്‍ ജയലളിത ദ്രാവിഡ മുന്നേറ്റ കഴകം”; പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ ഭര്‍ത്താവ് മാധവന്‍

പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തില്‍ നിന്ന്

ചെന്നൈ : തമിഴ്‌നാട്ടില്‍ പുതിയൊരു രാഷ്ട്രീയപാര്‍ട്ടി കൂടി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ ഭര്‍ത്താവ് മാധവനാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്. എംജിആര്‍ ജയലളിത ദ്രാവിഡ മുന്നേറ്റ കഴകം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.


ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തില്‍ വെച്ചായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ ഫെബ്രുവരി 24 ന് എംജിആര്‍ അമ്മ ദീപ പേരവൈ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

എംജിആര്‍ അമ്മ ദീപ പേരവൈയുടെ തുടക്കത്തില്‍ സജീവമായിരുന്ന മാധവന്‍ ഏതാനും ആഴ്ചകള്‍ക്കകം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുകയായിരുന്നു. പാര്‍ട്ടിയില്‍ തിന്മയുടെ ശക്തികള്‍ പിടിമുറുക്കിയെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹം പുറത്തുപോയത്. തുടര്‍ന്ന് മാര്‍ച്ച് 18 ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ എംജിആര്‍ അമ്മ ദീപ പേരവൈയുടെ സ്ഥാനാര്‍ത്ഥിയായി ദീപ ജയകുമാര്‍ മല്‍സരിക്കുന്നുണ്ട്. എന്നാല്‍ ശശികല പക്ഷം സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെ ആക്ഷേപത്തെത്തുടര്‍ന്ന് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു.

DONT MISS
Top