പ്രധാന താരങ്ങളാര്? ശ്രീകൃഷ്ണനായി മനസില്‍ കാണുന്നതാരെ? മമ്മൂട്ടി ഉണ്ടാകുമോ? ഒടിയന്‍ സംഭവിക്കുമോ? ഒടിയന്റ കഥാതന്തു എന്താണ്? മനസുതുറന്ന് വിഎ ശ്രീകുമാര്‍

വിഎ ശ്രീകുമാര്‍, മോഹന്‍ലാല്‍ (ഫാന്‍ മെയ്ഡ് പോസ്റ്റര്‍), മഹേഷ് ബാബു, ഹൃതിക് റോഷന്‍

മഹാഭാരത് എന്ന 1000 കോടിയുടെ സിനിമയേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍. ട്രോയിയിലേയും ഗ്ലാഡിയേറ്ററിലേയും രംഗങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കുപോലും പരിചിതമാണ്. അതിനെ കടത്തിവെട്ടുന്ന രീതിയില്‍ ചിത്രമൊരുക്കുന്നത് വെല്ലുവിളിയാണ്. ലോക സിനിമയിലെ ഏറ്റവും മികച്ച രീതിയിലുള്ള യുദ്ധരംഗമാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുമോ എന്നും പ്രധാന താരങ്ങള്‍ ആരൊക്കെ എന്നതിനേക്കുറിച്ചും ഒടിയന്‍ എന്ന ചിത്രത്തേക്കുറിച്ചും സംസാരിക്കാനും ശ്രീകുമാര്‍ തയാറായി. യുഎയില്‍ ക്ലബ് എഫ്എമ്മിലെ കലക്കന്‍ റീച്ചാര്‍ജ് എന്ന പരിപാടിയില്‍ ആര്‍ജെ ഷാനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ചിത്രവും ഇന്ത്യയിലെ എക്കാലത്തേയും വലിയ ചിത്രവുമാണത്. ഇത്ര വലിയ മേക്കിംഗ് ഇതിന്റെ തിരക്കഥ അര്‍ഹിക്കുന്നു. അത്ര വലിയ സ്‌കെയിലിലെ ഇത് ഒരുക്കാനാവൂ. മഹാഭാരതവുമായി ഓരോ ഇന്ത്യക്കാരനും അത്ര വൈകാരിക ബന്ധവുമുണ്ട്. ഓരോ കഥാപാത്രത്തേക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. എംടിയുടെ തിരക്കഥയിലെ ഓരോ കഥാപാത്രവും വരുന്നത് വ്യക്തമായ വിശദീകരണക്കുറിപ്പുമായിട്ടാണ് വരുന്നത്. തിരക്കഥതന്നെ ഒരു മഹത് ഗ്രന്ഥമാണ്” ശ്രീകുമാര്‍ പറഞ്ഞു. തിരക്കഥ വേണമെങ്കില്‍ ആര്‍ജെ ഷാന് വായിക്കാന്‍ തരാം എന്നും അദ്ദേഹം തമാശയായി പറഞ്ഞു.

“ഇന്ത്യന്‍ അഭിനേതാക്കളില്‍ ആരൊക്കെയുണ്ടാവും ചിത്രത്തില്‍ എന്നു ചെറിയ ചില സൂചനകള്‍ നല്‍കാനും സംവിധായകന്‍ തയാറായി. മമ്മൂട്ടിക്ക് പറ്റുന്ന കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാവും. എന്നാല്‍ മമ്മൂട്ടിയെ സമീപിച്ചിട്ടില്ല. രണ്ടുവര്‍ഷം മറ്റ് പ്രൊജക്ടുകള്‍ ഒന്നും ചെയ്യാതിരിക്കേണ്ടിവരും ഈ ചിത്രത്തില്‍ ഭാഗമാകാന്‍. ഇനിയിപ്പോള്‍ ഒരു കഥാപാത്രമായി മമ്മൂട്ടിയെ കണ്ടാലും അത്ഭുതപ്പെടാനില്ല. ഒരു അന്താരാഷ്ട്ര കാസ്റ്റിംഗ് കമ്പനിയാണ ഇതിനായി കാസ്റ്റിംഗ് നടത്തുന്നത്” അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് ചിത്രത്തില്‍ ഉണ്ടാകുമെന്നുള്ളതിന്റെ ചെറുതല്ലാത്ത സൂചനയും സംവിധായകന്‍ നല്‍കി.

