ഒടുവില്‍ സിംഹങ്ങള്‍ സടകുടഞ്ഞു; പൂനെയെ തകര്‍ത്ത് ഗുജറാത്ത് ലയണ്‍സിന് ആദ്യ ജയം

ഗുജറാത്ത്: പൂനെ സൂപ്പര്‍ജയന്റ്‌സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ലയണ്‍സ് ഐപിഎല്‍ പത്താം സീസണിലെ ആദ്യ ജയം സ്വന്തമാക്കി. പൂനെ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍മാരായ മക്കല്ലം (49) ഡ്വെയിന്‍ സ്മിത്ത് (42), ക്യാപ്റ്റന്‍ റെയ്‌ന (35), ഫിഞ്ച് (33) എന്നിവരുടെ ബാറ്റിംഗാണ് സിംഹങ്ങളെ വിജയത്തിലേക്ക് നയിച്ചത്. വെറും 17 റണ്‍സിന് ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് വീഴ്ത്തി പൂനെയെ പിടിച്ചുകെട്ടിയ ആന്‍ഡ്രൂ ടൈയാണ് കളിയിലെ താരം.

സ്‌കോര്‍: പൂനെ 20 ഓവറില്‍ എട്ടിന് 171; ഗുജറാത്ത് 18 ഓവറില്‍ മൂന്നിന് 172

ആദ്യരണ്ട് തോല്‍വികള്‍ക്ക് ശേഷം ഗുജറാത്ത് വിജയത്തിലൂടെ തിരിച്ച് വന്നിരിക്കുകയാണ്. അതേസമയം, ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പൂനെ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് തോല്‍വി ഏറ്റുവാങ്ങുന്നത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഗുജറാത്തും പൂനെയും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പൂനെ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളില്‍ കാട്ടിയ പിഴവുകളാണ് സ്‌കോര്‍ 171 ല്‍ ഒതുക്കിയത്. ക്യാപ്റ്റന്‍ സ്മിത്ത് (28 പന്തില്‍ 43), ഓപ്പണര്‍ രാഹുല്‍ ത്രിപാദി (17 പന്തില്‍ 33) എന്നിവര്‍ നല്‍കിയ തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. മുന്‍നായകന്‍ ധോണി (5) ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. അവസാന ഓവറില്‍ ഹാട്രിക് നേടിയ ടൈ പൂനെയെ വരിഞ്ഞ് മുറുക്കി. ഇരുപതാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് ടൈ ഹാട്രിക് സ്വന്തമാക്കിയത് അങ്കിത് ശര്‍മ, മനോജ് തിവാരി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരെ പുറത്താക്കിയാണ് ടൈ തന്റെ ആദ്യ ഐപിഎല്‍ ഹാട്രിക് സ്വന്തമാക്കിയത്. അവസാന പന്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ടൈയുടെ സമ്പാദ്യം ആറ് വിക്കറ്റ് ആകുമായിരുന്നു.

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ ഹാട്രിക്കായിരുന്നു ടൈയിലൂടെ പിറന്നത്. നേരത്തെ ആദ്യം നടന്ന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ ബാംഗ്ലൂരിന്റെ സാമുവല്‍ ബദ്രിയും ഹാട്രിക് നേടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top