രാമന്തളിക്കാരുടെ കിണറുകളില്‍ ‘മല’വെള്ളം നിറക്കുന്ന നാവിക അക്കാദമി, നിരാഹാര സമരവുമായി ജനങ്ങള്‍

മലിനജലം നിറഞ്ഞ കിണറുകളിലൊന്ന്

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് രാമന്തളിയില്‍ പലയിടത്തും വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നു. എന്നാല്‍, ഈയിടെയായി ഇവിടത്തെ കിണറുകള്‍ വറ്റാതായി. രാമന്തളിയിലെ ജനങ്ങള്‍ക്ക് അതൊരു പുതിയ കാര്യമായിരുന്നു. കിണറുകളിലെ വെള്ളത്തിന് ക്രമേണ നിറഭേദമുണ്ടാകാനും തുടങ്ങി. അത് സ്വാഭാവികമായ ഉറവയില്‍ നിന്നല്ല, ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ള കക്കൂസ് മാലിന്യമടക്കമാണ് കിണറുകളിലെന്ന് വെള്ളം പരിശോധിച്ചപ്പോള്‍ മനസ്സിലായി.

ഇവിടത്തെ വെള്ളം കണ്ണൂരിലെ ക്വാളിറ്റി കണ്‍ട്രോള്‍ റീജ്യണല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ കോളിഫോം ബാക്ടീരിയയുടെ അളവ് 1100 + cfu ആണ്. 2500 ഏക്കറോളം സ്ഥലത്ത് നിലനില്‍ക്കുന്ന നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് ചുറ്റുമതിലോടുചേര്‍ന്നാണ് നില്‍ക്കുന്നത്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഇവിടെ നടക്കുന്നില്ല എന്നതിന്റെ തെളിവാണ് കക്കൂസ് മാലിന്യം കിണറുകളിലെത്തുന്നത് വ്യക്തമാക്കുന്നത്.

മാലിന്യ പ്ലാന്റിന്റെ നിര്‍മാണ സമയത്തുതന്നെ പഞ്ചായത്തുവഴി പ്ലാന്റ് ഉണ്ടാക്കാന്‍ പോകുന്ന മാലിന്യപ്രശ്‌നം നാട്ടുകാര്‍ അക്കാദമിയെ അറിയിച്ചിരുന്നു. എന്നാല്‍, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് പ്ലാന്റില്‍ നടക്കുകയെന്നും ആശങ്കകളുടെ ആവശ്യമില്ലെന്നും അക്കാദമി ഉറപ്പുനല്‍കുകയായിരുന്നു.

ജനാരോഗ്യ സംരക്ഷണ സമിതി എന്ന കൂട്ടായ്മ ഇപ്പോള്‍ നാവിക അക്കാദമിക്കെതിരെ നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്. സംഘടനകളുടെ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ നാവിക അക്കാദമിക്കെതിരെ സമരം ചെയ്യുന്നത്. എന്നാല്‍, നാവിക അക്കാദമി ആരോപണങ്ങള്‍ തള്ളി. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി എന്നതുകൊണ്ട് മാത്രം നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റാണ് അതതിനു കാരണമെന്ന് പറയാന്‍ തെളിവുകളില്ലെന്ന് അക്കാദമിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ആര്‍ജി അജിത് പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വച്ഛ് ഭാരത്പദ്ധതി കൊട്ടിഘോഷിക്കപ്പെടുമ്പോഴാണ് നാവിക അക്കാദമി ആസ്ഥാനം കാരണം തങ്ങള്‍ ബുദ്ധിമുട്ടുന്നതെന്ന് രാമന്തളിയിലെ ജനങ്ങള്‍ പറയുന്നു. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അടച്ചുപൂട്ടുക എന്ന ആവശ്യവുമായി അനിശ്ചിതകാല സമരത്തിലാണ് ജനാരോഗ്യ സംരക്ഷണ സമിതി. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. ബോര്‍ഡിന്റെ എന്‍ഓസി ഇല്ലാതെ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന കാര്യം കണ്ടെത്തിയതോടെ ബോര്‍ഡ് അക്കാദമിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും സമരസമിതിയംഗം വിനോദ് കുമാര്‍ പറയുന്നു.

ഇതിനകം തന്നെ മലിനപ്പെട്ടുകഴിഞ്ഞ ഭൂമിയില്‍ വരും തലമുറകള്‍ ജീവിക്കണമെങ്കില്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എംവി ഗോവിന്ദന്‍ പറഞ്ഞു. ഒന്നര മാസമായി തുടരുന്ന ഇവരുടെ സമരം ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. സമരം വിഷയമാക്കി ചിത്രകാരന്‍ നിപിന്‍ നാരായണന്‍ വരച്ച ചിത്രങ്ങള്‍ പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top