ശ്രീകൃഷ്ണനായി താന്‍ കാണുന്നത് മഹേഷ് ബാബുവിനേയോ ഹൃതിക് റോഷനെയോ ആണ്. ശ്രീകൃഷ്ണന്‍ സൗന്ദര്യം കൊണ്ടും വശ്യമായ ഭാവങ്ങള്‍ കൊണ്ടുമൊക്കെ നമ്മുടെ മനസിലുള്ള കഥാപാത്രമാണ്. ഇപ്പോഴും കൃഷ്ണന്‍ എന്നുപറഞ്ഞാല്‍ നിതീഷ് ഭരദ്വാജാണ് ഓര്‍മ വരുന്നത്. ചിത്രത്തില്‍ രണ്ടുസീനില്‍ വരുന്ന കഥാപാത്രം പോലും പവര്‍ഫുള്ളാണ്. അതിനായി ഇന്ത്യയിലെ മികച്ച നടന്മാരെ സമീപിക്കേണ്ടിവരും. അതിനായി അവരെയെല്ലാം അണിനിരത്തുക എന്നതുതന്നെ വലിയ വെല്ലുവിളിയാണെവന്നു ശ്രീകുമാര്‍ പറയുന്നു.

“മഹാഭാരതത്തിന് കൊടുക്കേണ്ട മാന്യത അതിന് നല്‍കണമെങ്കില്‍ സാങ്കേതിക വിഭാഗം പെര്‍ഫെക്ടായിരിക്കണം. എല്ലാവര്‍ക്കും പരിചിതമാണ് ഇതിലെ ഓരോ രംഗവും. ട്രോയിയിലേയും ഗ്ലാഡിയേറ്ററിലേയും രംഗങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കുപോലും പരിചിതമാണ്. അതിനെ കടത്തിവെട്ടുന്ന രീതിയില്‍ ചിത്രമൊരുക്കുന്നത് വെല്ലുവിളിയാണ്. ലോക സിനിമയിലെ ഏറ്റവും മികച്ച രീതിയിലുള്ള യുദ്ധരംഗമാണ് ചിത്രീകരിക്കേണ്ടിവരിക. യുദ്ധത്തിന്റെ ഭാഗമാകുന്നത് ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിഗദ്ധരാണ്” സംവിധായകന് മഹാഭാരതം ഒരു ലോകസിനിമയാക്കാനാകുമെന്ന് ഉറപ്പുള്ള വാക്കുകള്‍. എന്നാല്‍ ഒടിയന്‍ എന്ന സിനിമയ്ക്കുശേഷമാണ് മഹാഭാരതമൊരുക്കുക എന്ന് അദ്ദേഹം പറയുന്നു.

“മണ്ണിന്റെ മണമുള്ള ത്രില്ലറാവും ഒടിയന്‍. മൃഗത്തിന്റെ വേഷമിട്ട് ഇരുളിന്റെ മറപറ്റി മനുഷ്യരെ പേടിപ്പിക്കുന്ന ഒരു സംഘം തമിഴ്‌നാട്ടിലുണ്ടായിരുന്നു. കൊല്ലാറില്ല അവര്, ചിലര്‍ പേടിച്ച് മരിക്കും. ജീവിച്ചിരിക്കുന്ന അവസാന ഒടിയനായിട്ടാവും മോഹന്‍ലാല്‍ അഭിനയിക്കുക” ഒടിയന്റെ യതാര്‍ഥ കഥാ തന്തു ഇതാദ്യമായാണ് പുറത്തുവരുന്നത്. ഇത്രവലിയ പ്രൊജക്ട് സംഭവിക്കാന്‍ കാരണക്കാരായ പേര് ഇപ്പോള്‍ വെളിപ്പെടാന്‍ ആഗ്രഹിക്കാത്ത രണ്ട് മലയാളികള്‍ കൂടിയുണ്ട് അവര്‍ക്കും ഇതിന്റെ ക്രെഡിറ്റ് നല്‍കണം എന്നും വിഎ ശ്രീകുമാര്‍ പറഞ്ഞു.

DONT MISS
Top