339 രൂപയുടെ ഓഫര്‍ എല്ലാ അര്‍ഥത്തിലും നേട്ടം; മൂന്നുലക്ഷത്തോളം പുതിയ ഉപഭോക്താക്കള്‍; ബിഎസ്എന്‍എല്ലിന് വരുമാന വര്‍ദ്ധന, ഉപഭോക്താക്കള്‍ക്ക് അതിലേറെ സന്തോഷം

കാര്യംപറഞ്ഞാല്‍ ബിഎസ്എന്‍എല്ലിനെ കുറ്റം പറയാത്തവര്‍ ചുരുക്കമാണ്. റേഞ്ച് ഉണ്ടെങ്കിലും കോള്‍ പോകുന്നില്ല, കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ വട്ടാകും എന്നൊക്കെ പല കാലങ്ങളിലായി കമ്പനി നേരിടുന്ന ആക്ഷേപമാണ്. ഇന് ഇന്റര്‍നെറ്റിനേക്കുറിച്ച് ചോദിച്ചാലോ, അത് കിട്ടിയാലല്ലേ സ്പീഡ് നോക്കാന്‍ പറ്റൂ എന്നാവും ഉത്തരം. എന്നാല്‍ അതെല്ലാം കഴിഞ്ഞ കഥ, കമ്പനി ഇപ്പോള്‍ വേറെ ലെവലാണ്!

ഒന്നാലോചിക്കുകയാണെങ്കില്‍ ഉപഭോക്താവിന് ഇത്ര നേട്ടം തന്ന വേറെ ഏത് നെറ്റ് വര്‍ക്കാണ് ഇവിടെയുള്ളത്? സ്വകാര്യ കമ്പനികള്‍ ഉപഭോക്താവിനെ പിഴിഞ്ഞ് നീരെടുത്തപ്പോള്‍ ബിഎസ്എന്‍എല്‍ നല്ല ഓഫറുകള്‍ തന്നു. കുറഞ്ഞ തുകയ്ക്കുതന്നെ മുഴുവന്‍ ടോക് ടൈമും തന്നു. 2ജി ഒഴിവാക്കി എല്ലാ നെറ്റ് ഓഫറും 3ജിയില്‍ തന്നു. സര്‍വ കാട്ടിലും മേട്ടിലും റേഞ്ച് തന്നു. എല്ലാറ്റിനുമുപരിയായി മറ്റു കമ്പനികള്‍ക്കില്ലാത്ത ഒരു മാന്യതയുംകൂടെ കാണിച്ചു- മനുഷ്യനെ പറ്റിക്കാതിരിക്കല്‍. ഡേറ്റ ഉപയോഗിച്ചാല്‍ കൃത്യമായ കണക്കുകാണിക്കും ബിഎസ്എന്‍എല്‍. 10 എംബി ഉളള ഡൗണ്‍ലോഡിംഗ് നടത്തിയാല്‍ 20 എംബി ഉപയോഗിച്ചു എന്ന് കാണിക്കില്ല ബിഎസ്എന്‍എല്‍. ഇപ്പോള്‍ 3ജി ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചുവാങ്ങിയ പുതിയ ഓഫറും.

ജിയോ വന്ന് വിപണിയില്‍ മത്സരം മുറുക്കിയപ്പോള്‍ മറ്റെല്ലാ കമ്പനികളും ഉപഭോക്താക്കളെ പിടിക്കാനുള്ള നെട്ടോട്ടത്തിലായി. എല്ലാവരും 4ജി ഫോണുള്ള ഉപഭോക്താക്കളെ മാത്രം ശ്രദ്ധിച്ചപ്പോള്‍ മറ്റ് ഫോണുകള്‍ ഉള്ള ആളുകളെല്ലാം പറ്റിക്കപ്പെട്ടവരായി. ഒരേ തുകയ്ക്ക് ജിബിക്കണക്കിന് 4ജി ഡേറ്റയും അതേ ഓഫര്‍ 3ജി ഫോണില്‍ ഉപയോഗിച്ചാല്‍ വെറും എംബി കണക്കിലുള്ള ഡേറ്റയും തരുന്ന പ്ലാനുകളും നാണംകെട്ട ഒരു സ്വകാര്യ കമ്പനി പുറത്തിറക്കി. അവിടെയും 3ജി ഫോണ്‍ ഉപയോഗിച്ചവര്‍ പറ്റിക്കപ്പെട്ടവരായി. എന്നാല്‍ ബിഎസ്എന്‍എല്‍ അവിടെയും ഉപഭോക്താക്കളെ ചേര്‍ത്തുനിര്‍ത്തി.

നിലവിലുള്ള ഉപഭോക്താക്കളെ ബിഎസ്എന്‍എല്‍ സന്തോഷിപ്പിച്ചു എന്നതുമാത്രമല്ല ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. 2,88,399 പുതിയ മൊബൈല്‍ വരിക്കാരാണ് കമ്പനിയിലേക്ക് കടന്നുവന്നിരിക്കുന്നത്. ജിയോ കൊടുങ്കാറ്റില്‍ മറ്റ് നെറ്റ് വര്‍ക്കുകള്‍ അടിപതറിയപ്പോള്‍ അവര്‍ക്കൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്ത നേട്ടമാണിത്. ജിയോ ഒഴിച്ചുള്ള മറ്റ് സ്വകാര്യ കമ്പനികളെ സംബന്ധിച്ച് ഇത്ര വലിയ ഒരു സംഖ്യ കേട്ടാല്‍ അത് അത്രയും ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോയി എന്നാവും.

3ജി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച 339 രൂപയുടെ പ്ലാന്‍ വന്‍ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനും ബിഎസ്എന്‍എല്ലിനായി. 150000 ജിബി ഡേറ്റവരെ ഉപഭോക്താക്കള്‍ എടുത്ത ദിവസങ്ങളുണ്ടാകുന്നത ബിഎസ്എന്‍എല്ലിന്റെ ചരിത്രത്തിലാദ്യമാണ്. ലാന്‍ഡ് ഫോണിലെ പ്രതാപം വീണ്ടെടുക്കുന്നതിനോടൊപ്പം പുതിയ ബ്രോഡ്ബാന്റ് കണക്ഷനുകള്‍ കൊടുക്കാനും കമ്പനി ഇപ്പോള്‍ ശ്രദ്ധചെലുത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top