‘അവസാനത്തെ ‘എം’ ഈ ജര്‍മ്മന്‍ ഫിലോസഫറാണ്’; മൂന്നാര്‍ വിവാദത്തില്‍ സിപിഐഎമ്മിനെ മാര്‍ക്‌സിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു

പിണറായിയും മാര്‍ക്സും ആഷിഖും

കൊച്ചി: സിപിഐഎമ്മിന്റെ വേദികളിലെ സജീവസാന്നിധ്യമാണ് സംവിധായകന്‍ ആഷിഖ് അബു. മുഖ്യമന്ത്രി പിണറായി വിജയനെ സര്‍ക്കാരിന്റെ ഓരോ നേട്ടത്തിലും അഭിനന്ദിച്ച് ആഷ്ിഖ് ഫെയ്‌സ്ബുക്കില്‍ രംഗത്തെത്താറുമുണ്ട്. സിപിഐഎം അനുയായിയായ പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകരുടെ പട്ടികയിലുള്ള ആഷിഖ് അബുവാണ് ഇപ്പോള്‍ സിപിഐഎമ്മിന് ഓര്‍മ്മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂമി കയ്യേറ്റവിഷയത്തില്‍, സിപിഐഎം സ്വീകരിക്കുന്ന നിലപാടിനൊപ്പമല്ല ആഷിഖ് നീങ്ങുന്നത്.

സിപിഐ(എം) എന്ന പാര്‍ട്ടി പേരിലെ ബ്രായ്ക്കറ്റിനുള്ളിലെ എമ്മിന്റെ ഉടമ മാര്‍ക്‌സ് ആണെന്നും അദ്ദേഹമൊരു ജര്‍മ്മന്‍ തത്വചിന്തകനാണെന്നും ആഷിഖ് ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം ഭൂമി വരും കാലത്തേക്ക് കരുതിവെക്കാന്‍ ആവശ്യപ്പെടുന്ന മാര്‍ക്‌സിന്റെ ഈ വരികളും ആഷിഖ് അബു ഓര്‍മ്മിപ്പിക്കുന്നു. ‘ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെയോ ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല അത്. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ് നമ്മള്‍. നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുറകള്‍ക്ക് അത് കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍’. ഇതാണ് പോസ്റ്റിലെ വാക്കുകള്‍.

മാര്‍ക്‌സിസത്തോളം പരിസ്ഥിതി സംരക്ഷണത്തെ ഇതുപോലെ അഭിസംബോധന ചെയ്ത മറ്റൊരു പ്രത്യയശാസ്ത്രമില്ല. ആ പ്രത്യയശാസ്ത്രം പിന്തുടരുന്ന പാര്‍ട്ടിയില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നതെന്ന് തന്നെയാണ് ആഷിഖ് അബു പറഞ്ഞുവെക്കുന്നത്. മാര്‍ക്‌സിനെ മറക്കരുതെന്ന് ആഷിഖ് പറയുന്നു. ഇടുക്കി സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടെ പിന്തുണച്ച് ഇന്നലെ ആഷിഖ് രംഗത്തെത്തിയിരുന്നു. കുരിശ് പൊളിച്ചതിനെ ബാബറി മസ്ജിദ് തകര്‍ത്തതുമായി താരതമ്യം ചെയ്യുന്ന കെസിബിസിക്കെതിരെയും ആഷിഖ് പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ താന്‍ സിപിഐഎമ്മിനൊപ്പമില്ലെന്ന പ്രഖ്യാപനമായാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്. പിണറായിയുടെ പരാമര്‍ശത്തിലുള്ള നിരാശ ആഷിഖിന്റെ പോസ്റ്റിന് കമന്റായി രേഖപ്പെടുത്തുന്നവര്‍ നിരവധിയാണ്. മാര്‍ക്‌സിനെ പിണറായി അറിയുകയേ ഇല്ലെന്ന് പ്രഖ്യാപിക്കുന്നവര്‍ പോലുമുണ്ട്.

സംവിധായകനും നടനുമായ ജോയ്മാത്യുവും പിണറായിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത് സ്വയം കുരിശാകുക യാണു വേണ്ടത് എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുകയും അത് പിന്നീട് ഒരു സഭയായി മാറുന്നതും കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണെന്നാണ് ജോയ് മാത്യു പറയുന്നത്. ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ലെന്നും എന്നാല്‍ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്ക ണം എന്നു പറയുന്നതിന്റെ പൊരുളെന്താണെന്നും ജോയ്മാത്യു ചോദിക്കുന്നു. മത ചിഹ്നങ്ങള്‍ വെച്ചുള്ള കയ്യേറ്റങ്ങള്‍ ,അത് ഏത് മതത്തിന്റേതായാലും തിരിച്ചു പിടിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവണ്‍മ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നതെന്നും ജോയ് മാത്യു പറയുന്നു. കുരിശ് നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവണ്‍മെന്റിന്റെ നിലപാടിനെ സ്വാഗതം ചെയ്ത ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസിനോട് എല്ലാ ആദരവുണ്ടെന്നും ജോയ് മാത്യൂ പറയുന്നു. എല്ലാ മതമേധാവികളും ഈ മാതൃക പിന്തുടരുകയാണെങ്കില്‍ നാടിന് ഗുണകരമാകുമെന്നും ജോയ്മാത്യൂ പോസ്റ്റില്‍ പറയുന്നു.
ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായി സ്ഥാപിക്കുന്ന കുരിശുകളാണ് പിന്നീട് കോടികള്‍ ചിലവഴിച്ച് പള്ളിയായി മാറുന്നതെന്ന് ജോയ് മാത്യു പറയുന്നു.സ്വന്തമായി ഒരു കൂരയോ ഒരു സെന്റ് ഭൂമിയോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യര്‍ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീ ബലത്തില്‍ മത മാഫിയകള്‍ ഏക്കറുകള്‍ കൈവശപ്പെടുത്തുന്നതെന്നും ജോയ് മാത്യു ആരോപിക്കുന്നു. ഭൂമി കൈയ്യേറി സ്ഥാപിച്ച കുരശ് പൊളിച്ചുമാറ്റിയ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരു ന്നു. കേരളത്തിലെ ഒരുവിഭാഗം ജനങ്ങള്‍ വലിയതോതില്‍ വിശ്വാസം അര്‍പ്പിക്കുകയും പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്ന പ്രതീകത്തെ നശിപ്പിക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് സര്‍ക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ആ പരാമര്‍ശത്തെയാണ് ജോയ് മാത്യു നേരിട്ടും, ആഷിഖ് അബു ഓര്‍മ്മപ്പെടുത്തലിലൂടെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top