‘എംടിയുടെ മാനസികവൈകല്യത്തിന് മഹാഭാരതമെന്ന് പേരിടരുത്’; രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനെതിരെ സംഘപരിവാര്‍ പ്രചരണം

കൊച്ചി: എംടിയുടെ രണ്ടാമൂഴം മോഹന്‍ലാല്‍ നായകനായി സിനിമയാകുന്നു. സിനിമയുടെ സംവിധായകന്‍ പരസ്യനിര്‍മ്മാതാവ് ശ്രീകുമാറും, നിര്‍മ്മാതാവ് യുഎഇ എക്‌സ്‌ചേഞ്ച് ഉടമ ബിആര്‍ ഷെട്ടിയും. സിനിമയ്ക്ക് പേര് മഹാഭാരതമെന്ന്. ദേശീയമാധ്യമങ്ങള്‍ പോലും ഈ വാരത്തില്‍ മലയാളസിനിമയുടെ ഈ സമ്മാനത്തിന് ചുറ്റുമായിരുന്നു. ഭീമനാകുന്ന ലാലേട്ടന് അഭിവാദ്യമര്‍പ്പിച്ച് ആദ്യം രംഗത്തെത്തിയ സംഘപരിവാര്‍ അനുയായികള്‍ക്ക് ഇപ്പോള്‍ ചെറിയ ഒരു തിരിച്ചറിവ് വന്നിട്ടുണ്ട്. സിനിമയെ നഖശിഖാന്തം എതിര്‍ത്താണ് സംഘപരിവാര്‍ അനുയായികള്‍ രംഗത്തെത്തിയിരിക്കുന്നത്. കെപി ശശികലയെ അനുകൂലിക്കുന്നവരുടെ ഫെയ്‌സ്ബുക്ക് പേജുള്‍പ്പെടെ അണികളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കാന്‍ മുന്‍പിലെത്തിയിട്ടുണ്ട്.

ആയിരമല്ല, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം ‘മഹാഭാരത’മാകില്ലെന്നും, വ്യാസമഹാഋഷിയുടെ മഹാഭാരതം ഒരിക്കലും രണ്ടാമൂഴവുമല്ലെന്നും അവര്‍ ആരോപിക്കുന്നു. എംടിയുടെ മാനസികവൈകല്യ കൃതിയാണ് രണ്ടാമൂഴമെന്ന് അവര്‍ ആരോപിക്കുന്നു. ആ കൃതിയെ ആസ്പദമാക്കി ഇറങ്ങുവാന്‍ പോകുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നല്‍കുകയാണെങ്കില്‍ അതിനെതിരെ കോടതിയില്‍ പോകുവാന്‍ തയാറാകണമെന്നും ശശികലയുടെ അണികള്‍ ആഹ്വാനം ചെയ്യുന്നു. കാരണം മഹാഭാരതത്തിന്റെ ജാരസന്തതിയെന്ന് പോലും വിളിക്കപ്പെടാന്‍ യോഗ്യതയില്ല രണ്ടാമൂഴത്തിനെന്നും അവര്‍ പറയുന്നു. ആ കൃതി മഹാഭാരതമാക്കിയാല്‍ അത് കാണുന്ന ലോകജനതയും വരും തലമുറയും ഇതിനെ യഥാര്‍ത്ഥ മഹാഭാരത കഥയായി തെറ്റിദ്ധരിക്കുവാന്‍ ഇടയുണ്ട്. അത് അനുവദിക്കരുതെന്നും വി ലവ് ശശികല പേജ് ആവശ്യപ്പെടുന്നു. അങ്ങനെ കേസ് കൊടുത്താല്‍ കുറഞ്ഞ പക്ഷം ‘ഇത് ഞങ്ങടെ സ്വതന്ത്ര വ്യാഖ്യാനം, യഥാര്‍ത്ഥ മഹാഭാരതവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന മുന്നറിയിപ്പെങ്കിലും നല്‍കുവാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുമെന്നും പേജ് പറഞ്ഞുവെക്കുന്നു. ഹൈന്ദവരോട് അഭ്യര്‍ത്ഥന എന്ന പേരിലാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടരലക്ഷത്തോളം പിന്തുണക്കാരുള്ള പേജാണിത്.

