പിവി സിന്ധുവും കരോലിന മരിനും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണില്‍ ഇന്ന് ക്ലാസിക് പോരാട്ടം. വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവും സ്‌പെയിനിന്റെ കരോലിന മരിനും ഏറ്റുമുട്ടും. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

സിന്ധു ലോക റാങ്കിംഗില്‍ രണ്ടാമതും കരോലിന്‍ ഒന്നാമതുമാണ്. ഈ മാസം ആദ്യം ഇരുവരും ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-19, 21-16) മരിനെ തോല്‍പ്പിച്ച് സ്വന്തം നാട്ടുകാരുടെ മുന്നില്‍ സിന്ധു കിരീടം ചൂടിയിരുന്നു.

ഇന്തോനേഷ്യയുടെ ഫിത്രിയാനി ഫിത്രിയാനിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയ സിന്ധു ഉജ്ജ്വല വിജയമാണ് കരസ്ഥമാക്കിയത്. സ്‌കോര്‍ 19-21, 21-17, 21-8.

ഇതുവരെ പത്ത് തവണയാണ് സിന്ധുവും മരിനും നേര്‍ക്കുനേര്‍ വന്നിരിക്കുന്നത്. ഇതില്‍ അഞ്ച് വീതം വിജയങ്ങള്‍ ഇരുവരും കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ അവസാനത്തെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലും വിജയം സിന്ധുവിനായിരുന്നു.

DONT MISS
Top