രണ്ടാമൂഴം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 1000 കോടി മുതല്‍മുടക്കില്‍ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രം അടുത്തവര്‍ഷം ഷൂട്ടിംഗ് ആരംഭിക്കും; നിര്‍മാതാവ് ബിആര്‍ ഷെട്ടി

മോഹന്‍ലാല്‍, എംടി, ബിആര്‍ ഷെട്ടി, വിഎ ശ്രീകുമാര്‍

ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന സ്വപ്‌ന തുല്യ പ്രൊജക്ടായ രണ്ടാമൂഴം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം നിര്‍മിക്കുന്നത് ബിആര്‍ ഷെട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാനാണ് ബിആര്‍ ഷെട്ടി. ഇതോടെ ഏറ്റവും മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഇന്ത്യന്‍ ചിത്രമായി രണ്ടാമൂഴം മാറും.

“ഭീമന്റെ കണ്ണുകളിലൂടെ മഹാഭാരതത്തെ കാണുന്നതാണ് എംടിയുടെ രണ്ടാമൂഴം. ഇങ്ങനെയൊരു സിനിമ ഉണ്ടാകാന്‍ പോകുന്നുഎന്ന് കേട്ടുതുടങ്ങിയ നാള്‍മുതല്‍ ഭീമസേനനായി എന്റെ പേര് കേട്ടത് മഹാ ഭാഗ്യവും പുണ്യവുമായി ഞാന്‍ കരുതുന്നു. എന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഞാന്‍ എംടി സാറിനോട് നന്ദി പറയുന്നു” മോഹന്‍ലാല്‍ പറഞ്ഞു.

ഇത്രയും വലിയൊരു സിനിമ നിര്‍മിക്കാന്‍ വളരെ വലിയ ബജറ്റ് ആവശ്യമാണെന്നും അത് മുടക്കാന്‍ തയാറായിരിക്കുന്നത് ബിആര്‍ ഷെട്ടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയോട് അത്രമേല്‍ പ്രണയവും ഉത്തരവാദിത്തവും ദീര്‍ഘവീഷണവുമുള്ള ഒരാള്‍ക്കേ ഇതിന് കഴിയുകയുള്ളൂ എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രീകരണമുണ്ടാവും. ലോകത്തെ മിക്ക പ്രധാന ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റും. ഒസ്‌കാര്‍ ജേതാക്കളുള്‍പ്പെടെയുള്ള പ്രശസ്ത സാങ്കേതിക വിഗദ്ധരുടെ ഒരു നിരതന്നെ സിനിമയ്ക്കായി ഒരുമിക്കും.

സംഗീത വിഭാഗം എആര്‍ റഹ്മാനാവും കൈകാര്യം ചെയ്യുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈയിടെ നടന്ന ഒരു ഗള്‍ഫ് പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയ റഹ്മാന്‍ ഉടന്‍തന്നെ ഒരു മലയാള ചിത്രത്തിന് സംഗീതം പകരും എന്ന് വെളിപ്പെടുത്തിയിരുന്നു. വിഎഫ്എക്‌സ് ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ഇന്ത്യന്‍ ചിത്രവും രണ്ടാമൂഴമായി മാറും. അന്താരാഷ്ട്ര കാസ്റ്റിംഗ് കമ്പനിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുക. അണിയറ നീക്കങ്ങള്‍ വളരെ വേഗത്തില്‍ നടത്തി അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണമാരംഭിക്കും.

DONT MISS
Top