പേജിലെ പോസ്റ്ററില്‍ എംടിയുടെ ചിത്രം മാത്രമാണുള്ളതെന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാലിന്റെ പല നിലപാടുകളും പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്ന രീതിയിലാണെന്ന് അവകാശപ്പെട്ട് മുന്‍പ് തന്നെ അദ്ദേഹത്തെ ‘സ്വന്തം ആളായി’ വെച്ചിരുന്നവരാണ് കേരളത്തിലെ സംഘപരിവാര്‍ അനുകൂലികള്‍. സിനിമ നിര്‍മ്മിക്കുന്ന ബിആര്‍ ഷെട്ടിയും പഴയ സംഘപരിവാര്‍ അനുകൂലിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയ സ്വീകരണപരിപാടിയുടെ സംഘാടകനും, മോദിയെ വേദിയിലേക്ക് ക്ഷണിച്ചതുപോലും ഷെട്ടിയായിരുന്നു. അതിനാല്‍ തന്നെ സിനിമ പ്രഖ്യാപിച്ചതുമുതല്‍, പിന്തുണയ്ക്കാതിരിക്കാന്‍ അണികള്‍ക്ക് മറ്റ് കാരണമുണ്ടായില്ല. പക്ഷെ മുന്‍പ് അനുകൂലിച്ചവര്‍ പോലുമിപ്പോള്‍ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇത്, രണ്ടാമൂഴത്തിന്റെ സൂചനകള്‍ വൈകിയെങ്കിലും മനസിലാക്കിയതിനാലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അണികളെ ഇത്തരത്തില്‍ ബോധവത്കരിക്കാന്‍ സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും ശക്തമായ ശ്രമവും നടക്കുന്നുണ്ട്.

എംടിക്കെതിരെ മുന്‍പും സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ വളരെ സജീവമായി രംഗത്തെത്തിയിരുന്നു. തുഞ്ചന്‍പറമ്പ് വിഷയം മുതല്‍ നോട്ട് നിരോധനം വരെയുള്ള എതിര്‍പ്പിന് പിന്നാലെയാണ് പുതിയ കാരണവുമെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ഫാനായ സംഘപരിവാര്‍ അണികള്‍, സിനിമയെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന ആശങ്കയിലാണെന്നാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍. പികെ ഉള്‍പ്പെടെയുള്ള നിരവധി സിനിമകള്‍ക്കെതിരെ മുന്‍പ് തന്നെ രംഗത്തെത്തി, ആവിഷ്കാരസ്വാതന്ത്ര്യത്തിനിതിരെയുള്ള നിലപാടുകള്‍ സംഘപരിവാര്‍ വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ പ്രചരണമെന്തായാലും, മലയാളവും ഇന്ത്യന്‍ സിനിമയും ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത ആദ്ഭുതങ്ങളുമായി, ആ ചരിത്രസിനിമ 2020ല്‍ തീയറ്ററുകളിലെത്തുകയാണ്.

ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന സ്വപ്‌ന തുല്യ പ്രൊജക്ടായ രണ്ടാമൂഴം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചത്. യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാനായ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മാതാവെന്നും ലാല്‍ പരിചയപ്പെടുത്തി. ഏറ്റവും മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഇന്ത്യന്‍ ചിത്രമായി രണ്ടാമൂഴം മാറുമെന്നും ആയിരം കോടിയാണ് ചിലവെന്നും അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.

പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുക. രണ്ട് ഭാഗമായാണ് സിനിമ പുറത്തിറങ്ങുക. ലോകത്തെ മിക്ക പ്രധാന ഭാഷകളിലേക്കും, ചുരുങ്ങിയത് 100 ഭാഷകളിലേക്കെങ്കിലും ചിത്രം മൊഴിമാറ്റുമെന്നാണ് നിലവിലെ പ്രഖ്യാപനം. ഓസ്‌കാര്‍ ജേതാക്കളുള്‍പ്പെടെയുള്ള പ്രശസ്ത സാങ്കേതിക വിഗദ്ധരുടെ ഒരു നിരതന്നെ സിനിമയ്ക്കായി ഒരുമിക്കും. സംഗീത വിഭാഗം എആര്‍ റഹ്മാനാവും കൈകാര്യം ചെയ്യുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിഎഫ്എക്‌സ് ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ഇന്ത്യന്‍ ചിത്രവും രണ്ടാമൂഴമായി മാറും. അന്താരാഷ്ട്ര കാസ്റ്റിംഗ് കമ്പനിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുക. അണിയറ നീക്കങ്ങള്‍ വളരെ വേഗത്തില്‍ നടത്തി അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണമാരംഭിക്കും. 2020ലാണ് സിനിമ തീയറ്ററുകളിലെത്തുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top