“കയ്യേറ്റക്കാരുടെ ദല്ലാളായി മുഖ്യമന്ത്രി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല”; മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിനോയ് വിശ്വം

ബിനോയ് വിശ്വം, പിണറായി വിജയന്‍

തിരുവനന്തപുരം : മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശടി നീക്കം ചെയ്ത സംഭവം സിപിഐ സിപിഐഎം തര്‍ക്കത്തിലേയ്ക്ക് വീണ്ടും വഴിമാറുന്നു. കുരിശ് മാറ്റിയതില്‍ മുഖ്യമന്ത്രി പിണരായി വിജയന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തി. അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിനോയ് വിശ്വം വിമര്‍ശിച്ചത്.

വസ്തുതകള്‍ മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കയ്യേറ്റക്കാരുടെ ദല്ലാളായി മുഖ്യമന്ത്രി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രി തെറ്റിദ്ധാരണ മാറ്റണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മൂന്നാറില്‍ ഇന്നലെ നടന്ന ഒഴിപ്പിക്കല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. അത് സ്വാഭാവിക നടപടിക്രമം മാത്രമായിരുന്നു. മൂന്നാറില്‍ നടപ്പിക്കുന്നത് ഒഴിപ്പിക്കലാണ്, ആ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ല, മറുപടി പറയുന്നത് ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു.

മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കയ്യേറ്റ നടപടിയെ വിമര്‍ശിച്ച് ഇന്നലെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാപ്പാത്തി ചോലയിലെ കുരിശ് പൊളിച്ചുമാറ്റേണ്ടിയിരുന്നില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ മതിയായിരുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. റവന്യൂസംഘം കൂടുതല്‍ ജാഗ്രത കാട്ടണമായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

DONT MISS
Top