കുല്‍ഭൂഷണ്‍ യാദവിനെ തിരികെ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്തമെന്ന് അലഹബാദ് ഹൈക്കോടതി

കുല്‍ഭൂഷണ്‍ യാദവ്

അലഹബാദ്: ചാരപ്രവര്‍ത്തി ആരോപിച്ച് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച മുന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ യാദവിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് അലഹബാദ് ഹൈക്കോടതി. കുല്‍ഭൂഷണിന്റെ വിടുതലിന് വേണ്ട തുടര്‍നടപടികള്‍ അതിവേഗം കൈകൊളളണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ധാര്‍മികപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണിതെന്നും കോടതി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ  പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് കുല്‍ഭൂഷണ്‍ യാദവ് പാകിസ്താനില്‍ പിടിയിലാകുന്നത്. പാകിസ്താന്റെ സൈനിക നിയമപ്രകാരമാണ് വധശിക്ഷ വിധിച്ചതെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പിന്നീട് അറിയിച്ചു.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്റെ ആരോപണം. എന്നാല്‍ ഈ അവകാശ വാദം തള്ളിയ ഇന്ത്യ ഇദ്ദേഹം നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്നും സര്‍ക്കാരുമായി യാതൊരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ചാരപ്രവര്‍ത്തി ചെയ്ത കാര്യം കുല്‍ഭൂഷണ്‍ തന്നെ കുറ്റസമ്മതം നടത്തിയെന്ന് പാകിസ്താന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷക്ക് വിധിച്ച പകിസ്താന്‍ നടപടിയില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. കുല്‍ഭൂഷണെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമം വിട്ടും പ്രവര്‍ത്തിക്കുമെന്ന് സുഷ്മ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കുല്‍ഭൂഷണ്‍ യാദവിനെ കണ്ടെത്താന്‍ സാധിക്കുന്നി ല്ലെന്നും യാതൊരു വിവരവും ലഭിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പാകിസ്താന്റെ നിയമനടപടികള്‍ ദുരൂഹമാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലെ പറഞ്ഞു. ഇതിന് തൊട്ടുപുറകെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി വിഷയത്തില്‍ ഇടപെടണമെന്ന് പറഞ്ഞുകൊണ്ട് അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്. കുല്‍ഭൂഷണിനെ തിരികെ രാജ്യത്തെത്തിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും, തുടര്‍നടപടികള്‍ എത്രയും പെട്ടെന്ന് കൈകൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു.

DONT MISS
Top