‘ഭീമനാകാന്‍ ലോകസിനിമയില്‍ ലാലേട്ടന്‍ മാത്രം’; മോഹന്‍ലാലില്ലെങ്കില്‍ തിരക്കഥ എംടിയെ തിരിച്ചേല്‍പ്പിക്കുമായിരുന്നുവെന്ന് സംവിധായകന്‍, ലാലിന്റെ തെരഞ്ഞെടുപ്പിന് പിന്നിലെ കാരണമിങ്ങനെ

ഭീമനായുള്ള മോഹന്‍ലാലിന്റെ ഫാന്‍മെയ്ഡ് മെയ്ക്ക്ഓവര്‍, വിഎ ശ്രീകുമാര്‍

ഭീമനാകാന്‍ ലോക സിനിമയില്‍ ലാലേട്ടന്‍ മാത്രമേയുള്ളുവെന്ന് ഇന്ത്യന്‍ സിനിമയിലെ 1000 കോടി പ്രൊജക്ടിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍. മോഹന്‍ലാല്‍ അല്ലായിരുന്നു ഭീമസേനന്റെ റോളില്‍ എങ്കില്‍ താന്‍ തിരക്കഥ എംടിയെ തിരിച്ചേല്‍പ്പിക്കുമായിരുന്നു. മോഹന്‍ലാല്‍ ഭീമസേനനായി മാത്രമേ താന്‍ ക്യാമറ ചലിപ്പിക്കൂ എന്നും ശ്രീകുമാര്‍ പറ്ഞ്ഞു. ദുബായിയിലെ ഒരു എഫ്എം റേഡിയോ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംടിയുമായി തനിക്ക് മറ്റൊരു ബന്ധവും കൂടി ഉണ്ടെന്ന് ശ്രീകുമാര്‍ പറയുന്നു. “എന്റെ അച്ഛന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു അദ്ദേഹം. അദ്ദേഹവും അച്ഛനും തമ്മില്‍ എഴുത്തുകുത്തുകളുമൊക്കെ ഉണ്ടാകുമായിരുന്നു. അദ്ദേഹം അച്ഛന് അയച്ച കത്തുകള്‍ നിധിപോലെയാണ് ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത്. പക്ഷേ എംടി സാറിനെ വ്യക്തിപരമായ പരിചയം ഉണ്ടായിരുന്നില്ല.” അദ്ദേഹം പറഞ്ഞു. പിന്നെ സുഹൃത്തുക്കളാണ് തന്നില്‍ ആദ്യം വിശ്വാസമര്‍പ്പിച്ചതെന്നും പിന്നെയാണ് എംടിയെ കണ്ടതെന്നും പറയുന്നു ശ്രീകുമാര്‍.

ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ഇന്ന് ലോക സിനിമയില്‍ മോഹന്‍ലാല്‍ മാത്രമേയുള്ളൂ എന്നാണ് താന്‍ വിശ്വസിക്കുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ ആ വിശ്വാസം പരിപൂര്‍ണമാണ്. ചിത്രത്തിനായി കണ്ട ബോളിവുഡ് താരങ്ങളും എന്താണ് ലാലിലെ നായകനാക്കിയെന്നുചോദിച്ചപ്പോഴും താന്‍ ഇതുതന്നെ പറഞ്ഞു. താന്‍ ക്യാമറ ചലിപ്പിക്കുന്നുണ്ടെങ്കില്‍ അത് മോഹന്‍ലാലിന് മാത്രമായിട്ടായിരിക്കും, അല്ലെങ്കില്‍ എംടി സാറിന് ഞാനീ തിരക്കഥ തിരിച്ചു കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാതാവായ ബിആര്‍ ഷെട്ടിയേക്കുറിച്ചും വിഎ ശ്രീകുമാര്‍ വാചാലനായി. “ഞാന്‍ ഒരു ചടങ്ങില്‍ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. അപ്പോള്‍ അദ്ദേഹം മഹാഭാരതത്തേപ്പറ്റി വാതോരാതെ സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തോട് ഇങ്ങനെയൊരു പ്രൊജക്ട് സംസാരിക്കുന്നത്. അപ്പോള്‍ അദ്ദേഹം രണ്ടാമൂഴം വായിക്കട്ടെയെന്ന് പറഞ്ഞു. പിന്നെ തിരക്കഥ ഞാന്‍ മെയില്‍ ചെയ്തു. പിന്നെ അദ്ദേഹം വിളിച്ചുചോദിക്കുന്നത് പ്രൊജക്ട് എപ്പോള്‍ തുടങ്ങാം എന്നാണ്” ശ്രീകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ പാരമ്പര്യമാണ് മഹാഭാരതത്തിലൂടെ നാം ലോകത്തെ കാണിക്കുന്നത്. അതിനാല്‍ അത് രണ്ടാംകിടയായിക്കൂടാ എന്ന് ബിആര്‍ ഷെട്ടി പറഞ്ഞതായും ശ്രീകുമാര്‍ വെളിപ്പെടുത്തി.

ആദ്യം ചിലവ് നോക്കിയപ്പോള്‍ 850 കോടിയാകും എന്നുപറഞ്ഞ തന്നോട് 1000 കോടി ഈ പ്രോജക്ടിനായി മാറ്റിവയ്ക്കും എന്ന് ഷെട്ടി ഉറപ്പുതന്നതായും വിഎ ശ്രീകുമാര്‍ പറഞ്ഞു. ദുബായിലെ റേഡിയോ മാംഗോയുടെ ഗപ്ഷപ്പില്‍ ആര്‍ജെ രഘുവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

DONT MISS
Top