പുഷ്പന് ഇനി പുറം കാഴ്ചകള്‍ അപൂര്‍വ്വമല്ല; അത്യാധുനിക വീല്‍ചെയറും ഐസിയു ബെഡും, പുഷ്പന് സര്‍ക്കാറിന്റെ വിഷു കൈനീട്ടം

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് ഇനി പുറം കാഴ്ചകള്‍ അപൂര്‍വ്വമല്ല. അത്യാധുനിക സജ്ജീകരണങ്ങളടങ്ങിയ വീല്‍ ചെയറും ചലനോപകരണങ്ങളും പുഷ്പന് മുഖ്യമന്ത്രി വിഷു സമ്മാനമായി നല്‍കി.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചലനോപകരണവും അനുബന്ധ സംവിധാനങ്ങളും നോര്‍ത്ത് മേനപ്രത്തെ പുതുക്കുടി വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കൈമാറിയത്. കണിക്കൊന്ന നല്‍കിയാണ് പുഷ്പന്റെ അമ്മ ലക്ഷ്മി മുഖ്യമന്ത്രിയെ സ്വീകരിച്ചത്. പുഷ്പന് എന്ത് നല്‍കിയാലും അത് കൂടുതലാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യന്ത്രവത്കൃതവും-സ്വയം നിയന്ത്രിതവുമായചലനോപകരണവും പ്രത്യേകം സജ്ജമാക്കിയ ഐസിയു ബെഡും വീല്‍ചെയറും മുഖ്യമന്ത്രി പുഷ്പന് കൈമാറി.  പുഷ്പന്റെ ശാരീരികാവസ്ഥയ്ക്കനുയോജ്യമാ യരീതിയില്‍ ഉപകരണ നിര്‍മ്മാണ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ഉപകരണങ്ങള്‍ തയ്യാറാക്കിയത്.യന്ത്രവത്കൃതവും സ്വയം നിയന്ത്രിതവുമായ ഈ  ഉപകരണത്തിന്റെ സഹായത്തോടെ പരസഹായമില്ലാതെ വീടിന് പുറത്തേക്ക് യാത്ര ചെയ്യനും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനും സാധിക്കും.

ശരീരത്തില്‍ ഘടിപ്പിച്ച റിമോട്ട്സെന്‍സറിന്റെ സഹായത്തോടെ ടാബ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എഴുതാനും ഇനി പുഷ്പന് സാധിക്കും.  സംസാരമാണ് എഴുത്തായി മാറുക. രാജ്യത്ത് ഇത്തരമൊരു സംവിധാനം ആദ്യത്തേതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു.

കൂത്തുപറമ്പ് സമരത്തിനിടെ വെടിവെയേറ്റ പുഷ്പന്‍ കഴിഞ്ഞ 23 വര്‍ഷമായി വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കിടന്നകിടപ്പിലാണ്. കസേരയില്‍ ഇരുത്തിയും കിടത്തിയുമാണ് ആശുപത്രിയിലും മറ്റും കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ പുഷ്പന് നല്‍കിയ ഈ വിഷുക്കൈനീട്ടം പുഷ്പന് ഏറെ നാള്‍ അന്യമായ അപൂര്‍വ്വമായ കാഴ്ചകള്‍ സമ്മാനിക്കുമെന്ന് മാത്രമല്ല അടച്ചുപൂട്ടപ്പെട്ട പുഷ്പന്റെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കുമെന്നും തന്നെയാണ് പുഷ്പന്റെ കുടുംബത്തിന്റയും പ്രതീക്ഷ.

ഭിന്നശേഷി സൗഹൃദത്തിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും കണ്ണൂര്‍ ജില്ലാ ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടത്തുന്ന ചലനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം കൂടിയാണ് ഇന്ന് പുഷ്പന്റെ വീട്ടില്‍ നടന്നത്.

ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തിയ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധസമരത്തെ നേരിടാനാണ് യുഡിഎഫ് സര്‍ക്കാര്‍ 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ സമരഭടന്മാര്‍ക്ക് നേരെ വെടിവയ്പ്നടത്തിയത്. സംഭവത്തില്‍ അഞ്ച്പേര്‍ മരിച്ചു. പുഷ്പന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍ക്കാറുകള്‍ മാറി വന്നെങ്കിലും  2016 നവംബറിലെ കാബിനറ്റ് യോഗത്തിലാണ് പുഷ്പന് ചലനോപകരണം നല്‍കാന്‍ തീരുമാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top