റോയല്‍മെക്കില്‍ പെണ്‍കുട്ടിവന്നാല്‍ എന്ത് സംഭവിക്കും? ചിരിക്കാനായിതാ ഒരു ട്രെയ്‌ലര്‍; മലയാളത്തിലെ ക്വീന്‍ പൊളിക്കുമെന്നുറപ്പ്!


പ്രതീകാത്മക ചിത്രം

പ്രേമം എന്ന ചിത്രം നേരത്തിനുപിന്നാലെ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്തപ്പോള്‍ അത് മലയാള സിനിമയുടെ പുതു ചരിത്രത്തിലേക്കുള്ള കാല്‍വയ്പ്പാണെന്ന് ആരും കരുതിയില്ല. ശ്യാമപ്രസാദ് ഋതു എന്ന ചിത്രത്തിലൂടെ തുടങ്ങിവച്ച ന്യൂജന്‍ മുഖങ്ങള്‍ മാത്രം അണിനിരക്കുന്ന സിനിമകള്‍ ഇന്ന് മലയാള സിനിമയുടെ മുന്നോട്ടുള്ള കുതിപ്പിന്റെ അമരത്താണ് നില്‍ക്കുന്നത്. അത്തരത്തിലൊരു സിനിമയാണ് ക്വീന്‍. കങ്കണ റൗനത്തിന് മികച്ച നടിക്കുള്ള ദേശീയാംഗീകാരം ലഭിച്ച ക്വീനല്ല, ഇത് മലയാളത്തിന്റെ സ്വന്തം ക്വീന്‍.

എഞ്ചിനീയറിംഗ് കോളേജുകള്‍ വാര്‍ത്തകളില്‍ കത്തിനില്‍ക്കുന്ന സമയത്താണ് ക്യാമ്പസ് കഥ പറഞ്ഞ് ക്വീന്‍ എത്തുന്നത്. എന്നാലിത് ഒരു ഗൗരവകഥയാല്ല, തികച്ചും സന്തോഷത്തോടെ കണ്ടിരിക്കാവുന്ന നര്‍മ മുഹൂര്‍ത്തങ്ങള്‍ ആവോളമുള്ള ഒരൊന്നാന്തരം ക്യാമ്പസ് കഥ. ചുരുക്കിപ്പറഞ്ഞാല്‍ റോയല്‍ മെക്ക് എന്നറിയപ്പെടുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കുന്നവരുടെ ക്യാമ്പസ് ജീവിതം. പറഞ്ഞുതുടങ്ങിയാല്‍ തീരാത്ത ക്യാമ്പസ് കഥകള്‍ സിനിമയാകുന്നത് എക്കാലവും കൗതുകം തന്നെയാണ്.

തികച്ചും ബ്രില്യന്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് സിനിമയുടെ കഥാ തന്തു. അങ്ങനെയിങ്ങനെയൊന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പെണ്‍കുട്ടികള്‍ പോകാറില്ല. പോവില്ല എന്നല്ല, എങ്കിലും മെക്ക് പഠിക്കാന്‍ പെണ്‍കുട്ടികളെ പൊതുവെ കാണാറില്ല. എന്നാല്‍ മെക്കാനിക്കിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവന്നാല്‍ എന്താവും അവസ്ഥ? ചോക്ലേറ്റ് എന്ന സിനിമയിലേതുപോലെ ഒരു അന്തരീക്ഷം ഉണ്ടാവില്ല എന്നുറപ്പ്. സംഗതി അതുക്കും മേലെയാവും, കസറും.

എന്നാല്‍ മെക്കാനിക് ഡിപ്പാര്‍ട്ട്‌മെന്റിനേക്കുറിച്ചുമാത്രമാവില്ല സിനിമ സംസാരിക്കുക. ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും എല്ലാമടങ്ങിയ സമ്പൂര്‍ണ ക്യാമ്പസ് പാക്കേജ് തന്നെയാവും സിനിമ. ഇന്ന് പുറത്തിറങ്ങിയ ട്രെയിലറും ഈ പ്രതീക്ഷകളെ ശരിവയ്ക്കുന്നതാണ്. നേരത്തെയെത്തിയ മോഷന്‍ പോസ്റ്ററും മികച്ചതായിരുന്നു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ്. ഷറിസ് മുഹമ്മദും ജെബിന്‍ ജോസഫ് ആന്റണിയും ചേര്‍ന്നാണ് രചന. ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. വിഷ്ണു ശര്‍മ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സാഗര്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

DONT MISS
Top