അമേരിക്ക പൊട്ടിച്ച ബോംബിന് 11 ടണ്‍ ഭാരം; എന്നാല്‍ 44 ടണ്‍ ഭാരമുള്ള ബോംബ് കൈവശം വയ്ക്കുന്നത് മറ്റൊരുരാജ്യം; സ്‌ഫോടന രാജാക്കന്മാരെ അടുത്തറിയാം

ലോക്ക്ഹീഡ് എംസി 130

ലോക്ക്ഹീഡ് എംസി 130 വിമാനം വഹിച്ച ഒരു വസ്തു അകലെയെവിടെയോ വീണതുമാത്രമാവും ഭീകരരുടെ അവസാന ഓര്‍മ. പിന്നീടാരും അവശേഷിച്ചില്ല. അത്രയ്ക്ക് വലിയ സ്‌ഫോടക ശേഷിയുള്ള ഒന്നാണ് അവിടേക്ക് നിക്ഷേപിക്കപ്പെട്ടത്. 11000 കിലോ ഭാരമുള്ള ബോംബ് 8500 കിലോ ഭാരമുള്ള സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരുന്നു. ഒരു കൊച്ചു രാജ്യത്തെത്തന്നെ താറുമാറാക്കാന്‍ ഇത്തരം കുറച്ചു ബോംബുകള്‍ മതി. അമേരിക്കയുടെ കൈവശമുള്ള ഏറ്റവും വലിയ ആണവേതര ബോംബും പ്രയോഗിക്കപ്പെട്ടതില്‍ വച്ച് വലിപ്പത്തില്‍ ഒന്നാമനും ഈ ബോംബാണ്.

ജിബിയു 43 എന്നാണ് ഈ ബോംബിന്റെ പേര്. ബോംബുകളുടെ മാതാവ് എന്ന് വിളിപ്പേരും. അര്‍ഥമാക്കുന്നതുപോലെതന്നെ ലോകത്തെ ഏറ്റവും വലിയ ബോംബുകളിലൊന്നാണിത്. ആണവആയുധങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വലിപ്പത്തില്‍ രണ്ടാമന്‍ ജിബിയു 43 എന്ന ഇവന്‍ തന്നെ. ജിപിഎസ് വഴി ഇവനെ കൃത്യമായി പ്രയോഗിക്കേണ്ട സ്ഥലത്തേക്കുതന്നെ തൊടുക്കാന്‍ കഴിയും. 20 അടി നീളമുള്ള ഇവ 200 അടിയോളം ആഴത്തില്‍ തുളച്ചുകയറിയതിനുശേഷമേ പൊട്ടിത്തെറിക്കൂ. ഒരു കോണ്‍ക്രീറ്റ് പ്രതലത്തിലാണ് വീഴുന്നതെങ്കില്‍പോലും ഇവന്‍ 60 അടി തുളച്ചുകയറും.

എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ആണവേതര ബോംബ് കൈവശം വച്ചിരിക്കുന്ന രാജ്യം അമേരിക്കയല്ല. 11 ടണ്‍ ഭാരമുള്ള ബോംബാണ് ജിബിയു 43 എങ്കില്‍ ഇതിന്റെ നാലിരട്ടി, അഥവാ 44 ടണ്‍ ഭാരമുള്ള, ബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്ന എടിബിഐപി എന്ന ബോംബ് കൈവശം വച്ചിരിക്കുന്ന രാജ്യം റഷ്യയാണ്. എന്നാല്‍ ഇന്ത്യയ്‌ക്കോ ചൈനയ്‌ക്കോ ഇത്തരത്തിലുള്ള ബോംബ് വികസിപ്പിക്കാനായിട്ടില്ല.

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പൊട്ടിയ ജിബിയു 43 എത്രത്തോളം ആഘാതമുണ്ടാക്കി എന്നത് രാജ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിനാല്‍ എത്രത്തോളം പ്രയോജനമുണ്ടാക്കാന്‍ ഈ ബോംബ് ഭീകരന് കഴിഞ്ഞു എന്നത് അറിയാനിരിക്കുന്നതേയുള്ളൂ. ഡൊണള്‍ഡ് ട്രംപ് സൈന്യത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ധാരാളം സാധാരണക്കാരും ബോംബ് സ്‌ഫോടനത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

DONT MISS
Top