മരിന്‍ പകരം വീട്ടി; സിന്ധുവിനെ തകര്‍ത്ത് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് സെമിയില്‍


സിംഗപ്പൂര്‍: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ പിവി സിന്ധുവില്‍ നിന്നേറ്റ തോല്‍വിക്ക് സ്‌പെയിനിന്റെ കരോലിന മരിന്‍ പകരംവീട്ടി. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ക്വാര്‍ട്ടറിലാണ് മരിന്‍ മധുരപ്രതികാരം തീര്‍ത്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ത്ത് മരിന്‍ സെമിയിലേക്ക് മുന്നേറി. സ്‌കോര്‍ 21-11 21-15.

സിന്ധുവിന് മേല്‍ മത്സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് മരിന്‍ വിജയം കരസ്ഥമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പോലും സിന്ധിവിന് മികവ് പുലര്‍ത്താനായില്ല. ആദ്യ ഗെയിമില്‍ 11-4 ലീഡ് നേടിയ മരിന്‍ അതേ മുന്‍തൂക്കം നിലനിര്‍ത്തി ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും ഏകപക്ഷീയമായാണ് മരിന്‍ മുന്നേറിയത്. അവസാന നിമിഷങ്ങളില്‍ സിന്ധുവിന് പോയിന്റുകള്‍ നേടാന്‍ സാധിച്ചെങ്കിലും പരാജയം ഒഴിവാക്കാന്‍ അത് പര്യാപ്തമായിരുന്നില്ല. ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായിരുന്നു ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയായ സിന്ധു.

ഇതോടെ ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരില്‍ മരിന് വീണ്ടും മുന്‍തൂക്കം ലഭിച്ചു. ഇരുവരും തമ്മുലുള്ള പതിനൊന്നാം പോരാട്ടമായിരുന്നു ഇന്ന് നടന്നത്. ഇന്നത്തെ വിജയത്തോടെ മരിന്‍ തന്റെ ലീഡ് 6-5 ആക്കി ഉയര്‍ത്തി.

നേരത്തെ ഈ മാസം ആദ്യം ദില്ലിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-19, 21-16) മരിനെ തര്‍ത്താണ് സിന്ധു കിരീടം സ്വന്തമാക്കിയത്. റിയോ ഒളിംപിക്സ് ഫൈനലോടെയാണ് ഇരുവരും തമ്മിലുള്ള പോര് ലോകശ്രദ്ധയിലേക്ക് ഉയരുന്നത്. അന്ന് നൂറുകോടി ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി മരിന്‍ സ്വര്‍ണം കരസ്ഥമാക്കുകയായിരുന്നു.

DONT MISS
Top