മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള കഥാപാത്രവുമായി സന്തോഷ്‌ പണ്ഡിറ്റ്‌

സ്വന്തം സംവിധാനത്തിലൊരുങ്ങിയ ചിത്രങ്ങളിലെ നായകനായി തിളങ്ങി മലയാള സിനിമയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ സന്തോഷ് പണ്ഡിറ്റ് ഇനി മമ്മൂട്ടി ചിത്രത്തില്‍ വേഷമിടും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഴുവന്‍ സമയ കഥാപാത്രവുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. മമ്മൂട്ടിയുടെ ഓണം റിലീസായിരിക്കും ഈ ചിത്രം. സി.എച്ച് മുഹമ്മദാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് മറ്റൊരു സംവിധായകനു കീഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. നൂറുകോടി ക്ലബില്‍ ഇടംനേടിയ പുലിമുരുകനുശേഷം ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ  തിരക്കഥയൊരുക്കുന്നത്.ചിത്രത്തില്‍ പണ്ഡിറ്റിന്റെ ഭാഗത്തിന്റെ ചിത്രീകരണം ചൊവ്വാഴ്ച കൊല്ലം ഫാത്തിമ മാത കോളേജില്‍ ആരംഭിക്കുകയാണ്. ചിത്രത്തിനുവേണ്ടി ഒരു മാസത്തെ ഡേറ്റാണ് പണ്ഡിറ്റ്‌ നല്‍കിയിരിക്കുന്നത്.

കമലിന്റെ മഴയെത്തും മുന്‍പേയ്ക്കുശേഷം മമ്മൂട്ടി ഒരു കോളേജ് അധ്യാപകന്റെ വേഷം ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. ഉണ്ണി മുകുന്ദന്‍, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് ഗോപി, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഗദ, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.വരലക്ഷ്മി ശരത്കുമാറാണ് നായിക. പൂനം ബാജ്‌വ, മഹിമ നമ്പ്യാര്‍ എന്നിവരുമുണ്ട് ചിത്രത്തില്‍.

കൃഷ്ണനും രാധയും, ടിന്റുമാര്‍ എന്ന കോടീശ്വരന്‍, നീലിമ നല്ല കുട്ടിയാണ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍മീഡിയകളിലൂടെയാണ് ശ്രദ്ധേയനായത്.

DONT MISS
Top