സ്‌നാപ്പ് എന്നത് പേരില്‍നിന്ന് തന്നെ കളയൂ; സ്‌നാപ്പ് ചാറ്റ് ചെയ്ത അപരാധത്തിന് സ്‌നാപ് ഡീലിനേയും ശിക്ഷിച്ച് ഉപയോക്താക്കള്‍

സ്‌നാപ്പ് ചാറ്റിന്റെ ലോഗോയും സ്‌നാപ്പ് ഡീലിന്റെ ലോഗോയും

സ്‌നാപ്പ് ചാറ്റ് ചെയ്ത തെറ്റിന് സ്‌നാപ്പ് ഡീലിനേയും ശിക്ഷിച്ച് ഉപയോക്താക്കള്‍. സ്‌നാപ്പ് എന്നത് എന്നത് പേരില്‍നിന്നുതന്നെ മാറ്റണം എന്നും ആവശ്യമുയരുന്നുണ്ട്. സ്‌നാപ്പ് ചാറ്റ് സിഎഒ ഇവാന്‍ സ്പീഗല്‍ ഇന്ത്യയെ കളിയാക്കി സംസാരിച്ചു എന്നുപറഞ്ഞ് ചില്ലറ ബഹളമൊന്നുമല്ല ഓണ്‍ലൈനില്‍ നടക്കുന്നത്. ഇതിനിടയില്‍ സ്‌നാപ്പ് ഡീലിനും വന്‍ പാര പണിതിരിക്കുകയാണ് സ്‌നാപ് ചാറ്റ്.

സ്പീഗലിന്റെ വേരിഫൈ ചെയ്യാത്ത ട്വീറ്റര്‍ പേജില്‍ നിന്ന്, ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായെന്ന് അദ്ദേഹത്തിന്റെ മുന്‍ജീവനക്കാരനാണ് പരാതി നല്‍കിയത്. ആപ്പ് പണക്കാര്‍ക്ക് വേണ്ടി മാത്രമാണ്, ഇന്ത്യയെയും സ്‌പെയിനെയും പോലുള്ള ദരിദ്രരാഷ്ട്രങ്ങളിലേക്ക് തങ്ങള്‍ വ്യാപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവെന്നും ആന്തണി പോംപ്ലിയാനോ ആരോപിക്കുന്നു. ഈ വാര്‍ത്ത പ്രചരിച്ചതോടെ ഇന്ത്യക്കാര്‍ സജീവമായി രംഗത്തിറങ്ങി.

രോഷം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും അണപൊട്ടിയൊഴുകിയപ്പോള്‍, പതിവുപോലെ മലയാളി അതും ആഘോഷമാക്കി. സ്‌നാപ്പ്ചാറ്റിനെ കിട്ടിയയിടത്തെല്ലാം പച്ചത്തെറി വിളിച്ചായിരുന്നു മലയാളിയുടെ പ്രതികാരം. ഒപ്പം ഗൂഗിള്‍ പ്ലേ സ്റ്റോറിലും മലയാളികളുടെ നേതൃത്വത്തില്‍ ചീത്തവിളി അഭിഷേകം അരങ്ങുതകര്‍ക്കുകയാണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു, ശേഷം ആപ്പിന് ഏറ്റവും ചെറിയ റേറ്റിംഗ് നല്‍കുന്നു, ഇതാണ് മറ്റൊരു പ്രധാന പരിപാടി. ഇത്തരത്തില്‍ 4.7ഓളമുണ്ടായിരുന്ന റേറ്റിംഗ്, ഇപ്പോള്‍ 4ലെത്തിക്കാന്‍ പൊങ്കാല ടീമിന് കഴിഞ്ഞു. പതിനാറരലക്ഷത്തോളം ആളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരത്തില്‍ റേറ്റിംഗ് വോട്ട് ചെയ്ത്, ആപ്പിനെ അപ്രിയമാക്കാന്‍ മുന്നിട്ടിറങ്ങിയത്. ഈ പ്രവര്‍ത്തി തുടരുകയാണ്.

സ്‌നാപ്പ് ചാറ്റിന്റെ ഫെയ്‌സ്ബുക്ക് പേജിലും മലയാളികള്‍ പൊങ്കാലബഹളം തുടരുകയാണ്. പതിവുപോലെ സലിംകുമാറും ഹരിശ്രീ അശോകനും മലയാളത്തിലെ മീമുകളും തെറുകളുമെല്ലാം പേജില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ട്രോള്‍ ലോകത്തും വിഷയം പുത്തനുണര്‍വ്വ് നല്‍കിയിട്ടുണ്ട്. സിഇഒയെ ട്രോളിക്കൊന്നാണ് നവമാധ്യമലോകം മുന്നോട്ടുകുതിക്കുന്നത്. ഈ തെറിയൊക്കെ വായിച്ച് മനസിലാക്കാന്‍, ഒരു മലയാളി തര്‍ജമക്കാരനെ സിഇഒ ഉടന്‍ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ട്രോളന്മാര്‍ ആരോപിക്കുന്നു. അതേസമയം സ്‌നാപ്പ്ചാറ്റിന് പകരം സ്‌നാപ്പ്ഡീലിന് പൊങ്കാല ഇട്ടവരും കുറവല്ല.

നിനച്ചിരിക്കാത്ത പണികിട്ടിയ സ്‌നാപ്പ് ഡീല്‍ എങ്ങനെയാണ് ഇക്കാര്യം നേരിടേണ്ടത് എന്നറിയാതെ കുഴങ്ങുകയാണ്. സ്‌നാപ്പ് എന്ന പേരുകാരണം സ്‌നാപ്പ് ഡീലിന് സ്‌നാപ് ഡീലുമായി ബന്ധമുണ്ടോ എന്നാണ് ഉപയോക്താക്കളുടെ സംശയം. രണ്ടും ഒരു കമ്പനിയുടെ ആപ്ലിക്കേഷനുകളാണോ എന്നും ചിലര്‍ സംശയിക്കുന്നു.

സ്‌നാപ്പ് എന്നതുകണ്ട് തെറ്റിദ്ധരിക്കപ്പെട്ടയാളുകളേയും മനപൂര്‍വം കുറഞ്ഞ റേറ്റിംഗ് നല്‍കുന്നവരേയും കാണാം

DONT MISS
Top